
തേയ്മാനം ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് തേയ്മാനം ഉണ്ടാകുന്നത്. രണ്ട് എല്ലുകൾക്കിടയിൽ റബർ പോലുള്ള കാർട്‌ലേജ് (Cartilage) കുഷ്യനുണ്ട്. യഥാർഥത്തിൽ ഇതിനാണു തേയ്മാനം സംഭവിക്കുന്നതും ദ്രവിച്ചു പോകുന്നതും. അങ്ങനെയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് വരുന്നത്.
ഇത് ഏത് സന്ധിയിലും വരാം. കാർട്‌ലേജ് കുഷ്യനു തേയ്മാനം ഉണ്ടാകുമ്പോൾ എല്ലുകൾ തമ്മിൽ ഉരയാൻ തുടങ്ങും. അപ്പോഴാണു മുട്ട് തേയ്മാനം എന്ന രോഗാവസ്ഥയിലേക്ക് എത്തുന്നത്. മുട്ട് തേയ്മാനം ഉണ്ടാകുന്നതോടെ വേദന, നീരിറക്കം, കാലിനു വീക്കം എന്നിവയും വരും. ഇതിനു പുറമെ എല്ലു വളരാനും തുടങ്ങും.
പ്രായമായവരിലാണ് മുട്ട് തേയ്മാനം കൂടുതലായി കണ്ട് വരുന്നത്. പ്രായാധിക്യം തന്നെയാണ് പ്രധാനകാരണമെന്ന് പറയാം. നടക്കാനുള്ള പ്രയാസം, എപ്പോഴും വേദന, നീരിറക്കം ഇങ്ങനെ പലതരത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകുന്നു.
മുൻപ് ഏതെങ്കിലും തരത്തിലുള്ള ഒടിവോ ചതവോ സംഭവിച്ചിട്ടുണ്ടെങ്കിലും തേയ്മാനം ഉണ്ടാകാം.
മറ്റു വാതസംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിലും തേയ്മാനം സംഭവിക്കാം. അമിതവണ്ണമുള്ളവരിലും എപ്പോഴും ഇരുന്ന് ജോലി ചെയ്യുന്നവരിലും മുട്ട് തേയ്മാനം വരാം. നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ കടുത്ത വേദന ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം.
മുട്ട് വേദന വന്നാൽ പ്രധാനമായി വേണ്ടത് വിശ്രമം തന്നെയാണ്. വേദന കൂടുതലുള്ള സമയത്ത് ഒന്നോ രണ്ടോ ദിവസം വിശ്രമിക്കണം. അതിൽക്കൂടുതൽ വിശ്രമിക്കുന്നതു മസിലിനു ദോഷം ചെയ്യും. ശരീരഭാരം കുറയ്ക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഭാരം കുറയുമ്പോൾ മുട്ട് വേദനയും കുറയും. ഇതിനു പുറമെ മുട്ടിന്റെ ചുറ്റുമുള്ള മസിലിന്റെ ശക്തി കൂട്ടാനുള്ള വ്യായാമങ്ങളും പ്രധാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam