
കൊവിഡ് 19 പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍( Omicron Variant ) . മുമ്പുണ്ടായിരുന്ന വൈറസ് വകഭേദങ്ങളെയെല്ലാം അപേക്ഷിച്ച് അതിവേഗം രോഗവ്യാപനം ( Covid Transmission ) നടത്താനാകുമെന്നതാണ് ഒമിക്രോണിന്റെ സവിശേഷത. നിലവില്‍ ലഭ്യമായ വാക്‌സിനുകളെ ( Covid Vaccine )ചെറുത്ത് ശരീരത്തിനകത്തേക്ക് പ്രവേശിക്കാനും ഒമിക്രോണിന് കഴിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വൈറസ് വകഭേദങ്ങള്‍ മാറുന്നതിന് അനുസരിച്ച് കൊവിഡ് ലക്ഷണങ്ങളിലും രോഗതീവ്രതയിലുമെല്ലാം നേരിയ വ്യത്യാസങ്ങള്‍ വരാറുണ്ട്. അത്തരത്തില്‍ ഒമിക്രോണിന്റെ കാര്യത്തിലും ലക്ഷണങ്ങളില്‍ വ്യതിയാനമുണ്ടാകുമോ?
ഇതുവരെ കിട്ടിയിട്ടുള്ള വിവരങ്ങള്‍ അനുസരിച്ച് ഒമിക്രോണ്‍ മൂലമുണ്ടാകുന്ന കൊവിഡ് 19 അത്ര തീവ്രമാക്കില്ലെന്നാണ് സൂചന. എന്നാലിക്കാര്യത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ ഇനിയും ആഴ്ചകളെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അറിയിക്കുന്നത്.
ഇതിനിടെ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പുമെല്ലാം ഒമിക്രോണ്‍ സംബന്ധിച്ച് അവര്‍ ക്രോഡീകരിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.
'ഒമിക്രോണ്‍ രോഗതീവ്രത വര്‍ധിപ്പിച്ച തരത്തില്‍ ഒരു കേസും ഇതുവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എനിക്ക് തന്നെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതാണ്. അസാധാരണമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ കണ്ടില്ല. കൊവിഡ് ലക്ഷണങ്ങള്‍ തന്നെയാണ് കണ്ടത്. രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ് സാഹചര്യം, ഓക്‌സിജന്‍ തീഴുന്ന സാഹചര്യം... ഒന്നും ഒമിക്രോണ്‍ മൂലമുണ്ടായിട്ടില്ല...'- ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ആഞ്ജലിക് കോട്‌സെ പറയുന്നു.
കൊവിഡ് ലക്ഷണമായി പ്രധാനമായും വരുന്ന അസഹനീയമായ ക്ഷീണം, മിതമായ രീതിയിലുള്ള പനി, വരണ്ട ചുമ, ശരീരവേദന ഒക്കെ തന്നെയാണ് ഒമിക്രോണ്‍ മൂലമുണ്ടാകുന്ന കൊവിഡിലും കാണുന്നതെന്നും ഇവിടെ നിന്നുള്ള ആരോഗ്യവിദഗ്ധര്‍ വിശദീകരിക്കുന്നു. പനിയാണെങ്കില്‍, മിതമായ രീതിയില്‍ വരുന്നത്- അത പോലെ തന്നെ പോകുമെന്നും ഇവര്‍ പറയുന്നു. അതേസമയം ചില ലക്ഷണങ്ങളില്‍ ഒമിക്രോണ്‍ ആകുമ്പോള്‍ നേരിയ വ്യതിയാനങ്ങള്‍ കാണുന്നതായും ഇവര്‍ സൂചന നല്‍കുന്നുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തില്‍ നിന്നുള്ള ഡോ. അന്‍ബന്‍ ഇത്തരത്തിലുള്ള രണ്ട് ലക്ഷണങ്ങളെ കുറിച്ച് പറയുന്നു. തൊണ്ടവേദനയ്ക്ക് പകരം തൊണ്ടയില്‍ കരകരപ്പാണ് ഒമിക്രോണ്‍ വൈറസ് ബാധയിലുണ്ടാവുകയത്രേ. അതുപോലെ രാത്രിയില്‍ അസാധാരണമാം വിധം വിയര്‍ക്കുന്നതും ഒമിക്രോണിന്റെ പ്രത്യേകതയായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഗന്ധവും രുചിയും നഷ്ടമാകുന്ന തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങള്‍ ഒമിക്രോണ്‍ ബാധയില്‍ കാണുന്നില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും വരും ദിവസങ്ങളില്‍ ഒമിക്രോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി തന്നെ നമുക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.