ദുസ്വപ്നങ്ങള്‍ പതിവാണോ? അറിയാം കാരണങ്ങളും പരിഹാരങ്ങളും...

Published : Nov 03, 2022, 11:09 PM IST
ദുസ്വപ്നങ്ങള്‍ പതിവാണോ? അറിയാം കാരണങ്ങളും പരിഹാരങ്ങളും...

Synopsis

അധികവും കുട്ടികളാണ് ദുസ്വപ്നങ്ങള്‍ ഇടയ്ക്കിടെ കാണുകയും ഞെട്ടി എഴുന്നേല്‍ക്കുകയുമെല്ലാം ചെയ്യാറ്. എന്നാല്‍ മുതിര്‍ന്നവരിലും ഒരു വിഭാഗക്കാരില്‍ ഇത് കാണാറുണ്ട്. എന്തായാലും ദുസ്വപ്നങ്ങള്‍ പതിവാണെങ്കില്‍ തീര്‍ച്ചയായും അതിന് പരിഹാരം കാണേണ്ടതായി വരാം. 

ചിലര്‍ എപ്പോഴും തങ്ങള്‍ ദുസ്വപ്നങ്ങള്‍ കാണുന്നതായി പരാതിപ്പെടാറുണ്ട്. ഇത്തരത്തില്‍ ദുസ്വപ്നങ്ങള്‍ പതിവാണെങ്കില്‍ അത് വ്യക്തിയുടെ ഉറക്കത്തെയും ആകെ മാനസികാവസ്ഥയെയുമെല്ലാം പ്രതികൂലമായി ബാധിക്കും. ഇത് ക്രമേണ നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ദോഷമായി സ്വാധീനിക്കാം. 

അധികവും കുട്ടികളാണ് ദുസ്വപ്നങ്ങള്‍ ഇടയ്ക്കിടെ കാണുകയും ഞെട്ടി എഴുന്നേല്‍ക്കുകയുമെല്ലാം ചെയ്യാറ്. എന്നാല്‍ മുതിര്‍ന്നവരിലും ഒരു വിഭാഗക്കാരില്‍ ഇത് കാണാറുണ്ട്. എന്തായാലും ദുസ്വപ്നങ്ങള്‍ പതിവാണെങ്കില്‍ തീര്‍ച്ചയായും അതിന് പരിഹാരം കാണേണ്ടതായി വരാം. 

ദുസ്വപ്നങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍...

യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ടാണ് ഒരു വ്യക്തി പതിവായി ദുസ്വപ്നങ്ങള്‍ കാണുന്നത് എന്നത് ശാസ്ത്രലോകത്തിന് വിശദീകരിക്കാനായിട്ടില്ല. പല കാരണങ്ങളാണ് ഇതിലേക്ക് നയിക്കുന്നതായി ശാസ്ത്രം ചൂണ്ടിക്കാട്ടുന്നത്.

വ്യക്തിയില്‍ അവശേഷിക്കുന്ന ഏതെങ്കിലും വിധത്തിലുള്ള ട്രോമകള്‍ (ആഘാതങ്ങള്‍), മൂഡ് ഡിസോര്‍ഡര്‍, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ലഹരി ഉപയോഗിച്ചിരുന്നവര്‍ അത് നിര്‍ത്തുന്ന അവസ്ഥ, തുടര്‍ച്ചയായ സ്ട്രെസ് എന്നിവയെല്ലാമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. 

അധികവും സൈക്കോളജിക്കല്‍ അല്ലെങ്കില്‍ മനശാസ്ത്രപരമായ കാരണങ്ങളാണ് ഇതില്‍ വരുന്നത്. ആദ്യമേ സൂചിപ്പിച്ചത് പോലെ ട്രോമ ഇതില്‍ വലിയ ഘടകമാകാം. എന്തെങ്കിലും അപകടം- പരുക്ക് എന്നിവയേല്‍പിച്ച ആഘാതം, ലൈംഗിക പീഡനം, അതുമായി ബന്ധപ്പെട്ട മോശം അനുഭവങ്ങള്‍ എന്നിവയുടെ ആഘാതം എന്നിവയെല്ലാം വ്യക്തിയില്‍ കിടന്ന് അത് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഈ അവസ്ഥയിലുള്ളവരില്‍ ദുസ്വപ്നങ്ങള്‍ പതിവാകാമെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

അതുപോലെ ഉറക്കമില്ലായ്മ, തുടര്‍ച്ചയായി ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം ആഴത്തില്‍ കിട്ടാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളുള്ളവരിലും ദുസ്വപ്നങ്ങള്‍ പതിവാകാം. ജോലിസ്ഥലത്ത് നിന്നോ, ബന്ധങ്ങളില്‍ നിന്നോ, വീട്ടില്‍ നിന്നോ എല്ലാം തുടര്‍ച്ചയായി സ്ട്രെസ് നേരിടുന്ന സാഹചര്യത്തിലും ദുസ്വപ്നങ്ങള്‍ വേട്ടയാടാം.

പരിഹാരങ്ങള്‍...

പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ പോലുള്ള മാനസികപ്രശ്നങ്ങള്‍ക്ക് തെറാപ്പി, കൗണ്‍സിലിംഗ് സ്ട്രെസ് കുറയ്ക്കാനുള്ള മരുന്ന് തുടങ്ങി പല ചികിത്സകളും ലഭ്യമാണ്. തീര്‍ച്ചയായും ഇത് സ്വീകരിക്കണം. ഉറക്കമില്ലായ്മയും ഡോക്ടറെ കണ്ട് പരിഹാരം തേടേണ്ടതാണ്.

അനുകൂലമായ അന്തരീക്ഷത്തില്‍ ഉറങ്ങല്‍, പതിവായി ഒരേസമയം ഉറങ്ങല്‍, ഉണരല്‍, സ്ട്രെസില്ലാത്ത ജീവിതാന്തരീക്ഷം, വ്യായാമം, വിനോദത്തിനുള്ള സാധ്യതകള്‍ എന്നിവയെല്ലാം ദുസ്വപ്നങ്ങള്‍ അകറ്റുന്നതിന് വ്യക്തികള്‍ക്ക് സ്വയം ചെയ്യാവുന്നതാണ്. മനസിനെ എപ്പോഴും നിയന്ത്രിച്ചുകൈകാര്യം ചെയ്ത് പരിശീലിക്കണം. അതിന് സാധിക്കാത്തപക്ഷം തീര്‍ച്ചയായും വിദഗ്ധരുടെ സഹായം തേടണം. ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ലജ്ജയും കരുതേണ്ടതില്ല. 

Also Read:- രാത്രിയില്‍ ഉറങ്ങുന്നില്ലേ? കാരണം ഇതാണോ എന്ന് പരിശോധിക്കൂ...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ