നിങ്ങള്‍ 'നാര്‍സിസ്റ്റ്' ആണോ?; കൊവിഡ് കാലത്ത് ഈ സ്വയം പരിശോധനയ്ക്ക് പ്രാധാന്യമുണ്ടെന്ന് പഠനം

By Web TeamFirst Published Jul 24, 2020, 11:28 PM IST
Highlights

സാധാരണനിലയില്‍ ഇതൊരു മാതൃകാപരമായ സ്വഭാവ സവിശേഷതയായി കണക്കാക്കപ്പെടുന്നില്ല. മറ്റുള്ള മനുഷ്യരെ പരിഗണിക്കാതിരിക്കുന്നത് ഒരിക്കലും നമ്മള്‍ നല്ല വ്യക്തിത്വമായി മനസിലാക്കില്ലല്ലോ! എന്നാല്‍ ഈ കൊവിഡ് കാലത്ത് ഇവരെക്കൊണ്ട് എടുത്തുപറയത്തക്ക ശല്യമുണ്ടാകുന്നുണ്ട് എന്നാണ് പുതിയൊരു പഠനം പറയുന്നത്

'നാര്‍സിസ്റ്റ്' അല്ലെങ്കില്‍ 'നാര്‍സിസം' എന്നൊക്കെ നിങ്ങളില്‍ പലരും മുമ്പേ  കേട്ടുകാണും. അവനവനോട് തന്നെ അമിതമായ ഇഷ്ടവും പ്രാധാന്യവും തോന്നുകയും അതിനെത്തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് തീരെ മൂല്യം കല്‍പിക്കാതിരിക്കുകയുമെല്ലാം ചെയ്യുന്നവരെയാണ് പൊതുവേ നമ്മള്‍ 'നാര്‍സിസ്റ്റു'കള്‍ എന്ന് വിളിക്കുന്നത്. 

സാധാരണനിലയില്‍ ഇതൊരു മാതൃകാപരമായ സ്വഭാവ സവിശേഷതയായി കണക്കാക്കപ്പെടുന്നില്ല. മറ്റുള്ള മനുഷ്യരെ പരിഗണിക്കാതിരിക്കുന്നത് ഒരിക്കലും നമ്മള്‍ നല്ല വ്യക്തിത്വമായി മനസിലാക്കില്ലല്ലോ! എന്നാല്‍ ഈ കൊവിഡ് കാലത്ത് ഇവരെക്കൊണ്ട് എടുത്തുപറയത്തക്ക ശല്യമുണ്ടാകുന്നുണ്ട് എന്നാണ് പുതിയൊരു പഠനം പറയുന്നത്. 

പോളണ്ടില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. കൊവിഡ് കാലത്ത് സര്‍ക്കാരുകളോ, ആരോഗ്യവിദഗ്ധരോ, സന്നദ്ധ പ്രവര്‍ത്തകരോ മുന്നോട്ടുവയ്ക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. എന്നാല്‍ 'നാര്‍സിസ്റ്റു'കളായ ആളുകള്‍ ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കില്ലെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. 

 

 

മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, ഇടവിട്ട് കൈ കഴുകുക, വീട്ടില്‍ തന്നെ തുടരുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളൊന്നും തന്നെ ഇത്തരക്കാര്‍ പിന്തുടരില്ലെന്നും അതിന്റെ ഭാഗമായി തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരിക മറ്റുള്ളവര്‍ കൂടിയാണെന്നും ഗവേഷകര്‍ പഠനത്തിലൂടെ വ്യക്തമാക്കുന്നു. 

'സൈക്കോപാത്തുകള്‍' ആയി കണക്കാക്കുന്നവരും, സ്വന്തം ഇഷ്ടങ്ങള്‍ നടത്താന്‍ കുടിലമായ ഏത് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരും സമാനമായ തരത്തില്‍ തന്നെയാണ് കൊവിഡ് കാലത്ത് പെരുമാറുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചില സ്വഭാവ വൈകല്യങ്ങളുള്ളവര്‍ ഇത്തരം പ്രതിസന്ധികളില്‍ മറ്റുള്ളവര്‍ക്ക് കൂടി ഭീഷണിയായി മാറുമെന്നാണ് ആകെയും പഠനം ഉയര്‍ത്തിക്കാട്ടുന്ന വസ്തുത. 

നിങ്ങള്‍ 'നാര്‍സിസ്റ്റ്' ആണോ? 

ഈ ഘട്ടത്തില്‍ ഓരോരത്തര്‍ക്കും അവരവരുടെ വ്യക്തിത്വത്തെ സ്വയം തന്നെ ഒന്ന് വിലയിരുത്താവുന്നതാണ് മറ്റുള്ളവരെക്കൂടി അപകടപ്പെടുത്തുന്ന തരത്തിലുള്ള എന്തെങ്കിലും ഘടകങ്ങള്‍ തങ്ങളിലുണ്ടോയെന്ന് മനസിലാക്കാനും, മോശമായതിനെ തിരിച്ചറിയാനും, തിരുത്താനുമെല്ലാം ഈ പരിശോധന പ്രയോജനപ്പെടും. ഇത്തരത്തില്‍ നിങ്ങളില്‍ 'നാര്‍സിസ'ത്തിന്റെ വാസനയുണ്ടോയെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന അഞ്ച് ഘടകങ്ങളാണ് ഇനി പറയുന്നത്. 

 

 

1. എല്ലായ്‌പ്പോഴും അവനവന് മാത്രം പ്രാധാന്യം നല്‍കിവരുന്ന രീതിയുണ്ടോയെന്ന് പരിശോധിക്കാം. 

2. ചുറ്റുമുള്ളവരില്‍ നിന്ന് എപ്പോഴും പുകഴ്ത്തലുകളും വാഴ്ത്തുകളും മാത്രം വരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

3. എപ്പോഴും നേതാവായോ, അവകാശിയായോ, ഉന്നതപ്പെട്ട സ്ഥാനത്തോ നില്‍ക്കണമെന്ന് ശക്തിയായി ആഗ്രഹം തോന്നുക.

4. അവരവരുടെ കാര്യസാധ്യത്തിന് വേണ്ടി മറ്റുള്ളവരെ ഏത് വിധേനയും ഉപയോഗപ്പെടുത്തുന്ന ഒരാളാണോ നിങ്ങള്‍? അതില്‍ തെല്ലും കുറ്റബോധമോ ലജ്ജയോ തോന്നാറില്ലേ?

5. മറ്റുള്ളവരെ കരുണയില്ലാതെ പരിഹസിക്കുക, ഭീഷണിപ്പെടുത്തുക, താഴ്ത്തിക്കെട്ടുക എന്നീ പ്രവണത നിങ്ങളിലുണ്ടോ? 

ഈ അഞ്ച് ഘടകങ്ങളും 'നാര്‍സിസ്റ്റ്' ആണെന്ന് പ്രത്യക്ഷത്തില്‍ ഉറപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. നമ്മളില്‍ ഏത് തരം മാനസിക വൈകല്യമുണ്ടെങ്കിലും ആദ്യം അതിനെ തിരിച്ചറിയുകയാണ് വേണ്ടത്. തിരിച്ചറിയുന്ന ഘട്ടം കടന്നെങ്കില്‍ മാത്രമേ പിന്നീട് അതിനെ മറികടക്കാനും ആവൂ. 

 

 

വളരെ ശുഭാപ്തിവിശ്വാസത്തോടെ, മറ്റുള്ളവരോട് കരുതലും പരിഗണനയും പുലര്‍ത്തിക്കൊണ്ട് തന്നെ ഈ പ്രതിസന്ധിക്കാലത്തെ തരണം ചെയ്യാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ. മനസിന്റെ സഞ്ചാരദിശകള്‍ അബദ്ധമാകുന്നുവെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ അതിന് വേണ്ട സഹായങ്ങളന്വേഷിക്കാനുള്ള ആര്‍ജ്ജവവും എല്ലാവര്‍ക്കും ഉണ്ടാകട്ടെ.

Also Read:- മാസ്ക് വച്ചുകൊണ്ട് എങ്ങനെ ഭക്ഷണം കഴിക്കാം? വീഡിയോ പങ്കുവച്ച് മോഡല്‍...

click me!