
തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ഹൃദയ ചികിത്സയിൽ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത് 600ലേറെ കുഞ്ഞുങ്ങൾ. സംസ്ഥാന സർക്കാർ 2018 ൽ എസ് എ ടി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ കാത്ത് ലാബ് തുടങ്ങുകയും 2021-ൽ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ തീയറ്ററും സജ്ജമാക്കിയതോടെയാണ് ഇത്രയധികം കുട്ടികൾക്ക് ശസ്ത്രകിയ നടത്താനായത്. ഇത്തവണ ലോക ഹൃദയദിനത്തോടനുബന്ധിച്ചാണ് ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചത്. വകുപ്പു മേധാവി ഡോ എസ് ലക്ഷ്മിയുടെയും അസിസ്റ്റന്റ് പ്രൊഫ. ഡോ കെ എൻ ഹരികൃഷ്ണന്റെയും നേതൃത്വത്തിലാണ് പീഡിയാട്രിക് കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്നത്. ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികൾക്ക് ഹൃദയം തുറക്കാതെ കത്തീറ്റർ ചികിത്സ നൽകുന്നതിനുള്ള സൗകര്യം 2018ലാണ് തുടങ്ങുന്നത്.
ഹൃദയത്തിലെ സുഷിരങ്ങൾ അടയ്ക്കുന്നതിനുള്ള ഡിവൈസ് ക്ലോ ഷേഴ്സ്, ഹൃദയ വാൽവ് ചുരുങ്ങുന്ന രോഗത്തിനുള്ള ബലൂൺ ചികിത്സ, നവജാത ശിശുക്കളിൽ ജീവൻ നിലനിർത്താനുള്ള പിഡിഎ സ്റ്റെന്റിംഗ് എന്നീ ചികിത്സകൾ കാത്ത് ലാബിൽ നടത്തുന്നു. 2021 ൽ പീഡിയാട്രിക് കാർഡിയാക് സർജറി തീയറ്റർ വന്നതോടെയാണ് നവജാത ശിശുക്കൾ അടക്കമുള്ള കുട്ടികൾക്ക് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ എസ് എ ടിയിൽ സൗജന്യമായി ലഭ്യമാക്കിയത്. ഈ ചികിത്സകളിലൂടെ ജീവിതം തിരികെ ലഭിച്ച കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും മെഡിക്കൽ കോളേജ് സി ഡി സി ഓഡിറ്റോറിയത്തിൽ ലോക ഹൃദയദിനമായ വെള്ളിയാഴ്ച ഒത്തുകൂടും.
ആഘോഷ പരിപാടികൾ രാവിലെ ഒൻപതിന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ തോമസ് മാത്യു അധ്യക്ഷനാകും. നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ, ഡോ ശശി തരൂർ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളാകും. വെള്ളി രാവിലെ ആറിന് മ്യൂസിയം അങ്കണത്തിൽ ഹൃദയസംരക്ഷണവും കുട്ടികളിലെ ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുമായി പീഡിയാട്രിക് കാർഡിയോളജി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വാക്കത്തോൺ ഉണ്ടായിരിക്കും. എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദു വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് സംസ്ഥാന നോഡൽ ഓഫീസർ ഫോർ ചൈൽഡ് ഹെൽത്ത് ഡോ യു ആർ രാഹുൽ ഹൃദയദിന സന്ദേശം നൽകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam