വ്യായാമവും ക്യാന്‍സര്‍ സാധ്യതയും തമ്മിലുളള ബന്ധം ഇതാണ്...

By Web TeamFirst Published May 15, 2019, 9:39 AM IST
Highlights

ആരോ​ഗ്യമുള്ള ശരീരത്തിന് വളരെ അത്യാവശ്യമായി വേണ്ട കാര്യങ്ങളിലൊന്നാണ് വ്യായാമം. വ്യായാമം ചെയ്യുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്ന് അറിയാമെങ്കിലും അതും ക്യാന്‍സര്‍ സാധ്യതയുമായുളള ബന്ധത്തെ കുറിച്ച് അറിയില്ല. 

ആരോ​ഗ്യമുള്ള ശരീരത്തിന് വളരെ അത്യാവശ്യമായി വേണ്ട കാര്യങ്ങളിലൊന്നാണ് വ്യായാമം. യോ​ഗ, നടത്തം, ഓട്ടം, നീന്തൽ ഇങ്ങനെ ഏത് തരം വ്യായാമം ചെയ്യുന്നതും ശരീരത്തെ ആരോ​ഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും. വ്യായാമം ചെയ്യുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്ന് അറിയാമെങ്കിലും അതും ക്യാന്‍സര്‍ സാധ്യതയുമായുളള ബന്ധത്തെ കുറിച്ച് പലര്‍ക്കും അറിയില്ല. അതിനെ കുറിച്ചും പല പഠനങ്ങളും വര്‍ഷങ്ങളായി നടന്നുവരുന്നു. ശ്വാസകോശ ക്യാന്‍സര്‍, കോളോറെക്ടല്‍ ക്യാന്‍സര്‍ എന്നിവ തടയാന്‍ വ്യായാമം കൊണ്ട് ഒരുപരിധി വരെ സാധിക്കുമെന്നാണ് ഇവിടെയൊരു പഠനം പറയുന്നത്. 

അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് മെഡിസിനാണ് പഠനം നടത്തിയത്. ഏകദേശം 49,143 ആളുകളെ വര്‍ഷങ്ങളായി പഠിച്ച ശേഷമാണ് ഈ കണ്ടെത്തല്‍. 40-70 വയസ്സിന് ഇടയിലുളളവരിലാണ് പഠനം നടത്തിയത്. 1991 മുതല്‍ 2009 വരെ  ഗവേഷകര്‍  ഇവരെ നിരീക്ഷിച്ചു. സ്ഥിരമായി വ്യായാമം ചെയ്ത ഇവരില്‍ ശ്വാസകോശ ക്യാന്‍സര്‍, കോളോറെക്ടല്‍ ക്യാന്‍സര്‍ എന്നിവ വരാനുള്ള സാധ്യത  കുറവായിരുന്നെന്ന് ഇതോടെ ഗവേഷകര്‍ കണ്ടെത്തി. ഇവര്‍ കൃത്യമായി വ്യായാമം ചെയ്യുമായിരുന്നു. കൃത്യമായി വ്യായാമം ചെയ്യുന്നവരിലും ഫിറ്റ്നസ് ലെവല്‍ ഉയര്‍ന്നവരിലും ക്യാന്‍സര്‍ ഉണ്ടായാലും അവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു രോഗത്തെ വേഗത്തില്‍ അതിജീവിക്കാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. 

ഈ പഠനത്തിന്‍റെ ഭാഗമായവരില്‍ ശ്വാസകോശ ക്യാന്‍സര്‍ വരാനുള്ള സാധ്യത  77% കുറവായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. കോളോറെക്ടല്‍ ക്യാന്‍സര്‍ സാധ്യത 61% കുറവുമായിരുന്നു. അതായത് ഫിറ്റ്നസ് നിലനിര്‍ത്തിയവരില്‍ ക്യാന്‍സര്‍ വരാനുളള സാധ്യത വളരെ കുറവാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 


 

click me!