അരക്കിലോ ഭാരം, 30 സെന്റിമീറ്റര്‍ നീളം; കുഞ്ഞിന്റെ ജീവന്‍ തിരിച്ചുപിടിച്ച് ഡോക്ടര്‍മാര്‍

By Web TeamFirst Published Mar 10, 2019, 1:38 PM IST
Highlights

കുഞ്ഞിനെ പുറത്തെടുത്താല്‍ തന്നെ കേവലം 29 ശതമാനം മാത്രമേ രക്ഷപ്പെടാനുള്ള സാധ്യതകളുണ്ടായിരുന്നുള്ളൂ. എങ്കിലും വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ജീവന് അപകടം സംഭവിക്കാതെ കുഞ്ഞിനെ പുറത്തെടുത്തു. ഇനിയും അപകടസാധ്യതകള്‍ പൂര്‍ണ്ണമായും നീങ്ങിയിട്ടില്ല

അബുദാബി: അരക്കിലോ ഭാരവും മുപ്പത് സെന്റിമീറ്റര്‍ നീളവുമായി ജനിച്ച കുഞ്ഞിന്റെ ജീവന്‍ തിരിച്ചുപിടിച്ച് ഡോക്ടര്‍മാര്‍. അബുദാബിയിലെ ആശുപത്രിയിലാണ് അപൂര്‍വ്വസംഭവമുണ്ടായിരിക്കുന്നത്. ലോകത്തില്‍ തന്നെ ഇത്രയും ഭാരവും നീളവും കുറഞ്ഞ കുഞ്ഞുങ്ങള്‍ ജനിക്കുന്നതും, അതിജീവിക്കുന്നതും വളരെ അപൂര്‍വ്വമായേ സംഭവിക്കാറുള്ളൂ. 

ഗര്‍ഭാവസ്ഥയിലിരിക്കെ, ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട്, അപകടാവസ്ഥയിലെത്തിയതിനെ തുടര്‍ന്നാണ് 23 ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. 

കുഞ്ഞിനെ പുറത്തെടുത്താല്‍ തന്നെ കേവലം 29 ശതമാനം മാത്രമേ രക്ഷപ്പെടാനുള്ള സാധ്യതകളുണ്ടായിരുന്നുള്ളൂ. എങ്കിലും വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ജീവന് അപകടം സംഭവിക്കാതെ കുഞ്ഞിനെ പുറത്തെടുത്തു. ഇനിയും അപകടസാധ്യതകള്‍ പൂര്‍ണ്ണമായും നീങ്ങിയിട്ടില്ല. 

അവയവങ്ങളൊന്നും വളര്‍ച്ച പ്രാപിക്കാത്തതിനാല്‍ ഇന്‍ക്യുബേറ്ററില്‍ പ്രത്യേകശ്രദ്ധ നല്‍കിവേണം തുടര്‍ന്നുള്ള മാസങ്ങളില്‍ കുഞ്ഞിനെ പരിചരിക്കാന്‍. ചെറിയൊരു അശ്രദ്ധ പോലും കുഞ്ഞില്‍ അണുബാധയുണ്ടാക്കാന്‍ കാരണമാകും. ഇത് കുഞ്ഞിന്റെ ജീവനെ തന്നെ ബാധിക്കുകയും ചെയ്‌തേക്കാം. 

സാധാരണഗതിയില്‍ 2,500 ഗ്രാമാണ് ശരാശരി ഒരു നവജാതശിശുവിന് ഉണ്ടാകേണ്ട ശരീരഭാരം. ഭാരം ഗണ്യമായി കുറഞ്ഞാല്‍ അത് കുഞ്ഞിന്റെ ജീവന് തന്നെയാണ് ഭീഷണിയാവുക. ഈ കുഞ്ഞിന്റെ ഭാരം കൃത്യം 550 ഗ്രാം ആണുള്ളത്. തുടര്‍ചികിത്സകളും അബുദാബിയിലെ ആശുപത്രിയില്‍ തന്നെ നടത്താനാണ് കുഞ്ഞിന്റെ മാതാപിതാക്കളുടെ തീരുമാനം. പൂര്‍ണ്ണ ആരോഗ്യത്തോടെ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടര്‍മാരും അറിയിച്ചു. 

click me!