പുതിയ കൊവിഡ് കേസുകള്‍ 85 ശതമാനവും കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ നിന്ന്; സംസ്ഥാനത്ത് നേരിയ ആശ്വാസം

By Web TeamFirst Published Mar 4, 2021, 3:09 PM IST
Highlights

കേരളത്തിന് പിന്നിലുള്ള പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നുമുണ്ട്. ഈ ആറ് സംസ്ഥാനങ്ങള്‍ക്ക് പുറമെ മദ്ധ്യപ്രദേശിലും കൊവിഡ് ആക്ടീവ് കേസുകള്‍ കൂടിവരുന്ന സാഹചര്യം കാണാനുണ്ടെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു

കൊവിഡ് 19 പ്രതിദിന കണക്കെടുക്കുമ്പോള്‍ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവുമധികം കേസുകള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് നാം കണ്ടു. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക എന്നീ ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ് പുതിയ കൊവിഡ് കേസുകളില്‍ 85 ശതമാനവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. 

ഈ സംസ്ഥാനങ്ങള്‍ക്ക് നേരത്തേ മുതല്‍ തന്നെ കേന്ദ്രം ജാഗ്രത പാലിക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിവരുന്നുണ്ടായിരുന്നു. ഇവിടങ്ങളില്‍ എന്തുകൊണ്ടാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് മനസിലാക്കാനും അതിനെ പിടിച്ചുകെട്ടാനുമായി കേന്ദ്രം പ്രത്യേകസമിതിയെയും നിയോഗിച്ചിരുന്നു. 

എങ്കിലും ഇപ്പോഴും സ്ഥിതിഗതികളില്‍ വലിയ മാറ്റം വന്നിട്ടില്ലെന്നാണ് പുതിയ കണക്കുകളും സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയാണ് ഇക്കാര്യത്തില്‍ വലിയ വെല്ലുവിളിയായി തുടരുന്നത്. കഴിഞ്ഞ നാല് മാസത്തിലേറെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. 9,855 കേസുകള്‍. 

കേരളത്തില്‍ 2,765 കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിന്റെ നിരക്ക് നേരിയ തോതില്‍ താഴുന്ന കാഴ്ചയാണ് ഇതോടെ കാണാനാകുന്നത്. തുടര്‍ദിവസങ്ങളിലും ഇതേ പ്രവണത തുടരാനായാല്‍ രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംസ്ഥാനം എന്ന പ്രതിസന്ധിയില്‍ നിന്ന് കേരളത്തിന് അല്‍പം ആശ്വാസം ലഭിക്കും. 

കേരളത്തിന് പിന്നിലുള്ള പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നുമുണ്ട്. ഈ ആറ് സംസ്ഥാനങ്ങള്‍ക്ക് പുറമെ മദ്ധ്യപ്രദേശിലും കൊവിഡ് ആക്ടീവ് കേസുകള്‍ കൂടിവരുന്ന സാഹചര്യം കാണാനുണ്ടെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. നിലവില്‍ രാജ്യത്ത് 1,73,413 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്. പ്രതിദിന കണക്കില്‍ നേരിയ വര്‍ധനവ് കാണിക്കുന്ന സംസ്ഥാനങ്ങളില്‍ സമീപദിവസങ്ങളില്‍ കൂടി വര്‍ധനവ് കണ്ടേക്കാമെന്ന കണക്കുകൂട്ടലും മന്ത്രാലയം നടത്തുന്നു.

Also Read:- മുംബൈയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 2 കൊവിഡ് മരണം; 10 മാസത്തിലാദ്യമായി മരണനിരക്ക് താഴ്ന്നു...

click me!