ബൈപോളാര്‍ ഡിസോഡറിന് മാജിക് മഷ്റൂം ഉപയോഗിച്ച് സ്വയം ചികിത്സ; ആശുപത്രിയിലായി യുവാവ്

By Web TeamFirst Published Jan 19, 2021, 11:52 AM IST
Highlights

ബൈപോളാര്‍ തകരാറിന് മരുന്നുകള്‍ കഴിക്കുന്നതിനിടയിലായിരുന്നു യുവാവിന്‍റെ സ്വയം ചികിത്സ. മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തിയ ശേഷം സ്വന്തമായി കണ്ടെത്തിയ ചികിത്സാ രീതിയാണ് യുവാവിനെ മരണാസന്നനാക്കിയത്.

ബൈപോളാര്‍ ഡിസോര്‍ഡര്‍ പരിഹരിക്കാനായി മാജിക് മഷ്റൂം ചായ ഞരമ്പില്‍ കുത്തിവച്ച യുവാവ് ഗുരുതരാവസ്ഥയില്‍. മാജിക് മഷ്റൂം എന്ന പേരില്‍ സാധാരണമായി അറിയപ്പെടുന്ന സൈക്കഡെലിക് മഷ്റൂം ഉപയോഗിച്ചുള്ള ചായയാണ് യുവാവിനെ കുഴപ്പത്തിലാക്കിയത്. അമേരിക്കന്‍ സ്വദേശിയായ മുപ്പതുകാരന്‍റെ രക്തത്തില്‍ ഫംഗസ് ബാധിച്ചതോടെ കരള്‍, വൃക്ക അടക്കമുള്ള അവയവങ്ങള്‍ തകരാറിലായത്. 

ഫംഗസുകള്‍ യുവാവിന്‍റെ ശരീരത്തിലും വളര്‍ന്നുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. മള്‍ട്ടി സിസ്റ്റം ഫെയിലര്‍ ആയതിന് പിന്നാലെ 22 ദിവസമാണ് യുവാവിന് ആശുപത്രിയില്‍ കഴിയേണ്ടി വന്നത്. ഇതില്‍ ഏഴുദിവസം അത്യാഹിത വിഭാഗത്തിലായിരുന്നു. യുവാവ് ആശുപത്രി വാസത്തില്‍ നിന്ന് മുക്തനായെങ്കിലും ആന്‍റി ഫംഗല്‍ ആയിട്ടുള്ള ആന്‍റി ബയോട്ടിക്കുകള്‍ ഏറെക്കാലം കഴിക്കേണ്ടി വരുമെന്ന നിരീക്ഷണമാണ് ആരോഗ്യ വിദഗ്ധര്‍ നടത്തുന്നത്. അക്കാദമി ഓഫ് കണ്‍സള്‍ട്ടേഷന്‍ ലൈസണ്‍ സൈക്ക്യാട്ട്രിയുടെ ജേണലിലാണ് യുവാവിന്‍റെ രോഗ വിവരത്തേക്കുറിച്ച് വിശദമാക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ബൈപോളാര്‍ തകരാറിന് മരുന്നുകള്‍ കഴിക്കുന്നതിനിടയിലായിരുന്നു യുവാവിന്‍റെ സ്വയം ചികിത്സ. മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തിയ ശേഷം സ്വന്തമായി കണ്ടെത്തിയ ചികിത്സാ രീതിയാണ് യുവാവിനെ മരണാസന്നനാക്കിയത്. സൈക്കഡെലിക് മഷ്റൂമിലുള്ള സിലോസൈബിന്‍ എന്ന വസ്തുവിനേക്കുറിച്ച് അറിവ് ലഭിച്ചതോടെയാണ് മഷ്റൂം ചായ തയ്യാറാക്കാന്‍ യുവാവ് തുടങ്ങിയത്. ഫില്‍റ്റര്‍ ചെയ്തുണ്ടാക്കിയ ഈ ചായ ഞരമ്പുകളിലേക്കാണ് കുത്തിവച്ചത്. ഏറെതാമസിയാതെ വയറിളക്കവും രക്തം ഛര്‍ദ്ദിക്കാനും യുവാവ് ആരംഭിച്ചു. ഇതിന് പിന്നാലെ യുവാവിന്‍റെ തൊലിയുടെ നിറം മഞ്ഞയാകാനും തുടങ്ങി. 

ഇതോടെ യുവാവിന്‍റെ ബന്ധുക്കള്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ച് ആദ്യം മരുന്നുകളോട് യുവാവിന്‍റെ ശരീരം പ്രതികരിച്ചില്ല, പിന്നാലെ ആന്തരികാവയവങ്ങള്‍ പണിമുടക്കാനും തുടങ്ങി. ഇതിനിടയില്‍ നടത്തിയ പരിശോധനയിലാണ് മൈക്രോബാ ബ്രവിബാസിലസില്‍ നിന്നുള്ള ബാക്ടീരിയല്‍ ഇന്‍ഫെക്ഷനും സിലോസൈബ് ക്യുബെനിസിസ് മൂലമുള്ള ഫംഗല്‍ ഇന്‍ഫെക്ഷനും കണ്ടെത്തിയത്. ഇതോടെയാണ് കാര്യങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ക്ക് വിശദമായത്. 

click me!