മൗത്ത്‍വാഷിന് പകരം വായില്‍ കൊള്ളാം വെളിച്ചെണ്ണ; ഗുണം പലതാണ്...

Web Desk   | others
Published : Feb 08, 2020, 10:49 PM IST
മൗത്ത്‍വാഷിന് പകരം വായില്‍ കൊള്ളാം വെളിച്ചെണ്ണ; ഗുണം പലതാണ്...

Synopsis

രാവിലെ ബ്രഷ് ചെയ്തതിന് ശേഷം ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ വായിലേക്കൊഴിക്കുക. തുടര്‍ന്ന് ഒരു മിനുറ്റോളം ഇത് വായ്ക്കകത്താകെ തട്ടുന്ന തരത്തില്‍ നന്നായി, ധൃതിയില്ലാതെ ചുറ്റിച്ചെടുക്കുക. ശേഷം ഇത് തുപ്പിക്കളയാം. ശീലമാക്കുകയാണെങ്കില്‍, പതിയെ വെളിച്ചെണ്ണ വായില്‍ വയ്ക്കുന്ന സമയം ഒരു മിനുറ്റ് എന്നതില്‍ നിന്ന് നീട്ടാവുന്നതാണ്

ദന്തരോഗങ്ങളകറ്റാനും വായിലെ ശുചിത്വം വര്‍ധിപ്പിക്കാനുമെല്ലാം മൗത്ത്‍വാഷ് ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. ഇത് ഓരോരുത്തരുടേയും ഇഷ്ടവും തെരഞ്ഞെടുപ്പുമാണ്. ഇത് ഉപേക്ഷിച്ചുകൊണ്ട് മറ്റൊരു രീതി തെരഞ്ഞെടുക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല. അതേസമയം പകരം വയ്ക്കാവുന്ന പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ അറിഞ്ഞുവയ്ക്കാമല്ലോ!

അത്തരത്തിലൊരു മാര്‍ഗമാണ് വെളിച്ചെണ്ണ വായില്‍ കൊള്ളുന്നത്. വളരെ പരമ്പരാഗതമായ ഒരു നാട്ടുരീതിയാണിത്. ആയുര്‍വേദ ചികിത്സകരാണ് പ്രധാനമായും ഇത് ശീലങ്ങളുടെ ഭാഗമാക്കാന്‍ നിര്‍ദേശിക്കാറ്. മാത്രമല്ല, നിത്യജീവിതത്തില്‍ പ്രയാസമില്ലാതെ വളരെ എളുപ്പത്തില്‍ ചെയ്യാനാകുന്ന ഒരു 'ടിപ്' കൂടിയായി ഇതിനെ കണക്കാക്കാം. 

രാവിലെ ബ്രഷ് ചെയ്തതിന് ശേഷം ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ വായിലേക്കൊഴിക്കുക. തുടര്‍ന്ന് ഒരു മിനുറ്റോളം ഇത് വായ്ക്കകത്താകെ തട്ടുന്ന തരത്തില്‍ നന്നായി, ധൃതിയില്ലാതെ ചുറ്റിച്ചെടുക്കുക. ശേഷം ഇത് തുപ്പിക്കളയാം. ശീലമാക്കുകയാണെങ്കില്‍, പതിയെ വെളിച്ചെണ്ണ വായില്‍ വയ്ക്കുന്ന സമയം ഒരു മിനുറ്റ് എന്നതില്‍ നിന്ന് നീട്ടാവുന്നതാണ്.

ഇനിയിതിന്റെ ഗുണങ്ങള്‍ പറയാം. നമുക്കറിയാം, ധാരാളം ബാക്ടിരീയകളും അണുക്കളുമെല്ലാം അടങ്ങിയതാണ് നമ്മുടെ വായ. ഇതില്‍ ശരീരത്തിന് ആവശ്യമായ തരത്തിലുള്ള ബാക്ടീരിയകളും അല്ലാത്തവയും കാണും. പലപ്പോഴും പല മൗത്ത് വാഷുകളും ബാക്ടീരിയകളെ ഒന്നടങ്കം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതായത്, നമുക്ക് ആവശ്യമുള്ളവയേയും കൊന്നുകളയുന്ന രീതി. 

എന്നാല്‍ വെളിച്ചെണ്ണ ശരീരത്തിന് ആവശ്യമില്ലാത്ത തരം ബാക്ടീരിയകളെയാണ് ഇല്ലാതാക്കുന്നത്. അതിനൊപ്പം തന്നെ മോണ, പല്ലുകള്‍ എന്നിവയെ വൃത്തിയാക്കാനും ഇത് സഹായിക്കുന്നു. ഇതുവഴി മോണരോഗം, പല്ലിന് പറ്റാവുന്ന കേടുപാടുകള്‍ എന്നിവയെല്ലാം ക്രമേണ പ്രതിരോധിക്കാനാകും.

മറ്റൊരു ഗുണം കൂടി ഇതിനുണ്ട്. ദഹനവ്യവസ്ഥയെ ചുറ്റിപ്പറ്റിയുള്ള ചെറിയ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഒരുപക്ഷേ ഈ ശീലത്തിന് കഴിയും. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പോഷകങ്ങളെ ഫലപ്രദമായി ആകിരണം ചെയ്‌തെടുക്കാന്‍ ആന്തരീകാവയവങ്ങളെ പ്രചോദിപ്പിക്കാനും ഇതിന് കഴിയും. 

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വായില്‍ കൊള്ളാന്‍ വേണ്ടി തെരഞ്ഞെടുക്കുന്ന വെളിച്ചെണ്ണ- പരിശുദ്ധവും റിഫൈന്‍ഡ് അല്ലാത്തതും ആയിരിക്കണം. കടകളില്‍ നിന്ന് സാധാരണ പാക്കറ്റുകളില്‍ കിട്ടുന്ന വെളിച്ചെണ്ണ ഇതിനായി ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം. പകരം വെളിച്ചെണ്ണ ആട്ടിയെടുക്കുന്ന സ്ഥലങ്ങളില്‍ നിന്ന് തന്നെ ഈ ഉപയോഗം പറഞ്ഞ് നല്ല വെളിച്ചെണ്ണ വാങ്ങിക്കാം.

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ