തലച്ചോറില്‍ 9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; സാക്സോഫോണ്‍ വായിച്ച് രോഗി...

By Web TeamFirst Published Oct 15, 2022, 6:46 PM IST
Highlights

ശസ്ത്രക്രിയയുടെ വേദന രോഗി അറിയില്ല. എന്നാല്‍ ബോധം ഉണര്‍ന്നിരിക്കുകയും ചെയ്യും. ഇങ്ങനെയാണ് രോഗിയെ തയ്യാറാക്കുന്നത്. മ്യുസീഷ്യനായതുകൊണ്ട് തന്നെ റോമിലെ കേസില്‍ രോഗി ശസ്ത്രക്രിയ തീരും വരെ സാക്സോഫോണ്‍ എന്ന സംഗീതോപകരണം വായിക്കുകയായിരുന്നുവത്രേ. 

തലച്ചോറില്‍ ചെറിയൊരു സര്‍ജറിയാണ് നടത്തുന്നതെങ്കില്‍ പോലും അതിനുള്ള വെല്ലുവിളികള്‍ നിസാരമല്ല. ശരീരത്തിന്‍റെ മറ്റ് അവയവങ്ങളില്‍ നിന്ന് വ്യത്യസ്തമായി നേരിയൊരു പിഴവോ, നേരിയൊരു മാറ്റമോ പോലും രോഗിയുടെ പിന്നീടുള്ള ജീവിതത്തെ വളരെയധികം ബാധിക്കാമെന്നതിനാലാണ് തലച്ചോറിലെ ശസ്ത്രക്രിയ അത്രമാത്രം വെല്ലുവിളികള്‍ നിറഞ്ഞതാകുന്നത്. 

ഇത്തരത്തില്‍ തലച്ചോറിലെ ശസ്ത്രക്രിയ രോഗിയുടെ പിന്നീടുള്ള ജീവിതത്തെ ബാധിക്കാതിരിക്കാൻ, രോഗിയില്‍ മറ്റ് തകരാറുകളൊന്നും ശസ്ത്രക്രിയ വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇന്ന് ലോകത്തിന്‍റെ പലയിടങ്ങളിലും ശസ്ത്രക്രിയ നടത്തുന്ന അത്രയും സമയം രോഗിയെ ഉണര്‍ത്തിക്കിടത്തി രോഗിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കാറുണ്ട്. 

രോഗിയുടെ സംസാരിക്കാനും, കണക്ക് കൂട്ടാനും, ഓര്‍മ്മകളിലേക്ക് പോകാനും, വായിക്കാനും, മറ്റ് കഴിവുകള്‍ക്കുമെല്ലാമുള്ള ശക്തി നഷ്ടപ്പെടുന്നില്ലെന്നും അല്ലെങ്കില്‍ ബാധിക്കപ്പെടുന്നില്ലെന്നും ശസ്ത്രക്രിയയുടെ സമയത്ത് തന്നെ വിലയിരുത്താന്‍ ഇതിലൂടെ സാധിക്കും.

അത്തരമൊരു സംഭവമാണ് ഇറ്റലിയിലെ റോമില്‍ നിന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മ്യുസീഷ്യനായ ഒരാളുടെ തലച്ചോറില്‍ നിന്ന് ചെറിയൊരു മുഴ നീക്കം ചെയ്യുന്നതിനായി ഇദ്ദേഹത്തെ ശസ്ത്രക്രിയ നടന്ന ഒമ്പത് മണിക്കൂറും ഇദ്ദേഹത്തെ ഡോക്ടര്‍മാരുടെ സംഘം ഉണര്‍ത്തിക്കിടത്തിയിരിക്കുകയാണ്.

ശസ്ത്രക്രിയയുടെ വേദന രോഗി അറിയില്ല. എന്നാല്‍ ബോധം ഉണര്‍ന്നിരിക്കുകയും ചെയ്യും. ഇങ്ങനെയാണ് രോഗിയെ തയ്യാറാക്കുന്നത്. മ്യുസീഷ്യനായതുകൊണ്ട് തന്നെ റോമിലെ കേസില്‍ രോഗി ശസ്ത്രക്രിയ തീരും വരെ സാക്സോഫോണ്‍ എന്ന സംഗീതോപകരണം വായിക്കുകയായിരുന്നുവത്രേ. 

ഇതിലൂടെ രോഗിയുടെ തലച്ചോര്‍ സുരക്ഷിതമായാണ് ഇരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് വിലയിരുത്താൻ സാധിച്ചു. വളരെ പ്രശസ്തമായൊരു സിനിമാഗാനവും ഇറ്റലിയുടെ ദേശീയാനവും ആയിരുന്നുവത്രേ ഇദ്ദേഹം ശസ്ത്രക്രിയ തീരും വരെ സാക്സോഫോണില്‍ വായിച്ചത്. 

ശസ്ത്രക്രിയ നടക്കുന്ന സമയത്ത് താൻ ടെൻഷൻ അനുഭവിച്ചില്ലെന്നും പേടി തോന്നിയിരുന്നില്ലെന്നും പകരം വളരെയധികം ശാന്തതയാണ് അനുഭവിച്ചതെന്നും രോഗി പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച് ഇദ്ദേഹമിപ്പോള്‍ ആശുപത്രി വിട്ടുകഴിഞ്ഞു. ഇതിന് ശേഷമാണ് ഡോക്ടര്‍മാരുടെ സംഘം സംഭവം വിശദീകരിച്ച് പ്രസ് റിലീസ് തയ്യാറാക്കി ഏവരെയും ഇക്കാര്യം അറിയിച്ചത്. 

Also Read:- ഉയരം ആറടിയിലധികമാക്കാൻ ശസ്ത്രക്രിയ; ഒടുവിൽ വലിയ തുകയ്ക്ക് കടക്കാരനായി ഒരാള്‍

click me!