‌ കുഞ്ഞുങ്ങളിലെ കേൾവിക്കുറവ്; രക്ഷിതാക്കൾ തുടക്കത്തിലെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Web TeamFirst Published Mar 3, 2020, 6:20 PM IST
Highlights

ഒരു വയസ്സായിട്ടും കുഞ്ഞ് ശബ്ദമുണ്ടാക്കുകയോ പറയുന്നതു ശ്രദ്ധിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം. കേള്‍വിക്കുറവാകാം കാരണം. 

കുട്ടികളിൽ കേൾവി ശക്തി നഷ്‌ടപ്പെടുന്നത് ഏറ്റവും ഉത്‌ക്കണ്‌ഠ ഉളവാക്കുന്ന കാര്യമാണ്. മിക്ക രക്ഷിതാക്കളും തുടക്കത്തിലെ ശ്രദ്ധിക്കാതെ പോകുമ്പോൾ പിന്നീടത് വലിയ പ്രശ്നമായി മാറുന്നു. ഒരു വയസ്സായിട്ടും കുഞ്ഞ് ശബ്ദമുണ്ടാക്കുകയോ പറയുന്നതു ശ്രദ്ധിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം. കേള്‍വിക്കുറവാകാം കാരണം.

 കുഞ്ഞുങ്ങളുടെ പെരുമാറ്റവും പ്രതികരണവും നിരീക്ഷിച്ചാല്‍ രക്ഷിതാക്കൾക്ക് വളരെ എളുപ്പത്തില്‍ കുഞ്ഞുങ്ങളിലെ കേള്‍വിക്കുറവ് നേരത്തേ കണ്ടെത്താനാവും. ചെറിയ തോതിലുള്ള കേള്‍വിക്കുറവ് പോലും കുഞ്ഞുങ്ങളുടെ സംസാരശേഷിയെയും ഭാഷ മനസ്സിലാക്കുന്നതിനുള്ള കഴിവിനെയും ബാധിക്കും. 15% കുട്ടികൾക്ക് കേൾവിക്കുറവുണ്ടെന്നാണ് ഒരു ദേശീയ സർവേ സുചിപ്പിക്കുന്നത്.

  ആദ്യ രണ്ടു വര്‍ഷങ്ങളില്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. രക്ഷിതാക്കൾ തുടക്കത്തിലെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം....

മൂന്ന് മാസം വരെ...

ആദ്യത്തെ മൂന്നു മാസത്തിനുള്ളില്‍ കുഞ്ഞ് ഇടയ്ക്ക് ചിരിക്കുകയും കൂവുന്നതു പോലെ ചെറിയ ശബ്ദങ്ങളുണ്ടാക്കുകയും ചെയ്യും. അമ്മയുടെ ശബ്ദം കേട്ടാല്‍ കുഞ്ഞ് തിരിച്ചറിയുകയും ശാന്തമാവുകയും ചെയ്യാന്‍ തുടങ്ങും.

3 - 6 മാസം വരെ...

പരിചയമുള്ളവരുടെ ശബ്ദം കേട്ടാല്‍ കുഞ്ഞ് തല തിരിക്കുകയോ നോക്കുകയോ ചെയ്യും. ഇടയ്ക്കു ശബ്ദങ്ങളുണ്ടാക്കി കളിക്കും. ശബ്ദമുണ്ടാക്കുന്ന തരം കളിപ്പാട്ടങ്ങളോട് ഈ പ്രായത്തില്‍ കുഞ്ഞുങ്ങള്‍ ഇഷ്ടം കാണിക്കും.

6 - 9 മാസം വരെ...

ആറ് മാസം മുതൽ ടാറ്റാ, ബൈബൈ, വേണ്ട എന്നീ സാധാരണ വാക്കുകള്‍ കുഞ്ഞുങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങും. ചെറിയ ശബ്ദങ്ങള്‍ കേട്ടാല്‍ അനുകരിക്കുകയും നഴ്‌സറി ഗാനങ്ങള്‍ കേട്ടാല്‍ ശ്രദ്ധയോടെ നോക്കുകയും ചെയ്യും.

9 -12 മാസം വരെ...

കുഞ്ഞുങ്ങള്‍ ലളിതമായ വാക്കുകളും ശബ്ദങ്ങളും അനുകരിക്കാന്‍ ശ്രമിക്കും. പരിചിതമായ വസ്തുക്കള്‍ ചോദിച്ചാല്‍ കുഞ്ഞ് അവയെ ചൂണ്ടിക്കാണിക്കുകയോ  എടുത്തുകാണിക്കുകയോ ചെയ്യും. 

12 -18 മാസം വരെ...

 പാട്ട് കേള്‍ക്കുമ്പോള്‍ കുഞ്ഞ് തുള്ളിക്കളിക്കുകയോ സന്തോഷം പ്രകടിപ്പിക്കുകയോ ചെയ്യുന്നത് കാണാം.  ലളിതമായ കുറച്ചു വാക്കുകള്‍ ചേര്‍ത്തു സംസാരിക്കാനും കുഞ്ഞ് ശ്രമിക്കും.

18–24 മാസം വരെ...

കണ്ണ്, എവിടെ എന്നു ചോദിച്ചാല്‍ കണ്ണ് ചൂണ്ടിക്കാണിക്കാന്‍ കുഞ്ഞ് പഠിക്കും. ഈ പ്രായത്തിലാണു കുട്ടികള്‍ ഒന്നോ രണ്ടോ വാക്കുകള്‍ ചേര്‍ത്തു വച്ച് സംസാരിക്കാന്‍ ആരംഭിക്കുന്നത്.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്....

 തുടക്കത്തിലെ കുഞ്ഞുങ്ങളോട് സംസാരിക്കാൻ ശ്രമിക്കുക. എപ്പോഴും കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് നഴ്‌സറി ഗാനങ്ങള്‍ പാടുകയോ കഥകള്‍ പറഞ്ഞ് കൊടുക്കുകയോ ചെയ്യാം. ചെറിയ ശബ്ദങ്ങള്‍ ഉണ്ടാക്കി കേള്‍പ്പിച്ച് കുഞ്ഞ് പ്രതികരിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കുക. അച്ഛ, അമ്മ എന്നു പറയുന്നുണ്ടെങ്കില്‍ സന്തോഷം പ്രകടിപ്പിച്ച് കുഞ്ഞിനെ പ്രോത്സാഹിപ്പിക്കാം. കളിപ്പാട്ടങ്ങളെ ചൂണ്ടിക്കാണിച്ച് അതിനെക്കുറിച്ചു കൂടുതൽ സംസാരിക്കുക. 

click me!