
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം.നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഏത് പ്രായത്തിലും ഉണ്ടാകാം. നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും.അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.
പലരിലും ഫാറ്റി ലിവർ രോഗലക്ഷണങ്ങളില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്നു. രോഗം പുരോഗമിക്കുമ്പോൾ, ചർമ്മത്തില്‍ മഞ്ഞനിറം ഉണ്ടാകാം. കരളിന്‍റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ബിലിറൂബിന്‍ അമിതമായി ചര്‍മ്മത്തിന് താഴെ അടിഞ്ഞു കൂടും. ഇതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍ എന്നിവയാണ് ചിലരെ ബാധിക്കുന്ന ലക്ഷണങ്ങള്‍.
ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ ഒഴിവാക്കേണ്ട ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
1. പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.
2. മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
3. ബ്രേക്ക്ഫാസ്റ്റിന് സിറയല്‍സ് കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതും ഒഴിവാക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.
4. സോയാബീന്‍ ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍ പോലെയുള്ള സീഡ് ഓയിലുകളും എല്ലാവരുടെയും കരളിന് നല്ലതാകണമെന്നില്ല.
5. ഉറക്കക്കുറവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ രാത്രി 7 മുതൽ 8 മണിക്കൂർ വരെ മതിയായ ഉറക്കം ഉറക്കം പതിവാക്കുക.
6. വ്യായാമമില്ലായ്മയും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വ്യായാമം പതിവാക്കുക.
ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് ഫാറ്റി ലിവര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിച്ചേക്കാം.
രണ്ട്...
നിങ്ങളുടെ ഭക്ഷണത്തിൽ ശരിയായ തരത്തിലുള്ള കൊഴുപ്പുകൾ ഉൾപ്പെടുത്തുക. ചില കൊഴുപ്പുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ (മത്സ്യം, സസ്യ എണ്ണ, ഫ്ളാക്സ് സീഡുകൾ, വാൽനട്ട്), അവക്കാഡോ, ഒലീവ് ഓയിൽ, നട്സ് തുടങ്ങിയ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മൂന്ന്...
വെളുത്തുള്ളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ കരളിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
നാല്...
ഗോതമ്പ്, ബീൻസ്, പയർ വര്‍ഗങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഫാറ്റി ലിവര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിച്ചേക്കാം.
അഞ്ച്...
ഗ്രീന്‍ ടീ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.