കൊവിഡ് 19 സ്ഥിരീകരിക്കാൻ രണ്ടര മണിക്കൂർ; ഇന്ത്യയിൽ ആദ്യ ടെസ്റ്റ് കിറ്റിന് അനുമതി ‌

By Web TeamFirst Published Mar 24, 2020, 7:47 PM IST
Highlights

ലോകാരോഗ്യ സംഘടനയുടെയും സിഡിഎസിന്‍റെയും മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ കിറ്റ് വികസിപ്പിച്ചിരിക്കുന്നതെന്നും ഇതിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 

ദില്ലി: കൊവിഡ്-19 വൈറസ് ബാധ അതിവേഗം കണ്ടെത്താൻ ഉപകരിക്കുന്ന ഇന്ത്യൻ നിര്‍മിത പരിശോധനാ കിറ്റിന് കേന്ദ്രം അനുമതി നല്‍കി. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയഗ്നോസ്റ്റിക്സ് കമ്പനിയ്ക്ക് സെന്‍ട്രൽ ഡ്രഗ്സ് സ്റ്റാൻഡേര്‍ഡ് കൺട്രോള്‍ ഓര്‍ഗനൈസേഷനാണ് അനുമതി നല്‍കിയത്. 

മൈലാബ് പാതോഡിറ്റക്ട് കോവിഡ്-19 ക്വാളിറ്റേറ്റീവ് പിസിആർ കിറ്റ് എന്നാണ് ഈ ഇന്ത്യൻ നിർമിത പരിശോധനാ കിറ്റിന്റെ പേര്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബ് പാത്തോഡിറ്റക്റ്റ് എന്ന ഡയഗ്നോസ്റ്റിക്സ് കമ്പനിയാണ് കിറ്റ് വികസിപ്പിച്ചത്. രാജ്യത്ത് നടത്തുന്ന ടെസ്റ്റുകളുടെ ചെലവു കുറയ്ക്കാനും ദിനം പ്രതി നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും അടക്കം ഇത് നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്.

 ലോകാരോഗ്യ സംഘടനയുടെയും സിഡിഎസിന്‍റെയും മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ കിറ്റ് വികസിപ്പിച്ചിരിക്കുന്നതെന്നും ഇതിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. റെക്കോഡ് സമയം കൊണ്ടാണ് കിറ്റ് വികസിപ്പിക്കുകയും ഇതിന് അനുമതി നേടുകയും ചെയ്തതെന്നും കമ്പനി അറിയിച്ചു.

 ഇത് വികസിപ്പിച്ചതും വിലയിരുത്തൽ നടത്തിയതും വളരെ ചുരുങ്ങിയ സമയം കൊണ്ടാണെന്ന് മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് എംഡി ഹസ്മുഖ് റാവൽ പറഞ്ഞു. അണുബാധ തിരിച്ചറിയാൻ ഇപ്പോൾ 7 മണിക്കൂറിലധികം സമയം എടുക്കുമ്പോൾ മൈലാബിന്റെ കൊവിഡ്-19 ടെസ്റ്റ് കിറ്റ് രണ്ടര മണിക്കൂറിനുള്ളിൽ ഫലം തരും.രാജ്യത്ത് കൊവിഡ‍് 19 വൈറസ് വ്യാപനം രണ്ടാം ഘട്ടത്തിലാണെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തൽ. 

click me!