
പങ്കാളിയുമൊത്തുള്ള ജീവിതം മുഴുവനായി ആസ്വദിക്കും മുമ്പെ, അബദ്ധത്തില്‍ അമ്മയോ അച്ഛനോ ആകേണ്ടിവരുന്നത് അത്ര ചെറിയ വിഷയമല്ലെന്നാണ് മനശാസ്ത്ര പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ആഗ്രഹിക്കാതെ കുഞ്ഞുങ്ങളുണ്ടാകുന്നത്, സ്ത്രീയേയും പുരുഷനേയും ഒരുപോലെ മാനസികമായി ബാധിക്കുമെന്നാണ് ഈ പഠനങ്ങളത്രയും പറയുന്നത്. സ്ത്രീയെ ആണെങ്കില്‍ ഇത് ശാരീരികമായും ബാധിച്ചേക്കാം.
ഇത്തരത്തിലുള്ള സാഹചര്യങ്ങളൊഴിവാക്കാന്‍ പല തരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളും നമ്മളിന്ന് പിന്തുടരുന്നുണ്ട്, അത് ബാഹ്യമായ മാര്‍ഗങ്ങളാകാം, അല്ലെങ്കില്‍ പില്‍സ് പോലുള്ള അകത്തേക്കെടുക്കുന്ന മാര്‍ഗങ്ങളുമാകാം. രണ്ടിനും അതിന്റേതായ ദോഷവശങ്ങളുണ്ട്. ബാഹ്യമായ മാര്‍ഗങ്ങളെല്ലാം തന്നെ ഗര്‍ഭത്തിനുള്ള സാധ്യതകളെ പൂര്‍ണ്ണമായി തള്ളിക്കളയാതെ, മാനസികമായ പിരിമുറുക്കം സമ്മാനിക്കുമ്പോള്‍, ഗുളികകള്‍ കഴിക്കുന്നത് പോലെയുള്ള പ്രതിരോധമുറകള്‍ സ്ത്രീകളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് പുതിയൊരു ഗര്‍ഭനിരോധന മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് അറ്റ്‌ലാന്റയിലെ 'ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി'യിലെ ഒരു കൂട്ടം ഗവേഷകര്‍. ഗര്‍ഭനിരോധനത്തിനായി പ്രത്യേകം തയ്യാറാക്കിയ ആഭരണങ്ങള്‍ അണിഞ്ഞാല്‍ മതിയെന്നാണ് ഇവരുടെ കണ്ടുപിടുത്തം.
ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെയാണ് ഈ ആഭരണങ്ങള്‍ ഗര്‍ഭിണിയാകുന്നതില്‍ നിന്ന് സ്ത്രീയെ പ്രതിരോധിക്കുന്നത്. അതായത്, ഹോര്‍മോണ്‍ വ്യതിയാനം സൃഷ്ടിക്കാന്‍ ഉതകുന്ന ആഭരണം അണിയുമ്പോള്‍ അത്, തൊലിയിലൂടെ രക്തത്തിലേക്ക് ഈ വ്യതിയാനം പകരുകയാണ്. സ്ത്രീക്കും പുരുഷനും ഒരുപോലെ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ സൃഷ്ടിക്കാമെന്നും അതുവഴി ഗര്‍ഭം തടയാമെന്നുമാണ് ഇവരുടെ പഠനങ്ങള്‍ നല്‍കുന്ന സൂചന.
വളയോ കമ്മലോ മാലയോ വാച്ചോ ബ്രേസ്ലെറ്റോ ഒക്കെ ആകാം ഇത്തരത്തിലുള്ള ആഭരണങ്ങള്‍. പന്നികളിലും എലികളിലുമാണ് ആദ്യഘട്ടത്തില്‍ ഇത് പരീക്ഷിച്ചിരിക്കുന്നത്. ഈ പരീക്ഷണം വിജയമായതോടെ കൂടുതല്‍ വ്യക്തതകള്‍ കണ്ടെത്താനുള്ള അടുത്ത ഘട്ടത്തിലുള്ള പരീക്ഷണങ്ങളിലേക്ക് കടക്കാനാണ് ഗവേഷകരുടെ തീരുമാനം. ആദ്യ പഠനത്തിന്റെ വിശദാംശങ്ങള്‍ 'ജേണല്‍ കണ്‍ട്രോള്‍ഡ് റിലീസ്' എന്ന പ്രസിദ്ധീകരണത്തിലാണ് വന്നിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam