
കൊവിഡ് കാലത്ത് നാം ഏറ്റവുമധികം ശ്രദ്ധിക്കുന്നൊരു കാര്യം മറ്റുള്ളവരുമായി നിശ്ചിത അകലം പാലിക്കുക എന്നതാണ്. അടുത്തിടപഴകുന്നതിലൂടെ രോഗമുള്ളവരുടെ സ്രവകണങ്ങള്‍ നമ്മളിലേക്ക് എത്താനും അതുവഴി നമുക്കും രോഗം പകര്‍ന്നുകിട്ടാനും സാധ്യതയുള്ളതിനാലാണ് ഈ ശ്രദ്ധ.
എന്നാല്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് ഇത്തരം നിര്‍ദേശങ്ങള്‍ വരുമ്പോള്‍ മിക്കവരും അതിനെ പ്രായോഗികമല്ലാത്തതും വിചിത്രമായതുമായ നിര്‍ദേശങ്ങള്‍ എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ചില വിദേശരാജ്യങ്ങളില്‍ മാസ്‌ക് ധരിച്ചുകൊണ്ട് സെക്സിലേര്‍പ്പെടണമെന്ന നിര്‍ദേശം പുറത്തുവന്നപ്പോള്‍ പ്രകടമായ അഭിപ്രായവ്യത്യാസങ്ങള്‍ പങ്കുവച്ചവര്‍ വരെയുണ്ട്.
എന്നാല്‍ സ്ഥിരമായി ഒരു പങ്കാളിക്കൊപ്പം നില്‍ക്കുന്നവരെ സംബന്ധിച്ച് ഈ നിര്‍ദേശം ബാധകമല്ലെന്നും എന്നാല്‍ വീട്ടിലുള്ളതല്ലാത്ത ഒരാളുമായി സെക്സിലേര്‍പ്പെടുമ്പോള്‍ ഈ നിര്‍ദേശം പാലിക്കുന്നതാണ് ഉത്തമമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി. എന്നിരുന്നാലും ഇത്തരത്തിലുള്ള മുന്‍കരുതലുകള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ലെന്ന് തന്നെയാണ് മിക്കവരും വിശ്വസിക്കുന്നത്.
ലോകം ആദ്യമായല്ല ഇത്തരം നിര്‍ദേശങ്ങള്‍ കേള്‍ക്കുന്നത്. 1918ലെ സ്പാനിഷ് ഫ്ളൂ ആണ് കൊവിഡിന് മുമ്പ് ആഗോളതലത്തില്‍ ബാധിക്കപ്പെട്ട ഒരു മഹാമാരി. അന്ന് ആകെ ലോക ജനസംഖ്യയുടെ മൂന്നിലൊരു ഭാഗത്തെ മുഴുവനായി സ്പാനിഷ് ഫ്ളൂ ബാധിച്ചു. അമ്പത് ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി.
അക്കാലത്തും ലൈംഗികത- അടുത്തിടപഴകല്‍ എന്നിവയ്ക്കെല്ലാം നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇത് തെളിയിക്കുന്ന ചില പഴയകാല പത്ര റിപ്പോര്‍ട്ടുകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. ചുംബിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അപകടകരമായ തരത്തിലുള്ള അടുത്തിടപഴകല്‍ എന്നിവയെ എല്ലാം കുറിച്ച് പത്രങ്ങളിലൂടെയും മാസികകളിലൂടെയുമെല്ലാം വിദഗ്ധര്‍ എഴുതിയതും പറഞ്ഞതുമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടുകളിലുള്ളത്.
ഇക്കൂട്ടത്തില്‍ മാസ്‌ക് ധരിച്ചുകൊണ്ട് പുരുഷനും സ്ത്രീയും ചുംബിക്കുന്ന ചിത്രവും വ്യാപകമായ തരത്തിലാണ് ശ്രദ്ധ നേടുന്നത്. അക്കാലത്ത് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ന്, നമുക്ക് പരാതികളില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയേണ്ടതുണ്ട് എന്നാണ് ഇവ മുന്‍നിര്‍ത്തി പലരും വാദിക്കുന്നത്. ആരോഗ്യപരമായ ശ്രദ്ധകള്‍ തീര്‍ച്ചയായും ഇന്നത്തെ പരിസരങ്ങളിള്‍ ആവശ്യം തന്നെ. അതിന് സ്പാനിഷ് ഫ്‌ളൂ കാലത്തെ പ്രതിരോധമാര്‍ഗങ്ങളും ചെറുത്തുനില്‍പുകളും മാതൃകയാക്കാമെങ്കില്‍ അതും സ്വാഗതാര്‍ഹം തന്നെ.
Also Read:- 'കോണ്ടം' ഉപയോഗിക്കുമ്പോള്‍ ഗര്‍ഭധാരണ സാധ്യത! അറിയേണ്ട നാല് കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam