മുഖത്ത് കുരു വന്നാല്‍ ഉടനടി അത് പൊട്ടിച്ചുകളയാന്‍ തോന്നാറുണ്ടോ?

By Web TeamFirst Published Aug 26, 2019, 9:19 PM IST
Highlights

മുഖത്ത് കട്ടിയായി ആണി പോലെ വരുന്ന മുഖക്കുരുവാണ് സാധാരണഗതിയില്‍ പതിയെ ഇളക്കിയെടുത്ത് കളയാവുന്നത്. കാരണം, അത് മുഖത്ത് വന്ന് മൂന്നോ നാലോ ദിവസം കഴിയുമ്പോഴേക്ക് കട്ടിയായി പുറത്തേക്ക് തെറിച്ച് നില്‍ക്കും. ഇത് ഇളക്കിയെടുക്കാനും എളുപ്പത്തില്‍ കഴിയും
 

മുഖക്കുരു ഉണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം, ഹോര്‍മോണ്‍ വ്യതിയാനം മുതല്‍ കാലാവസ്ഥ, ഭക്ഷണം, മാനസിക സമ്മര്‍ദ്ദം അങ്ങനെ പല ഘടകങ്ങളും ഇതിന് ഇടയാക്കാറുണ്ട്. വ്യത്യസ്തമായ കാരണങ്ങള്‍ ഉള്ളതിനാല്‍ത്തന്നെ, എല്ലാവരിലും വരുന്ന മുഖക്കുരുവിന്റെ സ്വഭാവവും വ്യത്യസ്തമായിരിക്കും. എന്തുതരം മുഖക്കുരു ആണെങ്കിലും ചിലര്‍ക്ക്, അതൊന്ന് പൊട്ടിച്ച് കളയാതെ സമാധാനം വരില്ല. അത്തരക്കാര്‍ അറിയാന്‍ ചിലത് പറയാം. 

മുഖത്ത് കട്ടിയായി ആണി പോലെ വരുന്ന മുഖക്കുരുവാണ് സാധാരണഗതിയില്‍ പതിയെ ഇളക്കിയെടുത്ത് കളയാവുന്നത്. കാരണം, അത് മുഖത്ത് വന്ന് മൂന്നോ നാലോ ദിവസം കഴിയുമ്പോഴേക്ക് കട്ടിയായി പുറത്തേക്ക് തെറിച്ച് നില്‍ക്കും. ഇത് ഇളക്കിയെടുക്കാനും എളുപ്പത്തില്‍ കഴിയും. എന്നാല്‍ മറ്റേത് തരം മുഖക്കുരുവും പൊട്ടിച്ച് കളയുന്നത് മുഖത്തെ ചര്‍മ്മത്തെ വളരെയധികം പ്രശ്‌നത്തിലാക്കുമെന്നാണ് സ്‌കിന്‍ സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നത്. 

പളുങ്ക് പോലുള്ള മുഖക്കുരുവാണെങ്കില്‍ അതില്‍ ഒരുപക്ഷേ പഴുപ്പ് നിറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഇത് സാമാന്യം വേദനയും ഉണ്ടാക്കും, കാഴ്ചയ്ക്കുള്ള വിഷമത്തിന് പുറമേ ഈ വേദന കൂടിയാകുമ്പോള്‍ അത് പൊട്ടിച്ചുകളയാന്‍ കൂടുതല്‍ താല്‍പര്യവും ഉണ്ടായേക്കാം. എന്നാല്‍ ഒരിക്കലും ഇത്തരത്തിലുള്ള കുരു, പൊട്ടിച്ച് കളയാന്‍ ശ്രമിക്കരുത്, വലിയ രീതിയിലുള്ള ബാക്ടീരിയല്‍- ഫംഗല്‍ അണുബാധയ്ക്ക് ഇത് കാരണമായേക്കാം. 

അത്തരത്തില്‍ പൊട്ടിച്ചുകളയുന്ന കുരു, വീണ്ടുമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതോടൊപ്പം തന്നെ അറിയേണ്ടത്, സ്ഥിരമായി മുഖക്കുരു പൊട്ടിച്ചുകളയുമ്പോള്‍ അവിടെ 'സിസ്റ്റ്' (ചെറിയ മുഴ) രൂപപ്പെടാനുള്ള സാഹചര്യമുണ്ടാകും. ഈ സിസ്റ്റ് പിന്നീട് ചികിത്സയില്ലാതെ മാറുകയുമില്ല. ഒരുതവണ എടുത്ത് കളഞ്ഞാല്‍ പോലും, ഇത് വീണ്ടും തിരിച്ചുവരാനുള്ള സാധ്യതകളുമുണ്ട്. 

ഇനി തല്‍ക്കാലത്തെ സൗന്ദര്യത്തിന് വേണ്ടി മുഖക്കുരു പൊട്ടിച്ചുകളയുന്നവര്‍ അറിയേണ്ടതെന്തെന്നോ? നിങ്ങള്‍ മുഖക്കുരു പൊട്ടിച്ച് കളയുമ്പോള്‍ ഇവിടങ്ങളില്‍ താല്‍ക്കാലികമായും ചിലപ്പോള്‍ എന്നെന്നേക്കുമായിത്തന്നെ ചെറിയ കറുത്ത പാടുകള്‍ ഉണ്ടാക്കും. അതിലും എത്രയോ നല്ലതല്ലേ, കുറച്ച് ദിവസത്തേക്ക് മുഖക്കുരു ഉണ്ടാക്കുന്ന അഭംഗി ഒന്ന് സഹിക്കല്‍. 

ചിലര്‍ക്ക് മുഖക്കുരു പൊട്ടിക്കുന്നത്, സ്വയം തടഞ്ഞുനിര്‍ത്താന്‍ കഴിയാതെയും ഇരിക്കാറുണ്ട്. അത്തരക്കാര്‍ തീര്‍ച്ചയായും ഫിസീഷ്യന്റെയോ സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിന്റെയോ സഹായത്തോടെ തന്നെ ഈ ശീലം നിര്‍ത്താന്‍ ജാഗ്രത കാണിക്കുക.

click me!