എന്താണ് 'ഓസ്റ്റിയോ പൊറോസിസ്'; എങ്ങനെ തടയാം

By Web TeamFirst Published Nov 29, 2019, 2:28 PM IST
Highlights

ഓസ്റ്റിയോ പൊറോസിസ് സംഭവിക്കുന്നത് അസ്ഥികളില്‍ നിന്നും ധാതുക്കള്‍, പ്രത്യേകിച്ചും കാത്സ്യം കുറയുമ്പോഴാണ്. ഈ രോഗം പ്രധാനമായും സ്ത്രീകളെയാണ് ബാധിക്കുക. 

ഓസ്റ്റിയോ പൊറോസിസ്  അഥവാ അസ്ഥിക്ഷയം എന്ന അസുഖത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. അസ്ഥികളുടെ നിശബ്ദ കൊലയാളി എന്നാണ് ഈ രോ​ഗത്തിനെ അറിയപ്പെടുന്നത്. പ്രായം കൂടുന്തോറും എല്ലുകളുടെ കട്ടികുറഞ്ഞ് ദുർബലമാകുന്ന അവസ്ഥയാണിത്. 

വളരെ പതുക്കെ അസ്ഥികൾക്കുണ്ടാകുന്ന ഈ വൈകല്യം എല്ലുകളുടെ തേയ്മാനത്തിനും ബലക്ഷയത്തിനും പൊട്ടലിനും കാരണമാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രായമാകുമ്പോൾ ചെറുതായി ഒന്ന് കാല് തെന്നിയാൽ പോലും വലിയ രീതിയിൽ എല്ലുകൾ പൊട്ടുന്നതിലേക്ക് നയിക്കുന്നത് ഓസ്റ്റിയോ പൊറോസിസാണ്.
 
പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഈ രോ​ഗം കൂടുതലായി കണ്ട് വരുന്നത്. ആർത്തവ വിരാമത്തോടു കൂടി സ്ത്രീകളിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് കാരണം. ഈസ്ട്രജൻ കുറയുന്നത് അസ്ഥിയുടെ കട്ടി കുറയാൻ കാരണമായി തീരുന്നു. സ്ത്രീകളിലെ ഇടുപ്പ്, കൈക്കുഴ, നട്ടെല്ല് എന്നീഭാഗങ്ങളിലെ വേദനയ്ക്കെല്ലാം ഓസ്റ്റിയോ പൊറോസിസ് കാരണമാകാം. 

തെറ്റായ ജീവിതശൈലി തന്നെയാണ് രോഗ കാരണം. ഭക്ഷണത്തിൽ കാത്സ്യം, വൈറ്റമിൻ ഡി എന്നിവയുടെ അഭാവം, വ്യായാമമില്ലായ്മ, മദ്യപാനം, പുകവലി, സ്റ്റീറോയ്ഡുകളുടെ അമിത ഉപയോഗം, ഫാസ്റ്റ് ഫുഡ് തുടങ്ങി ഓസ്റ്റിയോ പൊറോസിസിന് കാരണങ്ങൾ നിരവധിയാണ്. യുഎസിലെ 44 ദശലക്ഷത്തിലധികം ആളുകൾക്ക് നിലവിൽ ഓസ്റ്റിയോ പൊറോസിസ് ഉണ്ടെന്ന് ഇന്റർനാഷണൽ ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷൻ  (ഐ‌ഒ‌എഫ്) വ്യക്തമാക്കുന്നു.

 വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കാം, കാത്സ്യം ധാരാളമടങ്ങിയ പാൽ, തൈര്, സോയാബീൻ, ബീൻസ്, ബദാം, മൽസ്യം, ഇലക്കറികൾ ശീലമാക്കുക ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓസ്റ്റിയോ പൊറോസിസ് ഒരു പരിധി വരെ തടയാനാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

click me!