ആര്‍ത്തവമില്ലെങ്കിലും ആണിനുമുണ്ട് ചില 'ആര്‍ത്തവപ്രശ്‌നങ്ങള്‍'...

By Web TeamFirst Published Jun 6, 2019, 11:20 PM IST
Highlights

ചില പുരുഷന്മാരും ചില സമയങ്ങളില്‍ ആര്‍ത്തവമടുക്കാറായ സ്ത്രീകളെ പോലെ പെരുമാറാറുണ്ട്. ഇക്കാര്യം എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?  'മൂഡ് സ്വിംഗ്‌സ്' ആണ് ഇതിലെ പ്രധാന വിഷയം

പെണ്‍ സുഹൃത്തുക്കള്‍ പതിവില്ലാതെ ദേഷ്യപ്പെടുകയോ, അസ്വസ്ഥതപ്പെടുകയോ ഒക്കെ ചെയ്യുമ്പോള്‍ നമ്മള്‍ പെട്ടെന്ന് തന്നെ അവരുടെ ആര്‍ത്തവപ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ട്. പണ്ടുകാലത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തരം കാര്യങ്ങളില്‍ മിക്കവാറും പേര്‍ക്കും വേണ്ടത്ര അവബോധമുണ്ട് എന്നതിനാലാണ് ഇത്.

ആര്‍ത്തവത്തിന് മുന്നോടിയായി സ്ത്രീകളില്‍ കാണുന്ന മാനസികവും ശാരീരികവുമായ അസ്വസ്ഥതകളെ പിഎംഎസ് (പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം) എന്നാണ് വിളിക്കുന്നത്. ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നാണ് പിഎംഎസ് ഉണ്ടാകുന്നത്. ഇങ്ങനെയുള്ള അവസരങ്ങളില്‍ കൃത്യമായ ശ്രദ്ധയും കരുതലുമെല്ലാം സ്ത്രീകള്‍ക്കാവശ്യമാണ്. 

പുരുഷനെ സംബന്ധിച്ച് അവന് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്ല. എന്നാല്‍ ചില പുരുഷന്മാരും ചില സമയങ്ങളില്‍ ആര്‍ത്തവമടുക്കാറായ സ്ത്രീകളെ പോലെ പെരുമാറാറുണ്ട്. ഇക്കാര്യം എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?  'മൂഡ് സ്വിംഗ്‌സ്' ആണ് ഇതിലെ പ്രധാന വിഷയം. അതായത്, പുരുഷനും പിഎംഎസിന് സമാനമായ ചില അവസ്ഥകളുണ്ടാകുന്നുണ്ട് എന്നാണ് മനശാസ്ത്രവിദഗ്ധര്‍ വിലയിരുത്തുന്നത്. ഐഎംഎസ് (ഇറിറ്റബിള്‍ മെയില്‍ സിന്‍ഡ്രോം) എന്നാണത്രേ ഇതിന് പറയുക. 

ഇതും ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് സംഭവിക്കുന്നത്. ജെഡ് ഡയമണ്ട് എന്ന സൈക്കോതെറാപിസ്റ്റ് ആണ് ആദ്യമായി ഐഎംഎസിനെ കുറിച്ച് വിശദീകരിച്ചത്. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവില്‍ വരുന്ന മാറ്റമാണത്രേ ഐഎംഎസിന് കാരണമാകുന്നത്. വൈകാരികമായി പെട്ടെന്ന് പ്രശ്‌നത്തിലാകുക, വിഷാദം, ടെന്‍ഷന്‍, അസ്വസ്ഥത- എന്നിങ്ങനെ സ്ത്രീകളുടെ ആര്‍ത്തവപ്രശ്‌നങ്ങളോട് സമാനമായ ഒരുപിടി പ്രശ്‌നങ്ങളാണ് ഐഎംഎസിന്റെ സമയത്ത് പുരുഷന്മാരും അനുഭവിക്കുന്നത്. 

ഡയറ്റില്‍ വരുന്ന വ്യത്യാസമോ, 'ബയോകെമിക്കല്‍' വ്യതിയാനങ്ങളോ, പ്രായമാകുന്നതോ ഒക്കെ ഹോര്‍മോണ്‍ അളവില്‍ മാറ്റമുണ്ടാകാന്‍ ഇടയാക്കും. അപ്പോഴെല്ലാം ഐഎംഎസിനുള്ള സാധ്യതകള്‍ തുറക്കും. എന്നാല്‍ സ്ത്രീകളിലെ മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തോതില്‍ പുരുഷന്മാരിലെ ഐഎംഎസ് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അതിനാല്‍ തന്നെ ഇവയെക്കുറിച്ച് വേണ്ടത്ര ബോധ്യം ആളുകളിലുണ്ടാവുകയുമില്ല. ഇത് പുരുഷന്‍ അനുഭവിക്കുന്ന 'സ്‌ട്രെസ്' വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നുണ്ട് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സ്ത്രീകളില്‍ പിഎംഎസ് ഉണ്ടാകുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന അതേ പരിഗണന തന്നെ ഐഎംഎസ് ഉണ്ടാകുമ്പോള്‍ ഒരു പുരുഷനും ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്...

click me!