'തടി കൂടുതലെന്ന് പറഞ്ഞ് കാമുകന്‍ ഉപേക്ഷിച്ചതോടെ നേരം തെളിഞ്ഞു'

By Web TeamFirst Published Feb 28, 2020, 2:56 PM IST
Highlights

രണ്ട് വര്‍ഷം മുമ്പ് വരെ മറ്റൊരു ലോകത്തായിരുന്നു ജെന്‍. ഇഷ്ടമുള്ള ഭക്ഷണം, സുഹൃത്തുക്കള്‍, കറക്കം ഇതിനിടെ കാമുകനും. ഇഷ്ടാനുസരണം യാതൊരു നിയന്ത്രണവുമില്ലാതെയുള്ള ജീവിതമായിരുന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യവും അങ്ങനെ തന്നെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. 108 കിലോ ആയിരുന്നു അക്കാലത്ത് ജെന്നിന്റെ തൂക്കം

ശരീരത്തിന്റെ കാഴ്ചയെ വച്ച് മാത്രം വ്യക്തികളെ വിലയിരുത്തുന്ന പ്രവണത ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ വ്യാപകമാണ്. കാണാന്‍ തടിച്ചിരിക്കുന്നതോ ഇരുണ്ടിരിക്കുന്നതോ വെളുത്തിരിക്കുന്നതോ ഒന്നുമല്ല വ്യക്തിയുടെ മൂല്യമെന്ന തിരിച്ചറിവിലേക്ക് എത്താന്‍ പലപ്പോഴും നമുക്കാകുന്നില്ല എന്നതാണ് സത്യം. 

അതുകൊണ്ട് തന്നെയാണ് 'ബോഡി ഷെയിമിംഗ്'ന് എതിരെ എത്ര പറഞ്ഞാലും, വീണ്ടും അത്തരം അനുഭവങ്ങള്‍ തന്നെ പലര്‍ക്കും നേരിടേണ്ടിവരുന്നത്. ഇത് നമ്മുടെ നാടിന്റെ മാത്രം പ്രശ്‌നമെന്ന് കരുതേണ്ടതില്ല. പല വിദേശരാജ്യങ്ങളിലേയും അവസ്ഥ ഇതൊക്കെത്തന്നെയാണ്. 'സീറോ സൈസ്', 'വെളുപ്പ്' എന്നിവയെല്ലാമാണ് വ്യക്തിയെ വിലയിരുത്താനുള്ള അടിസ്ഥാന മാനദണ്ഡങ്ങളായി ഇത്തരത്തിലുള്ള സമൂഹങ്ങള്‍ കണക്കാക്കുന്നത്. 

ചില അവസരങ്ങളിലെങ്കിലും വാശിയോടെ സ്വയം മുന്നേറാനും ഇത്തരത്തിലുള്ള പരിഹാസങ്ങളും മാറ്റിനിര്‍ത്തലുകളും ആളുകളെ പ്രേരിപ്പിക്കാറുണ്ട്. അങ്ങനെയൊരു കഥയാണ് മിസ് ഗ്രേറ്റ് ബ്രിട്ടന്‍ 2020 ആയി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയാറുകാരിയായ ജെന്‍ അറ്റ്കിന് പറയാനുള്ളത്. 

രണ്ട് വര്‍ഷം മുമ്പ് വരെ മറ്റൊരു ലോകത്തായിരുന്നു ജെന്‍. ഇഷ്ടമുള്ള ഭക്ഷണം, സുഹൃത്തുക്കള്‍, കറക്കം ഇതിനിടെ കാമുകനും. ഇഷ്ടാനുസരണം യാതൊരു നിയന്ത്രണവുമില്ലാതെയുള്ള ജീവിതമായിരുന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യവും അങ്ങനെ തന്നെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. 108 കിലോ ആയിരുന്നു അക്കാലത്ത് ജെന്നിന്റെ തൂക്കം.

പലരും തടിയെക്കുറിച്ച് പറഞ്ഞ് കളിയാക്കുമായിരുന്നു. എന്നാല്‍ അപ്പോഴൊന്നും താല്‍ക്കാലികമായ ദുഖത്തില്‍ കവിഞ്ഞൊരു നിരാശയിലേക്ക് ജെന്‍ വീണിരുന്നില്ല. എന്നാല്‍ സ്വന്തം കാമുകന്റെ വായില്‍ നിന്ന് തന്നെ ഒടുവില്‍ ജെന്നിന് അത് കേള്‍ക്കേണ്ടിവന്നു. തടിച്ചിരിക്കുന്നതിനാല്‍ എനിക്ക് നിന്നെ വേണ്ടെന്ന് പറഞ്ഞ് അയാള്‍ പോയതോടെ ജെന്‍ കടുത്ത വിഷാദത്തിലേക്ക് വീണു. 

തുടര്‍ന്ന് ആഴ്ചകളോളം കരച്ചിലും വീട്ടില്‍ തന്നെ ഇരിപ്പുമായിരുന്നു. ആ സമയത്ത് നിരാശ മാറ്റാന്‍ കൂടുതല്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. അവസാനം, വസ്ത്രങ്ങളൊന്നും കയറാതായപ്പോഴാണ് തനിക്ക് ബോധോദയമുണ്ടായതെന്ന് ജെന്‍ പറയുന്നു. ഏത് കാരണത്താലാണോ കാമുകന്‍ ഉപേക്ഷിച്ചത്, അതേ കാരണത്തെ അഭിസംബോധന ചെയ്യണമെന്ന് ജെന്‍ തീരുമാനിച്ചു. 

രണ്ടേരണ്ട് വര്‍ഷം കഠിനമായി പ്രയത്‌നിച്ചു. ശരീരത്തിന്റെ വണ്ണമൊന്ന് കുറച്ച് അല്‍പം 'ഫിറ്റ്' ആകണമെന്നേ ജെന്‍ നിശ്ചയിച്ചിരുന്നുള്ളൂ. സൗന്ദര്യമത്സരങ്ങളോ, പുരസ്‌കാരങ്ങളോ ഒന്നും സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടും ചിട്ടയായ ജീവിതശൈലിയുമൊക്കെ ആയപ്പോള്‍ ജെന്‍ തീര്‍ത്തും മറ്റൊരാളായി മാറുകയായിരുന്നു. 108 കിലോയില്‍ നിന്ന് തൂക്കം 50 കിലോയിലെത്തി. 

ശരീരം 'ഫിറ്റ്' ആയതോടെ ആത്മവിശ്വാസവും സന്തോഷവും വര്‍ധിച്ചു. എങ്കിലും ഒട്ടും പ്രതീക്ഷിക്കാതെയാണ്  ജെന്‍ മിസ് ഗ്രേറ്റ് ബ്രിട്ടന്‍ മത്സരത്തിനെത്തുന്നത്. നാല്‍പത്തിയഞ്ച് മത്സരാര്‍ത്ഥികളോട് മത്സരിച്ച് വിജയിച്ചാണ് ഇപ്പോള്‍ ജെന്‍ ഈ പട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 

തടി കൂടിയതിന്റെ പേരില്‍ പരിഹാസവും കുത്തുവാക്കുകളും ഏറെ കേട്ടിട്ടുണ്ടെങ്കിലും കാമുകന്‍ ഉപേക്ഷിച്ചത് തന്നെയായിരുന്നു വഴിത്തിരിവായതെന്ന് ജെന്‍ പറയുന്നു. അയാള്‍ ഉപേക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ താനിവിടെയൊന്നും എത്തുകയില്ലായിരുന്നുവെന്നും ഇപ്പോള്‍ അക്കാര്യമോര്‍ക്കുമ്പോള്‍ സന്തോഷമാണെന്നും ജെന്‍ പറയുന്നു.

click me!