ഒറ്റയ്ക്കിരുന്ന് തന്നോട് തന്നെ സംസാരിക്കാറുണ്ടോ? ഉണ്ടെങ്കില്‍ കേള്‍ക്കൂ...

By Web TeamFirst Published Nov 23, 2019, 10:46 PM IST
Highlights

ചിലരുണ്ട് കണ്ണാടിക്ക് മുന്നില്‍ നിന്ന് തന്നെത്തന്നെ നോക്കിക്കൊണ്ടോ, മറ്റെവിടെയെങ്കിലും സ്വസ്ഥമായി ഇരുന്നോ ഒക്കെ സ്വയം സംസാരിക്കുന്നവർ. പക്ഷേ ഇതാരെങ്കിലും കണ്ടുകഴിഞ്ഞാല്‍ ഉടന്‍ 'വട്ടാണല്ലേ' എന്ന കമന്റാണ് ആദ്യം കിട്ടുക. ഇത്തരത്തില്‍ സ്വയം സംസാരിക്കുന്നത് സത്യത്തില്‍ ഭ്രാന്തുള്ളവരാണോ? എന്താണ് മനശാസ്ത്ര വിദഗ്ധര്‍ക്ക് ഇക്കാര്യത്തില്‍ പറയാനുള്ളതെന്ന് അറിയാമോ?

ഒട്ടുമിക്ക മനുഷ്യരും സ്വയം ആശയവിനിമയം നടത്തുന്നുണ്ട് എന്നാണ് മനശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. നമ്മുടെ ചിന്തകളും അനുമാനങ്ങളും തീരുമാനങ്ങളും ശരിയാണോ, അല്ലെങ്കില്‍ എന്താണ് അതിലെ പ്രശ്‌നം എന്നിങ്ങനെയെല്ലാം സ്വയം വിലയിരുത്താന്‍ ഈ സംസാരം സഹായിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ ചിലരാകട്ടെ, ആ സ്വയം സംസാരം അല്‍പം ഉറക്കെയായിരിക്കും ചെയ്യുക. ഉദാഹരണത്തിന് കണ്ണാടിക്ക് മുന്നില്‍ നിന്ന് തന്നെത്തന്നെ നോക്കിക്കൊണ്ടോ, മറ്റെവിടെയെങ്കിലും സ്വസ്ഥമായി ഇരുന്നോ ഒക്കെയാകാം. 

പക്ഷേ ഇതാരെങ്കിലും കണ്ടുകഴിഞ്ഞാല്‍ ഉടന്‍ 'വട്ടാണല്ലേ' എന്ന കമന്റാണ് ആദ്യം കിട്ടുക. ഇത്തരത്തില്‍ സ്വയം സംസാരിക്കുന്നത് സത്യത്തില്‍ ഭ്രാന്തുള്ളവരാണോ? എന്താണ് മനശാസ്ത്ര വിദഗ്ധര്‍ക്ക് ഇക്കാര്യത്തില്‍ പറയാനുള്ളതെന്ന് അറിയാമോ?

 

 

യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തി അയാളോട് തന്നെ സംസാരിക്കുന്നത് വളരെ നല്ല ശീലമാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. നമ്മുടെ ചിന്തകളെ ശബ്ദത്തിലാക്കി അതുറക്കെ പറഞ്ഞുനോക്കുമ്പോള്‍ അതേ ചിന്തകളില്‍ അല്‍പം കൂടി വ്യക്തത വരുമത്രേ. 

അതുപോലെ ചെയ്യാനുള്ള കാര്യങ്ങളാണ് ഇങ്ങനെ പറഞ്ഞുനോക്കുന്നതെങ്കില്‍ അത്, തുടര്‍ന്ന് ചെയ്യാനിരിക്കുന്ന കാര്യങ്ങളെ 'പോസിറ്റീവ്' ആയ രീതിയില്‍ സ്വാധീനിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് കായികതാരങ്ങളുടെ സ്വയം പ്രചോദിപ്പിക്കുന്ന രീതിയെ ആണ്. 

'കമോണ്‍... യൂ കാന്‍ ഡൂ ഇറ്റ്' എന്നെല്ലാം ഗെയിമിനിടയില്‍ താരങ്ങള്‍ സ്വയം പറയാറുള്ളത്, ഇതേ മനശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണെന്ന്. നമ്മള്‍ ലക്ഷ്യമിടുന്ന ഗോളുകളെ എളുപ്പത്തില്‍ നേടിയെടുക്കാന്‍ ഈ സ്വയം പ്രചോദനം സഹായിക്കുമത്രേ. 

 

 

അതുപോലെ ഒരുപാട് കാര്യങ്ങള്‍ പ്രത്യേക സമയപരിധിക്കുള്ളില്‍ ചെയ്ത് തീര്‍ക്കാനുള്ളപ്പോള്‍ അത് ഉറക്കെ സ്വയം പദ്ധതി ചെയ്യുന്നത് കാര്യങ്ങളെ എളുപ്പത്തിലും പിഴവ് കൂടാതെയും വിട്ടുപോകാതെയും ചെയ്യാനും സഹായിക്കും. ചെയ്യാനുള്ള ജോലികളെ ആവര്‍ത്തിച്ച് പറയുകയാണെങ്കില്‍ അത് കുറേക്കൂടി ഫലപ്രദമാകുമെന്നും വിദഗ്ധര്‍ പറയുന്നു. 

ഇനി, ജോലിഭാരങ്ങള്‍ കുറയ്ക്കാനും ജോലികള്‍ എളുപ്പത്തിലാക്കാനും മാത്രമല്ല ഈ സ്വയം സംസാരം ഉപകാരപ്പെടുന്നത്. എന്തെങ്കിലും കാര്യം മികച്ച രീതിയില്‍ ചെയ്തുതീര്‍ക്കാനായാല്‍ അതിന്റെ പേരില്‍ സ്വയം അഭിനന്ദിക്കാനും ഒരാള്‍ക്ക് സംസാരത്തിലൂടെ ശ്രമിക്കാവുന്നതാണ്. സ്വന്തം പുറത്തുതട്ടി, 'നീ കലക്കി'യെന്ന് സ്വയം പറയുന്നത് ഒന്ന് സങ്കല്‍പിച്ചുനോക്കൂ. അനാവസ്യമായ കോംപ്ലക്‌സുകള്‍ ഉള്ളില്‍ നിന്ന് കളയാനും ആരോഗ്യകരമായ ചിന്തകള്‍ നിറയാനും ഇത് ഏറെ സഹായിക്കുമെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്.

click me!