'കൊവിഡ് 19 തലച്ചോറില്‍ മാറ്റം വരുത്തും'; പുതിയ പഠനറിപ്പോര്‍ട്ട് പുറത്ത്

Published : Jun 14, 2023, 02:49 PM IST
'കൊവിഡ് 19 തലച്ചോറില്‍ മാറ്റം വരുത്തും'; പുതിയ പഠനറിപ്പോര്‍ട്ട് പുറത്ത്

Synopsis

കൊവിഡ് ബാധിക്കപ്പെട്ടവരില്‍ പിന്നീടങ്ങോട്ട് കണ്ടേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളുടെ കാര്യത്തിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പഠനങ്ങള്‍ പലതും പാതി വഴിയിലാണ്. ഒരുപക്ഷേ കൊവിഡ് എങ്ങനെയാണ് നമുക്ക് മറികടക്കാനാകാത്ത വിധം, അല്ലെങ്കില്‍ മറികടക്കാൻ പ്രയാസമാകും വിധം നമ്മെ ബാധിച്ചതെന്ന് ഭാവിയിലായിരിക്കാം നാം അറിയാൻ പോകുന്നത്.

കൊവിഡ് 19 മഹാമാരിയുണ്ടാക്കിയ പ്രതിസന്ധികളുടെ ശേഷിപ്പ് ഇന്നും ലോകജനതയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങള്‍, തളര്‍ച്ച പോലുള്ള വിഷയങ്ങള്‍ക്കപ്പുറം കടുത്ത സാമ്പത്തിക- തൊഴില്‍ പ്രതിസന്ധി, മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും കൊവിഡ് 19 ബാക്കിയാക്കുന്ന വെല്ലുവിളികളാണ്.

ഇതിനിടെ കൊവിഡ് ബാധിക്കപ്പെട്ടവരില്‍ പിന്നീടങ്ങോട്ട് കണ്ടേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളുടെ കാര്യത്തിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പഠനങ്ങള്‍ പലതും പാതി വഴിയിലാണ്. ഒരുപക്ഷേ കൊവിഡ് എങ്ങനെയാണ് നമുക്ക് മറികടക്കാനാകാത്ത വിധം, അല്ലെങ്കില്‍ മറികടക്കാൻ പ്രയാസമാകും വിധം നമ്മെ ബാധിച്ചതെന്ന് ഭാവിയിലായിരിക്കാം നാം അറിയാൻ പോകുന്നത്.

ഇപ്പോഴിതാ കൊവിഡ് തലച്ചോറിനെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട പുതിയൊരു പഠനറിപ്പോര്‍ട്ടാണ് കാര്യമായ ശ്രദ്ധ നേടുന്നത്. കാനഡയിലെ ടൊറന്‍റോയില്‍ നിന്നുള്ള 'റോട്ട്മാൻ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്', 'സണ്ണിബ്രൂക്ക് ഹോസ്പിറ്റല്‍' എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്. 

കൊവിഡ് 19 തലച്ചോറിന്‍റെ 'വൈറ്റ് മാറ്റര്‍' എന്നറിയപ്പെടുന്ന ഭാഗത്തെ ബാധിക്കാമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. സിഡിഐ (കോറലേറ്റഡ് ഡിഫ്യൂഷൻ ഇമേജിംഗ് ) എന്ന പുതിയ ഇമേംജിഗ് ടെക്നിക് ഉപയോഗിച്ചാണ് കൊവിഡ് രോഗികളുടെ തലച്ചോറില്‍ സംഭവിക്കുന്ന മാറ്റം ഗവേഷകര്‍ മനസിലാക്കിയിരിക്കുന്നത്. കാനഡയിലെ വാട്ടര്‍ലൂ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ അല്സാണ്ടര്‍ വോംഗ് ആണ് സിഡിഐ ഇമേജിംഗ് ടെക്നിക്ക് വികസിപ്പിച്ചെടുത്തത്. തലച്ചോറിനെ കൂടുതല്‍ സൂക്ഷ്മമായും വ്യക്തമായും മനസിലാക്കുന്നതിന് പ്രയോജനപ്പെടുന്ന പരിശോധനാരീതിയാണിതെന്ന് പറയാം.

'മിക്കവരും ചിന്തിക്കുന്നത് കൊവിഡ് ശ്വാസകോശങ്ങളെയാണ് ബാധിക്കുകയെന്നാണ്. എന്നാല്‍ ഈ പുതിയ എംആര്‍ഐ ടെക്നിക് ഉപയോഗിച്ച് കൊവിഡ് തലച്ചോറില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് കണ്ടെത്താൻ ഞങ്ങള്‍ക്കായിട്ടുണ്ട്. തലച്ചോറിലെ വൈറ്റ് മാറ്റര്‍ എന്ന ഭാഗത്തെയാണ് കൊവിഡ് ബാധിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്...'- വോംഗ് പറയുന്നു. 

നടക്കുമ്പോഴും നില്‍ക്കുമ്പോഴുമെല്ലാം ശരീരത്തിന്‍റെ ബാലൻസ് സൂക്ഷിക്കാനും, കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും, കാര്യങ്ങള്‍ മനസിലാക്കി അതിനോട് കൃത്യമായി പ്രതികരിക്കാനും, പ്രശ്ന പരിഹാരത്തിനുമെല്ലാം നമ്മെ സഹായിക്കുന്നത് തലച്ചോറിലെ 'വൈറ്റ് മാറ്റര്‍' എന്നറിയപ്പെടുന്ന ഭാഗമാണ്. ഇത് ബാധിക്കപ്പെടുന്നത് സ്വാഭാവികമായും ഇത്രയും കാര്യങ്ങളെയെങ്കിലും പ്രശ്നത്തിലാക്കും. എന്നാലിത് സംബന്ധിച്ച വിവരങ്ങളൊന്നും പഠനറിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വന്നിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല. 

Also Read:- രക്തം ദാനം ചെയ്യുന്നതിന് മുമ്പും ശേഷവും നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വായിലെ ദുർഗന്ധം കാരണം സംസാരിക്കാൻ മടിയാണോ? ഈ ഭക്ഷണങ്ങൾ വായ്നാറ്റം അകറ്റാന്‍ സഹായിക്കും
പ്രകൃതിദത്തമായി ബ്ലഡ് പ്രഷർ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ