
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ ഷംലിയില്‍ പ്രസവവേദന വന്ന സ്ത്രീയെ ലേബര്‍ റൂമില്‍ കയറ്റാന്‍ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ കൈക്കൂലി ആവശ്യപ്പെട്ട സംഭവം വിവാദത്തില്‍. വേദന കൊണ്ട് പുളയുന്ന സ്ത്രീയെ പ്രസവത്തിനായി അകത്ത് കയറ്റണമെങ്കില്‍ 5000 രൂപ നല്‍കണമെന്നായിരുന്നുവത്രേ സര്‍ക്കാര്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ കൈക്കൂലിയായി നല്‍കാന്‍ പണമില്ലെന്ന് യുവതിയുടെ വീട്ടുകാര്‍ അറിയിച്ചതോടെ യുവതിക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ മാറ്റുകയായിരുന്നു.
പിന്നീട് യുവതിയുടെ ബന്ധുക്കള്‍ തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. സംഭവം വാര്‍ത്തയായതോടെ കൈക്കൂലി ആവശ്യപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരും ആശുപത്രി അധികൃതരും വെട്ടിലായിരിക്കുകയാണ്. ഇപ്പോള്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് തങ്ങളെന്ന് അറിയിച്ചുകൊണ്ട് വിവാദത്തില്‍ നിന്ന് തടിയൂരാനാണ് ആശുപത്രി സൂപ്രണ്ടിന്റെ ശ്രമം. ഇതിനിടെ ഇത്തരം കൈക്കൂലിക്കേസുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന ആരോപണവുമായി ഒരുവിഭാഗം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam