ചൊറിച്ചിലും അസ്വസ്ഥതയും; കണ്ണ് തിരുമ്മിയപ്പോള്‍ കിട്ടിയത്...

By Web TeamFirst Published Nov 13, 2019, 6:49 PM IST
Highlights

വിശദമായ പരിശോധനയ്ക്ക് ശേഷം വൃദ്ധയ്ക്ക് സംഭവിച്ചതെന്താണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ബീച്ചിന് സമീപത്തുകൂടി തനിയെ നടന്നുപോകുമ്പോള്‍ വൃദ്ധയെ ഒരുകൂട്ടം പ്രാണികള്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. കണ്ണിലും മൂക്കിലും വായിലും വരെ ഈ ചെറുപ്രാണികള്‍ കയറിക്കൂടി. എങ്ങനെയോ അവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട വൃദ്ധ പിന്നീട് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ട്, ആശുപത്രിയിലൊന്നും പോകാതെ കഴിച്ചുകൂട്ടി
 

കണ്ണില്‍ ചൊറിച്ചിലും അസ്വസ്ഥതയും തോന്നിയതിനെ തുടര്‍ന്ന് ഏറെ നാളായി വിഷമതയിലായിരുന്നു അറുപത്തിയെട്ടുകാരിയായ സ്ത്രീ. ഇതിനിടെ ഒരു ദിവസം കണ്ണ് ശക്തമായി തിരുമ്മിയ ശേഷം കയ്യിലേക്ക് നോക്കിയ സ്ത്രീ തരിച്ചിരുന്നു പോയി. 

ജീവനുള്ള ഒരു വിരയായിരുന്നു അത്. വെള്ളം നിറഞ്ഞ പോലത്തെ ശരീരപ്രകൃതിയുമായി അരയിഞ്ച് നീളത്തിലുള്ള വിര. തീര്‍ന്നില്ല, പിന്നെയും അവരുടെ കണ്ണില്‍ നിന്ന് വിരകളെ കിട്ടി. വൈകാതെ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയയില്‍ ഒരു തീരദേശത്ത് താമസിക്കുന്ന വൃദ്ധയ്ക്കാണ് ഈ അപൂര്‍വ്വ രോഗാവസ്ഥയുണ്ടായത്.

വിശദമായ പരിശോധനയ്ക്ക് ശേഷം വൃദ്ധയ്ക്ക് സംഭവിച്ചതെന്താണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ബീച്ചിന് സമീപത്തുകൂടി തനിയെ നടന്നുപോകുമ്പോള്‍ വൃദ്ധയെ ഒരുകൂട്ടം പ്രാണികള്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. കണ്ണിലും മൂക്കിലും വായിലും വരെ ഈ ചെറുപ്രാണികള്‍ കയറിക്കൂടി.

എങ്ങനെയോ അവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട വൃദ്ധ പിന്നീട് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ട്, ആശുപത്രിയിലൊന്നും പോകാതെ കഴിച്ചുകൂട്ടി. എന്നാല്‍ ഈ പ്രാണികളില്‍ ഒരിനം പാരസൈറ്റുകളുടെ ലാര്‍വേകള്‍ കിടപ്പുണ്ടായിരുന്നു. കാലികളിലും മറ്റ് പല ജീവികളിലും ജീവിച്ചുപോകുന്ന പാരസൈറ്റുകളാണ് ഇവ. പ്രധാനമായും വിരകള്‍ തന്നെ. 

എന്നാല്‍ പ്രാണികളിലുണ്ടായിരുന്ന വിരകളുടെ ലാര്‍വേകള്‍ എങ്ങനെയോ വൃദ്ധയുടെ കണ്ണില്‍ കടന്നുകൂടി. അവിടെയിരുന്ന് അവ വിരിഞ്ഞ് വിരയായി. കണ്ണിലുള്ള സ്രവങ്ങള്‍ ഭക്ഷിച്ച് കണ്‍പോളകള്‍ക്കുള്ളില്‍ അവ താമസമാക്കുകയും ചെയ്തു. ഇടയ്ക്ക് ഇവ അനങ്ങുമ്പോഴാണ് വൃദ്ധയ്ക്ക് അസ്വസ്ഥതയും ചൊറിച്ചിലുമെല്ലാം അനുഭവപ്പെട്ടിരുന്നത്. 

സമയത്ത് ശ്രദ്ധിക്കുകയും ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ ജീവന്‍ തന്നെ കവര്‍ന്നെടുത്തേക്കും ഈ വിരകളെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്. ഇതിനുദാഹരണമായി മുമ്പുണ്ടായ പല സംഭവങ്ങളും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. റിച്ചാര്‍ഡ് എസ് ബ്രാഡ്ബറി എന്ന ഗവേഷകന്‍, തന്റെ പുതിയൊരു പഠനത്തില്‍ ഈ വിഷയം വിശദീകരിക്കുന്നുണ്ട്. കാലിഫോര്‍ണിയയിലെ സ്ത്രീയുടേതുള്‍പ്പെടെ പല കേസുകളും റിച്ചാര്‍ഡ് പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നു. 

മാസങ്ങള്‍ക്ക് ശേഷം, ചികിത്സ വിജയത്തിലെത്തിയതോടെയാണ് ഇപ്പോള്‍ കാലിഫോര്‍ണിയയിലെ വൃദ്ധയുടെ അനുഭവത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ തുറന്നുപറഞ്ഞിരിക്കുന്നത്. ജീവികളില്‍ കാണപ്പെടുന്ന പരാദങ്ങള്‍ മനുഷ്യനില്‍ കയറിക്കൂടാനുള്ള സാധ്യതകളുണ്ടെന്നും അക്കാര്യത്തില്‍ അല്‍പം കരുതല്‍ വേണമെന്നും അറിയിക്കുന്നതിന് കൂടിയാണ് വിഷയം തുറന്ന് ചര്‍ച്ച ചെയ്യുന്നതെന്ന് വൃദ്ധയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.

click me!