
കുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ് (monkeypox virus) യുകെയിൽ ഒരാൾക്ക് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അടുത്തിടെ നൈജീരിയയിലേക്ക് പോയ ഇംഗ്ലണ്ടിലെ ഒരാൾക്കാണ് മങ്കിപോക്സ് വൈറസ് ബാധിച്ചതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി.
യുകെഎച്ച്എസ്എയുടെ അഭിപ്രായത്തിൽ മങ്കിപോക്സ് വൈറസ് സാധാരണയായി നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗമാണ്. ചില സന്ദർഭങ്ങളിൽ മാത്രമേ ഇത് ഗുരുതരമാകാറുള്ളൂ. രോഗബാധിതരായ മിക്ക രോഗികളും ചുരുങ്ങിയ സമയത്തിനുള്ളിൽ സുഖം പ്രാപിക്കുന്നു.
2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്സ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിരലിലെണ്ണാവുന്ന കേസുകൾ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. പനി, പേശി വേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാനലക്ഷണങ്ങൾ.
രോഗബാധിതനുമായി അടുത്തിടപഴകുന്നവർക്ക് വൈറസ് പിടിപെടാം. വൈറസിന്റെ വാഹകരാകാൻ സാധ്യതയുള്ള രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയോ വൈറസ് മലിനമായ വസ്തുക്കളിലൂടെയോ ഇത് പകരാം. മങ്കിപോക്സ് വൈറസിന് ചികിത്സയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഈ രോഗം തടയാൻ വസൂരി വാക്സിനേഷൻ 85 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
എന്താണ് മങ്കിപോക്സ് അണുബാധ?
കുരങ്ങ് പനി അഥവാ മങ്കി പോക്സ് സ്മാൾ പോക്സ് പോലുള്ള അസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1970 ലാണ് മങ്കിപോക്സ് അണുബാധ കേസുകൾ ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആഫ്രിക്കയിൽ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത് കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളിൽ വേദന, തുടങ്ങിയവയാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങൾ.
അനന്തരം ദേഹമാകമാനം തിണർപ്പുകൾ ഉണ്ടാവുകയും ചെയ്യും. മുഖത്ത് ആരംഭിക്കുന്ന ഉടൻ തിണർപ്പുകൾ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ കാലുകളിലേക്കും വ്യാപിക്കും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കുകയും ചെയ്യും.
എങ്ങനെ പ്രതിരോധിക്കാം...
1. കുരങ്ങുകളുമായി അല്ലെങ്കിൽ മറ്റു വന്യ മൃഗങ്ങളുമായി സമ്പർക്കമുണ്ടാവാനുളള സാഹചര്യങ്ങൾ ഒഴിവാക്കുക.
2. ഏതെങ്കിലും സാഹചര്യത്തിൽ മൃഗങ്ങളുടെ കടിയോ മാന്തോ ഒക്കെ ഏൽക്കാനിടയായാൽ സോപ്പ് ഉപയോഗിച്ച് വെള്ളമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക.
3.മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക.
4.മൃഗങ്ങളെ തോട്ടത്തിന് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും വച്ച് കഴുകുക
5.അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam