
ഇന്ന് ലോക മാതൃദിനം. അമ്മയോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തേക്കൊതുക്കുന്നതാണോ എന്ന ചോദ്യം ഉയർന്നേക്കാം. എന്നാൽ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള കാലത്തോളം മാതൃദിനത്തിന് പ്രസക്തിയുണ്ട്. ‘അമ്മ’ എന്ന രണ്ടക്ഷരം സ്‌നേഹത്തിന്റെ പ്രതീകമാണ്, സഹനത്തിന്റെ അടയാളമാണ്.
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അമ്മയെന്ന പുണ്യത്തെ പതിവിലും കൂടുതൽ ഓർക്കാനൊരു ദിവസമായി ഈ ദിനത്തെ കാണാം. ലോകമെമ്പാടും, വ്യത്യസ്ത തീയതികളിൽ മാതൃദിനം ആഘോഷിക്കുന്നു. അമേരിക്ക ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. 2023 മെയ് 14 നാണ് മാതൃദിനം ആഘോഷിക്കുന്നത്.
ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങളിൽ മാതൃദിനം ആചരിക്കുന്നു. ഇന്ത്യയിലും യുഎസിലും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. അതിനാൽ, ഈ വർഷം മെയ് 14 ന് മാതൃദിനം വരുന്നു. യുകെയിലെ ആളുകൾ മാർച്ച് മാസത്തിൽ മാതൃദിനം ആഘോഷിക്കുന്നു.
1905-ൽ തന്റെ അമ്മയായ അന്ന റീവ്‌സ് ജാർവിസ് മരിച്ചതിന് പിന്നാലെയായിരുന്നു മാതൃദിന ആഘോഷം ആചരിക്കാൻ തുടങ്ങിയത്. 1908 മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അന്ന സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് ഈ പ്രാർഥനയ്ക്ക് തുടക്കം കുറിച്ചു. വിർജീനിയയുടെ പടിഞ്ഞാറൻ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ വെച്ചാണ് ആ ചടങ്ങുകൾ നടന്നത്. ഈ പള്ളിയിന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്നാണ് അറിയപ്പെടുന്നത്.
ഈ മാതൃദിനം അൽപം സ്പെഷ്യലാക്കാം ; അമ്മയ്ക്ക് നൽകാം ഈ സമ്മാനങ്ങൾ
1914-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസൺ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. ക്രമേണ, ഈ ആശയം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചു. സാധാരണ ദിവസത്തേതിൽ നിന്ന് വ്യത്യസ്തമായി അമ്മയ്ക്ക് എന്നെന്നും ഓർത്തിരിക്കാനുള്ള നിമിഷങ്ങൾ ഈ ദിനത്തിൽ നൽകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam