വൃക്കരോഗം; ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കണേ

By Web TeamFirst Published Feb 23, 2021, 7:15 PM IST
Highlights

രക്തത്തിലെ മാലിന്യവും വിഷപദാര്‍ഥങ്ങളും പുറന്തള്ളാന്‍ ശരീരത്തിനുള്ള ഏക മാര്‍ഗമാണ് വൃക്ക. എല്ലിന് ബലവും ആരോഗ്യവും ലഭ്യമാകുന്നത് തുടങ്ങി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ വരെ വൃക്കയുടെ പ്രവര്‍ത്തനം സജീവമാണ്.

ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വൃക്കരോഗം. ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ വൃക്കകളെ ആരോഗ്യകരമായി നിലനിർത്താനാകും. രക്തത്തിലെ മാലിന്യവും വിഷപദാര്‍ഥങ്ങളും പുറന്തള്ളാന്‍ ശരീരത്തിനുള്ള ഏക മാര്‍ഗമാണ് വൃക്ക. 

എല്ലിന് ബലവും ആരോഗ്യവും ലഭ്യമാകുന്നത് തുടങ്ങി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ വരെ വൃക്കയുടെ പ്രവര്‍ത്തനം സജീവമാണ്. വൃക്കയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഡോ. എൽ. എച്ച് ഹിരാനന്ദനി ആശുപത്രിയുടെ സിഇഒയായ സുജിത് ചാറ്റർജി പറയുന്നു...

ധാരാളം വെള്ളം കുടിക്കുക....

ആവശ്യമായ അളവിൽ വെള്ളം കുടിക്കാതിരുന്നാൽ അത് വൃക്കകളെയാണ് ദോഷകരമായി ബാധിക്കുന്നത്. ദിവസവും ‌കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. വെള്ളത്തിന്റെ അളവു കുറഞ്ഞാൽ വൃക്കയിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം.

 

 

മരുന്നുകൾ ആവശ്യമില്ലാതെ കഴിക്കരുത്...

ചെറിയ വേദന തോന്നിയാൽപോലും വേദനസംഹാരികൾ കഴിക്കുന്നത് പലരുടെയും ശീലമാണ്. അത് നിങ്ങളുടെ വൃക്കകളെ ദോഷകരമായി ബാധിക്കാം. ഇവ കഴിക്കുമ്പോൾ വൃക്കയിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം.

അമിതവണ്ണം ഒഴിവാക്കൂ...

തടി കൂടുതലായാൽ വൃക്കകളുടെ പ്രവർത്തനം കുറയാനുള്ള സാധ്യത നാലു മടങ്ങ് കൂടുതലാണ്. ശരീരഭാരം വർധിക്കുമ്പോൾ ഇത് വൃക്കകളുടെ രൂപഘടന നശിപ്പിക്കുന്നു. ഇത് ക്രോണിക് കിഡ്നി ഡിസീസിലേക്ക് നയിക്കാം.

 

 

പ്രമേഹം...

രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചല്ലെങ്കിൽ ഇത് വൃക്കയുടെ പ്രവർത്തനത്തെ താളം തെറ്റിക്കും. ഇതാണ് ഡയബറ്റിക് നെഫ്രോപ്പതി ( diabetic nephropathy). 

കൊഴുപ്പിനെ സൂക്ഷിക്കുക...

പുരുഷന്‍മാര്‍ക്ക് ആകെ ശരീരഭാരത്തിന്റെ 15 ശതമാനം വരെയും സ്ത്രീകൾക്ക് 25 ശതമാനം വരെയും കൊഴുപ്പ് ആവാം എന്നാണ് കണക്ക്. എന്നാൽ ഇതിൽ കൂടുതൽ കൊഴുപ്പ് ശരീരത്തിലെത്തുന്നത് വൃക്കയുടെ പ്രവർത്തനത്തെ താളം തെറ്റിക്കും.

 

 

പുകവലിയും മദ്യപാനവും...

പുകവലിയും മദ്യപാനവും ശരീരത്തിലെ വിഷവസ്തുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ വൃക്കയിൽ ഭാരം വർദ്ധിപ്പിക്കുന്നു. വൃക്കയെ ആരോഗ്യകരമായി നിലനിർത്താൻ ഇവ രണ്ടും ഒഴിവാക്കുക.

click me!