
വണ്ണം കുറയ്ക്കുകയെന്നത് അല്‍പം പ്രയാസകരമായ സംഗതിയാണ്. അതിലും പ്രയാസകരമാണ് വയര്‍ കുറയ്ക്കുകയെന്നത്. കൃത്യമായ ഡയറ്റോ വര്‍ക്കൗട്ടോ എല്ലാം വണ്ണം കുറയ്ക്കുന്നതിനും വയര്‍ കുറയ്ക്കുന്നതിനുമെല്ലാം ആവശ്യമാണ്.
ഡയറ്റ് അഥവാ ഭക്ഷണം വണ്ണം കുറയ്ക്കുമ്പോഴും വയര്‍ കുറയ്ക്കുമ്പോഴുമെല്ലാം ഏറെ ശ്രദ്ധിക്കേണ്ട വിഷയമാണ്. ചില ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടി വരാം. ചിലത് നിയന്ത്രിക്കേണ്ടി വരാം. മറ്റ് ചില ഭക്ഷണങ്ങളാകട്ടെ ഡയറ്റിലുള്‍പ്പെടുത്തേണ്ടിയും വരാം.
ഇനി, വയര്‍ കുറയ്ക്കാൻ- പ്രത്യേകിച്ച് വയറില്‍ നിന്ന് അമിതമായ കൊഴുപ്പ് എരിച്ചുകളയുന്നതിന് സഹായകമായിട്ടുള്ളൊരു 'ടിപ്' ആണ് പങ്കുവയ്ക്കുന്നത്. വളരെ ലളിതമായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നൊരു പാനീയം. ഇത് പതിവായി കഴിച്ചാല്‍ അത് വയര്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പെട്ടെന്ന് തന്നെ ഫലം നല്‍കും.
എന്താണ് ഈ പാനീയം എന്നല്ലേ? പരമ്പരാഗതമായി തന്നെ ഔഷധങ്ങള്‍ എന്ന നിലയില്‍ കണക്കാക്കപ്പെട്ടിട്ടുള്ള ചില സ്പൈസുകളാണ് ഈ പാനീയം തയ്യാറാക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഉലുവ, പെരുഞ്ചീരകം, ഇഞ്ചി, കറുവപ്പട്ട എന്നിവയാണ് ചേരുവകളായി വരുന്നത്. ഇതിന് പുറമെ ചെറുനാരങ്ങാനീരും.
ഉലുവ ഫൈബറിന്‍റെ നല്ലൊരു ഉറവിടമാണ്. അതിനാല്‍ തന്നെ ഇത് രക്തത്തില്‍ ഷുഗര്‍നില ഉയരുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു. അതോടൊപ്പം വയറില്‍ അടിഞ്ഞുകിടക്കുന്ന കൊഴുപ്പിനെ എരിച്ചുകളയുന്നതിനും ഉലുവ ഏറെ സഹായകമാണ്. കൊളസ്ട്രോള്‍ അധികരിക്കാതെ തടയുന്നതിനും പ്രയോജനപ്പെടുന്നതിനാല്‍ ഉലു, തീര്‍ച്ചയായും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഡയറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താവുന്നൊരു ചേരുവയാണ്.
പെരുഞ്ചീരകമാണെങ്കില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് പ്രധാനമായും ചെയ്യുന്നത്. ദഹനം സുഗമമാകുന്നത് വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാമായി നടത്തുന്ന ശ്രമങ്ങളെ ആക്കപ്പെടുത്തും. അതുപോലെ തന്നെ പെട്ടെന്ന് വിശപ്പ് ശമിപ്പിക്കുന്നതിനും പെരുഞ്ചീരകം സഹായിക്കുന്നുണ്ട്. ഇതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും കഴിയും.
പെരുഞ്ചീരകം ശരീരത്തില്‍ അധികമായി കൊഴുപ്പ് ശേഖരിച്ച് വയ്ക്കപ്പെടുന്നത് തടയുകയും അതുപോലെ ഭക്ഷണങ്ങളില്‍ നിന്ന് വൈറ്റമിനുകളും ധാതുക്കളും ധാരാളമായി വലിച്ചെടുക്കുകയും ചെയ്യുന്നു. ഇതെല്ലാം വയര്‍ കുറയ്ക്കുന്നതിന് നേരിട്ടും അല്ലാതെയും സഹായം ചെയ്യുന്ന കാര്യങ്ങളാണ്.
ഇഞ്ചിയാണെങ്കില്‍ പ്രധാനമായും രക്തത്തിലെ ഷുഗര്‍നില നിയന്ത്രിച്ചുനിര്‍ത്താൻ സഹായിക്കുന്നതാണ്. വേറെയും ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഇഞ്ചിക്കുണ്ട്. അക്കാര്യത്തില്‍ സംശയമില്ല. കൊഴുപ്പിനെ എരിയിച്ചുകളയുന്നതിനും ഇഞ്ചി ഏറെ സഹായകമാകുന്നു.
ഇനി ഇപ്പറയുന്ന പാനീയം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് മനസിലാക്കാം. രണ്ട് ടീസ്പൂണ്‍ ഉലുവ പൊടിച്ചത്, രണ്ട് ടീസ്പൂണ്‍ പെരുഞ്ചീരകം പൊടിച്ചത്, രണ്ട് ടീസ്പൂണ്‍ ഇഞ്ചി പൊടിച്ചത്, രണ്ട് കഷ്ണം കറുവപ്പട്ട, അര ടീസ്പൂണ്‍ റോക്ക് സാള്‍ട്ട്, ആവശ്യമെങ്കില്‍ അല്‍പം ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനിയിതില്‍ നിന്ന് അര ടീസ്പൂണ്‍ എടുത്ത് ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുകയാണ് വേണ്ടത്. ഇത്രയും ലളിതമാണ് ഇത് തയ്യാറാക്കാൻ. കഴിയുന്നതും ലഞ്ചിന് മുമ്പായി ഇത് കുടിക്കുന്നതാണ് കൂടുതലും നല്ലത്.
Also Read:- ആരോഗ്യത്തോടെ ഇരിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam