
മുടിയുടെ ആരോഗ്യവുമായി ( Hair Health ) ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ പറഞ്ഞുകേള്‍ക്കാറുള്ള പരാതിയാണ് മുടി കൊഴിച്ചില്‍ ( Hair Los ) . കാലാവസ്ഥയിലെ മാറ്റം, ഡയറ്റ് പ്രശ്‌നങ്ങള്‍, മാനസിക സമ്മര്‍ദ്ദം, അസുഖങ്ങള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ മുടി കൊഴിച്ചിലിന് കാരണമാകാം.
ഇവയില്‍ തന്നെ മുടിയുടെ ആരോഗ്യത്തെ ഏറെ സ്വാധീനിക്കുന്നൊരു ഘടകമാണ് ഭക്ഷണം. നാം എന്ത് കഴിക്കുന്നു എന്നത് തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ശരീരത്തെയും മനസിനെയുമെല്ലാം നിര്‍ണയിക്കുന്നത്. മുടിയുടെ കാര്യത്തില്‍ വരുമ്പോഴും സ്ഥിതി സമാനം തന്നെ.
അതിനാല്‍ മുടിയുടെ ആരോഗ്യത്തില്‍ വേവലാതിയുള്ളവര്‍ തീര്‍ച്ചയായും ഭക്ഷണകാര്യങ്ങളില്‍ ചിലത് ശ്രദ്ധിക്കേണ്ടതായി വരാം. പ്രത്യേകിച്ച് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും വിധത്തിലുള്ള ഭക്ഷണങ്ങളില്‍ നിന്ന് അകലം പാലിക്കാനെങ്കിലും പ്രത്യേകമായി ശ്രദ്ധിക്കുക. ഏതായാലും അത്തരത്തില്‍ മുടി കൊഴിച്ചിലിന് കാരണമായേക്കാവുന്ന ഏഴ് തരം ഭക്ഷണങ്ങളെയാണിനി പരിചയപ്പെടുത്തുന്നത്.
ഒന്ന്...
പഞ്ചസാരയാണ് ഈ പട്ടികയില്‍ ആദ്യം വരുന്നത്. മുടിയുടെ മാത്രമല്ല, ആകെ ആരോഗ്യത്തെയും മോശമായി സ്വാധീനിക്കുന്നൊരു ഘടകമാണ് പഞ്ചസാര.
അമിതമായി പഞ്ചസാര ഉപയോഗിക്കുന്നവരില്‍ പുരുഷന്മാരായാലും സ്ത്രീകളായാലും മുടിയുടെ ആരോഗ്യം ക്ഷയിച്ചുവരുന്നതായും മുടി കൊഴിച്ചിലിന് ഇടയാക്കുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട്...
ഗ്ലൈസമിക് സൂചിക കൂടുതലായി വരുന്ന ഭക്ഷണങ്ങളും മുടിക്ക് നല്ലതല്ല. റിഫൈന്‍ഡ്‌സ് പൊടികള്‍, മധുരം ചേര്‍ത്ത ബ്രഡ് ഇവയെല്ലാം തന്നെ ഗ്ലൈസമിക് സൂചിക കൂടിയ ഭക്ഷണങ്ങളാണ്. ഇവ ഹോര്‍മോണ്‍ ബാലന്‍സ് തകര്‍ക്കുകയും ഇന്‍സുലിനും ആന്‍ഡ്രോജനും വര്‍ധിപ്പിക്കുകും ഇവ രോമകൂപങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി മുടി കൊഴിച്ചില്‍ ഉണ്ടാകാം.
മൂന്ന്...
അമിതമായി മദ്യപിക്കുന്നതും മുടി കൊഴിയുന്നതിന് കാരണമായി വരാം. കെരാട്ടിന്‍ എന്ന പ്രോട്ടീനാണ് മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന സുപ്രധാന ഘടകം. ഈ പ്രോട്ടീനിന്റെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാന്‍ മദ്യത്തിന് കഴിയും. ഇതോടെ മുടിയുടെ ആരോഗ്യം കുറയുകയും ക്രമേണ മുടി കൊഴിച്ചിലുണ്ടാവുകയും ചെയ്യുന്നു. ഒരുപക്ഷേ പിന്നീട് ചികിത്സകളിലൂടെ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ മുടി കൊഴിച്ചിലുണ്ടാക്കാനും മദ്യപാനത്തിന് സാധിക്കും.
നാല്...
ഡയറ്റ് സോഡയാണ് ഈ പട്ടികയില്‍ അടുത്തതായി വരുന്നത്യ ഇതില്‍ ചേര്‍ക്കുന്ന കൃത്രിമമധുരം മുടിയെ നശിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
അഞ്ച്...
ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഭക്ഷണമാണ് ജങ്ക് ഫുഡ്. ഇതിലടങ്ങിയിരിക്കുന്ന അനാരോഗ്യകരമായ കൊഴുപ്പ് ഹൃദയാരോഗ്യത്തിനും മറ്റും വെല്ലുവിളിയുയര്‍ത്തുന്നതാണ്.
ഇത് മുടിയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം.
ആറ്...
ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ഭക്ഷണമാണ് മുട്ട. ഇത് വേവിച്ചും അല്ലാതെയുമെല്ലാം കഴിക്കുന്നവരുണ്ട്. വേവിക്കാതെ മുട്ടയുടെ വെള്ള കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. കെരാട്ടിന്‍ പ്രോട്ടീനുത്പാദിപ്പിക്കുന്ന ബയോട്ടിന്‍ എന്ന വൈറ്റമിന്‍ കുറയുന്നതിന് പാകം ചെയ്യാത്ത മുട്ടയുടെ വെള്ള കാരണമാകുമത്രേ.
ഏഴ്...
ചിലയിനത്തില്‍ പെടുന്ന മത്സ്യം അധികമായി കഴിക്കുന്നതും പെട്ടെന്നുള്ള മുടി കൊഴിച്ചിലിന് കാരണമാകും. മെര്‍ക്കുറി കാര്യമായി അടങ്ങിയ മത്സ്യങ്ങളെയാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്.
Also Read:- തല നിറയെ പേൻ, മുറിവുകൾ ; പേൻ കൂടിയപ്പോൾ ഏഴ് വയസുകാരിയ്ക്ക് സംഭവിച്ചത്...