
നടക്കുമ്പോള്‍ വേച്ചുവീഴും, പരസഹായമില്ലാതെ നില്‍ക്കാന്‍ പോലുമാകില്ല. കഴിഞ്ഞ 12 വര്‍ഷമായി ഇതാണ് കോഴിക്കോട് കുന്നത്തേരി സ്വദേശിയായ വിഷ്ണു മഹേശ്വരിയെന്ന പെണ്‍കുട്ടിയുടെ ജീവിതം.
പതിമൂന്ന് വയസ് വരെ മിടുക്കിയായി പഠിക്കുകയും നൃത്തം ചെയ്യുകയുമെല്ലാം ചെയ്തിരുന്നു വിഷ്ണു മഹേശ്വരി. തികച്ചും അപ്രതീക്ഷിതമായാണ് ഒരു വീഴ്ചയുടെ രൂപത്തില്‍ 'മള്‍ട്ടിപ്പിള്‍ സ്‌ളിറോസിസ്' എന്ന രോഗം വിഷ്ണുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. തലച്ചോറിനേയും നാഡീവ്യവസ്ഥയേയും ബാധിക്കുന്ന രോഗമാണിത്.
പൂര്‍ണ്ണമായും ഒരിക്കലും രോഗത്തില്‍ നിന്ന് മടങ്ങാനാകില്ല. എങ്കിലും മരുന്നും ഫിസിയോതെറാപ്പിയുമെല്ലാം രോഗത്തിന്റെ സങ്കീര്‍ണതകളെ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ചിലവേറിയ ചികിത്സകളാണ് ഇതിനാവശ്യമായി വരുന്നത്.
എട്ടാം ക്ലാസ് മുതല്‍ കഴിയുന്നത് പോലെ അവള്‍ക്ക് വീട്ടുകാര്‍ ചികിത്സ നല്‍കി. ഇതിനിടെ മകളുടെ രോഗം മാറില്ലെന്ന് മനസിലാക്കിയ അച്ഛന്‍ അവളേയും അമ്മ സുമതിയേയും ഉപേക്ഷിച്ചുപോയി. ചികിത്സ തുടരുന്നതിനിടെ തന്നെ അവള്‍ പഠിക്കുകയും നൃത്തം ചെയ്യുകയുമെല്ലാം ചെയ്തിരുന്നു. എന്നാല്‍ പ്ലസ് ടു ആയപ്പോഴേക്കും വിഷ്ണുവിന്റെ അവസ്ഥ കൂടുതല്‍ മോശമായിത്തുടങ്ങി.
പ്ലസ് ടുവിന് ശേഷം പഠിക്കാനുള്ള അവസരവുമുണ്ടായില്ല. ഇപ്പോള്‍ ഇരുപത്തിനാല് വയസായി വിഷ്ണുവിന്. അംഗന്‍വാടി ടീച്ചറായിരുന്ന നിലവില്‍ സുമതിക്ക് നിലവില്‍ വരുമാനമൊന്നുമില്ല.
പ്രതിമാസം പതിനായിരം രൂപയിലധികം വിഷ്ണുവിന്റെ മരുന്നിന് മാത്രം വേണ്ടിവരും. ആറ് മാസം കൂടുമ്പോള്‍ എടുക്കുന്ന ചിലവേറിയ ഇഞ്ചക്ഷന്‍ ഇല്ലെങ്കില്‍ അവള്‍ തളര്‍ന്നുപോകും. ഇതിനെല്ലാം ഇനി മുമ്പിലുള്ള വഴി എന്താണെന്ന് ഇവര്‍ക്കറിയില്ല.
വീട് പണയപ്പെടുത്തിയാണ് ചികിത്സ നടത്തിയിരുന്നത്. ചിലരോടെല്ലാം കടം വാങ്ങുകയും ചെയ്തു. എന്തായാലും രോഗത്തിന്റെ പേരില്‍ മകളെ വീട്ടിനുള്ളിലെ ഇരുട്ടറയില്‍ തളച്ചിടാന്‍ ഈ അമ്മ ഉദ്ദേശിക്കുന്നില്ല. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠിക്കണമെന്നാണ് അവളുടെ ആഗ്രഹം. മകള്‍ പഠിക്കാന്‍ മിടുക്കിയാണെന്ന് അമ്മയും പറയുന്നു.
'പഠിക്കാന്‍ താല്‍പര്യള്ള കുട്ടിയെ എനിക്ക് അടച്ചിടാന്‍ പറ്റില്ലല്ലോ. അതോണ്ട് വേറൊന്നും നോക്കിയില്ല. ഇനീപ്പോ കെടപ്പാടം വിറ്റുപോയാലും എനിക്കതില്‍ സങ്കടല്ല...' - വിതുമ്പലോടെയാണെങ്കിലും നിശ്ചയദാര്‍ഢ്യമുണ്ട് സുമതിയുടെ ഈ വാക്കുകളില്‍. നന്മ വറ്റാത്ത മനസുകള്‍ ഒരു കൈ തരുമെന്ന പ്രതീക്ഷയാണ് ഇവരില്‍ അവശേഷിക്കുന്നത്.
വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam