20 വര്‍ഷമായി മടക്കുമായി ജീവിച്ച മനുഷ്യന്‍ ഒടുവില്‍ നിവര്‍ന്നു!

By Web TeamFirst Published Dec 16, 2019, 11:29 PM IST
Highlights

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി വളരെ ഗുരുതരമായ അവസ്ഥയിലൂടെയായിരുന്നു ലീയുടെ ശരീരം കടന്നുപോയത്. 2018ല്‍ ലീയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകം അറിഞ്ഞതോടെ പലരും സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന കാരണത്താല്‍ ശസ്ത്രക്രിയ നടത്താന്‍ തയ്യാറായി ഡോക്ടര്‍മാര്‍ ആരും രംഗത്തുവന്നില്ല

മുഖം തുടകളോട് അഭിമുഖമായി വരത്തക്ക രീതിയില്‍ നടു മടങ്ങിപ്പോകുന്ന അവസ്ഥ. ഒന്നോര്‍ത്തുനോക്കൂ, എത്ര ദാരുണമാണ് ആ അവസ്ഥ. ചൈനക്കാരനായ ലീ ഹ്വാ എന്ന നാല്‍പത്തിയാറുകാരന്‍ കഴിഞ്ഞ 20 വര്‍ഷമായി ഇങ്ങനെയാണ് ജീവിക്കുന്നത്. 

'Ankylosing spondylitid' എന്ന അസുഖത്തെ തുടര്‍ന്നാണ് ലീയുടെ നടു അല്‍പാല്‍പമായി വളഞ്ഞുവരാന്‍ തുടങ്ങിയത്. ജനിതകമായ തകരാര്‍ മൂലമാണ് ഇത് ബാധിക്കുന്നത്. 1991ലാണ് ലീയ്ക്ക് ഈ അസുഖമുണ്ടെന്ന് കണ്ടെത്തിയത്. അന്ന് ലീയ്ക്ക് 18 വയസാണ്.

Latest Videos

അപ്പോള്‍ മുതല്‍ ചികിത്സ നടത്തിവരികയും, പല തവണ ചെറിയ ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്‌തെങ്കിലും ഒന്നും ഫലം കണ്ടില്ല. തുടര്‍ന്ന് ചികിത്സിക്കാന്‍ സാമ്പത്തികാവസ്ഥയില്ലാഞ്ഞതിനെ തുടര്‍ന്ന് ലീയും കുടുംബവും എല്ലാ പ്രതീക്ഷകളും കൈവിട്ട് ജീവിക്കുകയായിരുന്നു. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി വളരെ ഗുരുതരമായ അവസ്ഥയിലൂടെയായിരുന്നു ലീയുടെ ശരീരം കടന്നുപോയത്. 2018ല്‍ ലീയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകം അറിഞ്ഞതോടെ പലരും സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന കാരണത്താല്‍ ശസ്ത്രക്രിയ നടത്താന്‍ തയ്യാറായി ഡോക്ടര്‍മാര്‍ ആരും രംഗത്തുവന്നില്ല. 

പക്ഷേ ഇക്കഴിഞ്ഞ മെയില്‍ ഷെന്‍സെനിലുള്ള ഒരാശുപത്രിയിലെ വിദഗ്ധ സംഘം തങ്ങള്‍ ശസ്ത്രക്രിയ നടത്താമെന്ന് ലീയ്ക്കും കുടുംബത്തിനും ഉറപ്പ് നല്‍കി. തുടര്‍ന്നാണ് ഡോ. താവോയുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട നിര്‍ണ്ണായകമായ ശസ്ത്രക്രിയ നടന്നത്. അത് വിജയം കാണുക തന്നെ ചെയ്തു. 

ഇപ്പോള്‍ ലീ സുഖം പ്രാപിച്ചുവരികയാണ്. മൂന്ന് മാസത്തിനകം മറ്റ് സഹായങ്ങളില്ലാതെ ലീയ്ക്ക് തനിയെ നടക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്. ഡോ. താവോയ്ക്കും അമ്മയ്ക്കുമാണ് ഈ അവസരത്തില്‍ നന്ദി പറയുന്നതെന്നും ഈ രണ്ട് വ്യക്തികളും ഇല്ലായിരുന്നെങ്കില്‍ തനിക്ക് ജീവിതം നഷ്ടപ്പെടുമായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന ലീ പറയുന്നു. 

click me!