വൃക്കയെ ബാധിക്കുന്ന ക്യാൻസർ നിർണ്ണയിക്കാൻ ആധുനിക സംവിധാനങ്ങൾ സജ്ജം: യൂറോളജി ഡോക്ടർമാരുടെ സമ്മേളന വിലയിരുത്തൽ

Published : Aug 12, 2023, 05:45 PM ISTUpdated : Aug 12, 2023, 05:50 PM IST
വൃക്കയെ  ബാധിക്കുന്ന ക്യാൻസർ നിർണ്ണയിക്കാൻ ആധുനിക സംവിധാനങ്ങൾ സജ്ജം: യൂറോളജി ഡോക്ടർമാരുടെ സമ്മേളന വിലയിരുത്തൽ

Synopsis

യൂറോളജി ഡോക്ടർമാരുടെ ത്രിദിന  ദക്ഷിണമേഖലാ സമ്മേളനം  ആരംഭിച്ചു 

തിരുവനന്തപുരം : വൃക്കകളെ ബാധിക്കുന്ന ക്യാൻസർ  രോഗം വളരെ  നേരത്തെ തന്നെ  കണ്ടെത്തുന്നതിനും  പരിഹരിക്കുന്നതിനുമുള്ള  നൂതന സംവിധാനങ്ങൾ ഇന്ന് ചികിത്സാ രംഗത്ത് സജ്ജമാണെന്ന്  യൂറോളജി ഡോക്ടർമാരുടെ ദക്ഷിണമേഖലാ സമ്മേളനം വിലയിരുത്തി. തിരുവനന്തപുരത്ത് കഴിഞ്ഞ  ദിവസം ആരംഭിച്ച  യൂറോളജി ഡോക്ടർമാരുടെ ത്രിദിന  ദക്ഷിണമേഖലാ സമ്മേളനത്തിലാണ് ക്യാൻസർ ചികിത്സയിലെ മുന്നേറ്റങ്ങൾ വിലയിരുത്തപ്പെട്ടത്. 

ആദ്യഘട്ടത്തിൽ കണ്ടെത്താൻ  സാധിക്കുന്ന  വൃക്കയിലെ  മുഴകൾ  നൂതന സാങ്കേതിക വിദ്യയിലൂടെ ,താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം  ചെയ്യാൻ  സാധിക്കുമെന്നും  രാജ്യത്തെ പ്രമുഖ യൂറോളജിസ്റ്റുകൾ അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ വൃക്കകളിൽ ക്യാൻസർ  രോഗനിർണ്ണയം ഉണ്ടായാൽ വൃക്കകൾ തന്നെ  നീക്കം ചെയ്യേണ്ട സ്‌ഥിതി വിശേഷമാണ് ഉണ്ടായിരുന്നത്. എന്നാൽ  ഇന്ന്  അതിനു മാറ്റം വന്നിട്ടുണ്ടെന്ന് സമ്മേളനത്തിൽ  അവതരിപ്പിക്കപ്പെട്ട  പ്രബന്ധങ്ങൾ  വ്യക്തമാക്കി.  

തിരുവനന്തപുരത്ത്, കോവളം  ഉദയസമുദ്ര ഹോട്ടലിൽ ആഗസ്റ്റ് 13 വരെ നീണ്ടുനിൽക്കുന്ന  സമ്മേളനം പ്രമുഖ യൂറോളജിസ്റ്റു   ഡോ. ശശിധരൻ കെ ഉത്ഘാടനം  ചെയ്തു. ഡോ. അവടിയപ്പൻ ചടങ്ങിൽ  അധ്യക്ഷനായിരുന്നു. ഡോ സൂര്യപ്രകാശ്, ഡോ. റെനു തോമസ്, ഡോ. വാസുദേവൻ,   ഡോ സഞ്ജയ് കുൽക്കർണി, ഡോ. ലക്ഷ്മൺ പ്രഭു എന്നിവർ പങ്കെടുത്തു. വൃക്കയിലും, പ്രൊസ്റ്റേറ്റ് ഗ്രന്ധിയിലും  ഉണ്ടാകുന്ന കാൻസർ, കല്ല് മുതലായ രോഗങ്ങൾ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലെ സങ്കീർണതകൾ, യൂറോളജിയിലെ  നൂതനചികിത്സാ മാർഗങ്ങൾ എന്നിവ വരും  ദിവസനങ്ങളിൽ സമ്മേളനത്തിൽ ചർച്ചാവിഷയമാകും.
 
ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുമായി എണ്ണൂറോളം പ്രതിനിധികളാണ്  മൂന്ന്  ദിവസം നീണ്ടു  നിൽക്കുന്ന  സമ്മേളനത്തിൽ  പങ്കെടുക്കുന്നത്. ചടങ്ങിൽ  യൂറോ  ഡയറിയും  അസോസിയേഷൻ ഓഫ് സതേൺ യൂറോളജിസിറ്റിൻ്റെ  ജേർണലും  പ്രകാശനം  ചെയ്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

Read more: കേരളത്തിൽ ഒരു ദിവസം പത്ത് പോക്സോ കേസെങ്കിലും റിപ്പോർട്ട് ചെയ്യുന്നു, ഞെട്ടിക്കുന്ന കണക്കുകൾ

വൃക്കയിലെ കാന്‍സര്‍ ; നാല് ഘട്ടങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം

' ഇന്ത്യയിൽ സാധാരണമായ അർബുദങ്ങളിൽ ഒന്നാണ് 'കിഡ്നി കാൻസർ' എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകൾ സൂചിപ്പിക്കുന്നു. കിഡ്നി കാൻസറിന് പ്രധാനമായും നാല് ഘട്ടങ്ങളാണ് ഉള്ളത്. ഇത് രോഗത്തിൻറെ വ്യാപ്തിയും വ്യാപനവും നിർണ്ണയിക്കാൻ സഹായിക്കുന്നു. ‌ഓരോ ഘട്ടത്തിനും വ്യത്യസ്ത ചികിത്സകൾ ആവശ്യമാണ്..' - ഡൽഹിയിലെ സികെ ബിർള ഹോസ്പിറ്റൽ (ആർ) നെഫ്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. വിക്രം കൽറ പറയുന്നു.

'കിഡ്നി കാൻസർ - ആദ്യത്തെ ഘട്ടം..'

ആദ്യത്തെ ഘട്ടത്തിൽ ട്യൂമർ പൊതുവെ ചെറുതും സാധാരണയായി 7 സെന്റിമീറ്ററിൽ താഴെ വ്യാസമുള്ളതുമാകും. ഈ ഘട്ടത്തിൽ, കാൻസർ വൃക്കയിൽ മാത്രം ഒതുങ്ങുന്നു. അടുത്തുള്ള ലിംഫ് നോഡുകളിലേക്കോ മറ്റ് അവയവങ്ങളിലേക്കോ പടരുന്നില്ല. ഘട്ടം 1 കിഡ്നി കാൻസറിനുള്ള ഏറ്റവും സാധാരണമായ ചികിത്സയാണ് ശസ്ത്രക്രിയ, മിക്ക കേസുകളിലും, നെഫ്രെക്ടമി എന്ന പ്രക്രിയയിലൂടെ മുഴുവൻ വൃക്കയും നീക്കം ചെയ്യാവുന്നതാണ്. ചില സന്ദർഭങ്ങളിൽ, ഒരു ഭാഗിക നെഫ്രെക്ടമി നടത്താം. അതിൽ ട്യൂമർ അടങ്ങിയിരിക്കുന്ന വൃക്കയുടെ ഭാഗം മാത്രം നീക്കം ചെയ്യുന്നു. സ്‌റ്റേജ് 1 കിഡ്‌നി കാൻസറിന്റെ അഞ്ച് വർഷത്തെ അതിജീവന നിരക്ക് ഏകദേശം 81% ആണ്.

'കിഡ്നി കാൻസർ - രണ്ടാമത്തെ ഘട്ടം'

കിഡ്നി കാൻസറിന്റെ രണ്ടാമത്തെ ഘട്ടത്തിൽ ട്യൂമർ 7 സെന്റിമീറ്ററിൽ കൂടുതലുള്ളതായി കാണപ്പെടുന്നു.  എന്നാൽ അപ്പോഴും വൃക്കയിൽ ഒതുങ്ങിനിൽക്കുന്നു. രണ്ടാം ഘട്ടത്തിൽ കിഡ്നി കാൻസറിനുള്ള പ്രധാന ചികിത്സയും ശസ്ത്രക്രിയയാണ്. എന്നിരുന്നാലും ട്യൂമറിന്റെ വലുപ്പവും സ്ഥാനവും അനുസരിച്ച് ഭാഗിക നെഫ്രെക്ടമി സാധ്യമാകണമെന്നില്ല. ചില സന്ദർഭങ്ങളിൽ, ഒരു റാഡിക്കൽ നെഫ്രെക്ടമി ആവശ്യമായി വന്നേക്കാം. അതിൽ മുഴുവൻ വൃക്കയും ചുറ്റുമുള്ള ടിഷ്യുവും നീക്കം ചെയ്യുന്നു. രണ്ടാം ഘട്ട കിഡ്നി കാൻസറിന്റെ അഞ്ച് വർഷത്തെ അതിജീവന നിരക്ക് ഏകദേശം 74% ആണ്.

'കിഡ്നി കാൻസർ - മൂന്നാമത്തെ ഘട്ടം'

 മൂന്നാം ഘട്ടത്തിൽ വൃക്ക ക്യാൻസറിൽ ട്യൂമർ വൃക്കയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുകയും അടുത്തുള്ള ലിംഫ് നോഡുകളിലേക്കോ അല്ലെങ്കിൽ അഡ്രീനൽ ഗ്രന്ഥി അല്ലെങ്കിൽ വെന കാവ പോലുള്ള മറ്റ് ടിഷ്യൂകളിലേക്കോ വ്യാപിക്കാം. മൂന്നാം ഘട്ടത്തിൽ കിഡ്‌നി കാൻസറിന്റെ അഞ്ച് വർഷത്തെ അതിജീവന നിരക്ക് ഏകദേശം 53 ശതമാനം ആണ്. കിഡ്നി കാൻസറിനുള്ള മൂന്നാം ഘട്ടത്തിന്റെ ചികിത്സയിൽ ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി എന്നിവ ഉൾപ്പെട്ടേക്കാം.

'കിഡ്നി കാൻസർ - നാലാമത്തെ ഘട്ടം'

കിഡ്നി കാൻസർ നാലാം എന്നത് ഏറ്റവും പുരോഗമിച്ച ഘട്ടമാണ്. ഈ ഘട്ടത്തിലെ കാൻസർ ശ്വാസകോശം, കരൾ അല്ലെങ്കിൽ അസ്ഥികൾ പോലുള്ള മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കുന്നു. ‌നാലാം ഘട്ട കിഡ്നി കാൻസറിന്റെ അഞ്ച് വർഷത്തെ അതിജീവന നിരക്ക് ഏകദേശം 8 ശതമാനം ആണ്. നാലാം ഘട്ടത്തിന്റെ വൃക്ക കാൻസറിനുള്ള ചികിത്സയിൽ ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി അല്ലെങ്കിൽ ഈ ചികിത്സകളുടെ സംയോജനം എന്നിവ ഉൾപ്പെട്ടേക്കാം.

'രോ​ഗം നേരത്തെയുള്ള കണ്ടെത്തലാണ് പ്രധാനം.. ' : ഡോ. കൽറ പറയുന്നു..

' ട്യൂമറിന്റെ വലുപ്പം, സ്ഥാനം, അടുത്തുള്ള ലിംഫ് നോഡുകളിലേക്കോ മറ്റ് അവയവങ്ങളിലേക്കോ പടരുന്നത് എന്നിവ വിലയിരുത്തുന്നതിന് വിവിധ ഇമേജിംഗ് ടെക്നിക്കുകൾ ഉപയോ​ഗിച്ച് വിശദമായ ചിത്രങ്ങൾ നൽകുന്നു. ഈ പരിശോധനകളിൽ എക്സ്-റേ, സിടി സ്കാൻ, മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) സ്കാൻ, പോസിട്രോൺ എമിഷൻ ടോമോഗ്രഫി (പിഇടി) സ്കാൻ, അൾട്രാസൗണ്ട് എന്നിവ ഉൾപ്പെടാം..' - ഡോ. കൽറ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും