പശുവിന്റെ മൂത്രം ക്യാന്‍സറിന് മരുന്നോ? ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ...

By Web TeamFirst Published Apr 23, 2019, 1:00 PM IST
Highlights

കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ ക്യാന്‍സര്‍ ഭേദപ്പെടുത്താന്‍ പശുവിന്റെ മൂത്രത്തിന് കഴിയുമെന്ന വാദവുമായി മുന്നോട്ടെത്തിയിരുന്നു. എന്നാല്‍ ആ വാദങ്ങളെയെല്ലാം ഓങ്കോളജിസ്റ്റുകള്‍ അന്നേ ശക്തമായി എതിര്‍ത്തിരുന്നു. അതേ വാദങ്ങള്‍ തന്നെയാണ് ഈ സാഹചര്യത്തിലും പ്രസക്തമാകുന്നത്

പശുവിന്റെ മൂത്രം ക്യാന്‍സര്‍ ഭേദപ്പെടുത്തുമെന്ന് അവകാശപ്പെട്ട് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാസിംഗ് താക്കൂര്‍ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്. 'ഗോമൂത്ര'വും, പാഞ്ചഗവ്യ ചാണകവും, പാലും തൈരും നെയ്യുമെല്ലാം കഴിച്ചാണ് താന്‍ സ്തനാര്‍ബുദത്തെ ഭേദപ്പെടുത്തിയതെന്നായിരുന്നു പ്രഗ്യാസിംഗ് താക്കൂറിന്റെ പ്രസ്താവന.

എന്നാല്‍ ഇത് വളരെയധികം തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്ന പ്രസ്താവനയാണിതെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമേഖലയില്‍ വിദഗ്ധര്‍ പലരും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും പ്രസ്താവനക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് വരുന്നത്. 

ആയുര്‍വേദ വിധിപ്രകാരം ഔഷധഗുണമുള്ള ഒന്നായിട്ടാണ് പശുവിന്റെ മൂത്രത്തെ കണക്കാക്കുന്നത്. എന്നാല്‍ അപ്പോഴും ക്യാന്‍സര്‍ പോലെ ഗൗരവമുള്ള ഒരു രോഗത്തെ ഭേദപ്പെടുത്താന്‍ മാത്രം കഴിവ് ഇതിനുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെയും കൃത്യമായ സ്ഥിരീകരണം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ ക്യാന്‍സര്‍ ഭേദപ്പെടുത്താന്‍ പശുവിന്റെ മൂത്രത്തിന് കഴിയുമെന്ന വാദവുമായി മുന്നോട്ടെത്തിയിരുന്നു. എന്നാല്‍ ആ വാദങ്ങളെയെല്ലാം ഓങ്കോളജിസ്റ്റുകള്‍ അന്നേ ശക്തമായി എതിര്‍ത്തിരുന്നു. അതേ വാദങ്ങള്‍ തന്നെയാണ് ഈ സാഹചര്യത്തിലും പ്രസക്തമാകുന്നത്. 

'ഗോമൂത്രം ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കില്ല. അത് സ്ഥിരീകരിക്കാനും മാത്രമുള്ള ശാസ്ത്രീയമായ തെളിവുകള്‍ ഇതുവരെ ആരും സമര്‍പ്പിച്ചിട്ടില്ല. അത്തരത്തില്‍ രോഗം ഭേദമായ ഒരു വ്യക്തിയെ പോലും ഞാനോ എന്റെ സഹപ്രവര്‍ത്തകരായ മറ്റ് ഓങ്കോളജിസ്റ്റുകളോ കണ്ടിട്ടില്ല'- പ്രമുഖ ഓങ്കോളജിസ്റ്റും അധ്യാപകനുമായ ഡോ.വെങ്കട്ടരാമന്‍ രാധാകൃഷ്ണന്‍ പറയുന്നു.

'ക്യാന്‍സര്‍ പോലൊരു രോഗം ഭേദപ്പെടുന്നുവെന്നത് പറയുന്നത് അത്രയും മെഡിക്കല്‍ പ്രൊസീജ്യറുകളിലൂടെ കടന്നുപോയതിന് ശേഷം മാത്രമാണ്. മരുന്നിനും ചികിത്സയ്ക്കും പകരമായി മറ്റൊരു മാര്‍ഗം മുന്നോട്ടുവയ്ക്കുമ്പോള്‍ അതൊരിക്കലും ജിവന്‍ പണയപ്പെടുത്തിക്കൊണ്ടായിരിക്കരുത്..' ദില്ലിയില്‍ ഓങ്കോളജിസ്റ്റായ ഡോ. അമിത് അഗര്‍വാള്‍ പറയുന്നു. 

പശുവിന്റെ മൂത്രത്തില്‍ ധാരാളം ധാതുക്കളടങ്ങിയിട്ടുണ്ടെന്നും എന്നാല്‍ ഇവയൊന്നും ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പോരാടാന്‍ പര്യാപ്തമല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

click me!