ഈ ഭക്ഷണങ്ങള്‍ അധികം കഴിക്കേണ്ട; കാരണം ക്യാൻസറിന് സാധ്യത...

Published : Nov 25, 2023, 02:25 PM IST
ഈ ഭക്ഷണങ്ങള്‍ അധികം കഴിക്കേണ്ട; കാരണം ക്യാൻസറിന് സാധ്യത...

Synopsis

ചില ഭക്ഷണങ്ങള്‍ ദീര്‍ഘകാലം കഴിക്കുകയാണെങ്കില്‍ അതും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കാം. അള്‍ട്രാ-പ്രോസസ്ഡ് ഫുഡ്സ് എന്ന വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങള്‍ ഇതിനുദാഹരണമാണ്

ക്യാൻസര്‍ രോഗം നമുക്കറിയാം പല കാരണങ്ങള്‍ കൊണ്ടും പിടിപെടാം. ആരോഗ്യപരമായ കാരണങ്ങള്‍, പാരമ്പര്യഘടകങ്ങള്‍ എന്നിങ്ങനെ നമുക്ക് പ്രതിരോധിക്കാൻ കഴിയാത്ത കാരണങ്ങള്‍ക്കൊപ്പം ജീവിതരീതികളും ക്യാൻസറിനെ വലിയ രീതിയില്‍ സ്വാധീനിക്കാറുണ്ട്.

അനാരോഗ്യകരമായ ഭക്ഷണരീതി, കായികാധ്വാനമേതുമില്ലാത്ത ജീവിതരീതി, പതിവായ സ്ട്രെസ്, മദ്യപാനം - മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിങ്ങനെ പല ഘടകങ്ങളും ഒത്തുചേരുമ്പോള്‍ അത് ക്യാൻസറിന് മാത്രമല്ല മറ്റ് പല അസുഖങ്ങള്‍ക്കും അനുയോജ്യമായ സാഹചര്യം നമ്മളിലൊരുക്കുന്നു. 

ഇത്തരത്തില്‍ ചില ഭക്ഷണങ്ങള്‍ ദീര്‍ഘകാലം കഴിക്കുകയാണെങ്കില്‍ അതും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കാം. അള്‍ട്രാ-പ്രോസസ്ഡ് ഫുഡ്സ് എന്ന വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങള്‍ ഇതിനുദാഹരണമാണ്. പതിവായി ഈ വിഭാഗത്തില്‍പ്പെടുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്ന ഒരാളില്‍ പലതരത്തിലുള്ള ക്യാൻസറിനും സാധ്യതയേറുകയാണ്. ഇങ്ങനെ ക്യാൻസറിന് സാധ്യതയൊരുക്കുന്ന നാല് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വിദേശരാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന- ഇന്ന് നമ്മുടെ രാജ്യത്തും കാര്യമായി ഉപയോഗിക്കപ്പെടുന്ന സോസേജ് ആണ് ഇതിലൊന്ന്. സോസേജിലെ പ്രധാന ചേരുവ റെഡ് മീറ്റാണ്. റെഡ് മീറ്റ് പ്രോസസ് ചെയ്തെടുത്താണ് സോസേജ് നിര്‍മ്മിക്കുന്നത്. റെഡ് മീറ്റ് പതിവായി കഴിക്കുന്നതും പ്രോസസ്ഡ് മീറ്റ് പതിവായി കഴിക്കുന്നതുമെല്ലാം ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കും. കുടലിലെ ക്യാൻസര്‍ ബാധയ്ക്കാണ് ഇത് സാധ്യതയൊരുക്കുന്നത്.

രണ്ട്...

ബ്രേക്ക്ഫാസ്റ്റ് സെറില്‍സ് ആണ് അടുത്തതായി ഇത്തരത്തില്‍ പതിവായി കഴിച്ചാല്‍ ക്യാൻസര്‍ സാധ്യതയൊരുക്കുന്നൊരു ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന 'അക്രിലാമൈഡ‍്' എന്ന കെമിക്കല്‍ ആണ് ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നത്. ചില പാക്കേജ്ഡ് ഭക്ഷണസാധനങ്ങളിലെല്ലാം ഈ കെമിക്കല്‍ കാണാം. നല്ല ചൂടില്‍ ഇത് വേവിക്കുമ്പോള്‍ വിഷാംശം എന്ന പോലെയാവുകയാണ്. ഇതാണ് ക്രമേണ ക്യാൻസര്‍ സാധ്യതയൊരുക്കുന്നത്.

മൂന്ന്...

വ്യാവസായികാടിസ്ഥാനത്തില്‍ വലിയ രീതിയില്‍ ബ്രഡ് ഉത്പാദിപ്പിക്കപ്പെടാറുണ്ട്. ഇങ്ങനെയുണ്ടാക്കുന്ന ബ്രഡും പതിവായി കഴിക്കുന്നത് ക്രമേണ ക്യാൻസര്‍ സാധ്യതയൊരുക്കുന്നു. 'ഇന്ത്യൻ സെന്‍റര്‍ ഫോര്‍ സയൻസ് ആന്‍റ് എൻവിയോണ്‍മെന്‍റ്' നടത്തിയ ഒരു പഠനം പറയുന്നത് പ്രകാരം അറിയപ്പെടുന്ന 38 ബ്രഡ് ബ്രാൻഡുകളില്‍ 84 ശതമാനവും ക്യാൻസറിന് കാരണമാകുന്ന കെമിക്കല്‍ അടങ്ങിയ ബ്രഡ് ആണ് ഉത്പാദിപ്പിക്കുന്നത്. പൊട്ടാസ്യം അയോഡേറ്റ്, പൊട്ടാസ്യം ബ്രൊമേറ്റ് എന്നീ കെമിക്കലുകള്‍ ഇതിനുദാഹരണമാണ്.

ബ്രഡ് മാത്രമല്ല പാവ് ബാജിക്ക് അടക്കം ഉപയോഗിക്കുന്ന ബൺ, റെഡി ടു ഈറ്റ് ബര്‍ഗര്‍- പിസ എന്നിവ അടക്കം പല ബ്രഡ് ഉത്പന്നങ്ങളിലും ക്യാൻസറിന് കാരണമാകുന്ന കെമിക്കലുകള്‍ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 

നാല്...

ചില ഫ്ളേവേഡ് യോഗര്‍ട്ടുകളും ക്യാൻസറിന് സാധ്യതയൊരുക്കാറുണ്ട്. മധുരത്തിന് വേണ്ടി ചേര്‍ക്കുന്ന ചില കൃത്രിമമധുരം ആണ് യോഗര്‍ട്ടിനെ ക്യാൻസര്‍ സാധ്യതയ്ക്ക് വഴിയൊരുക്കുന്ന ഭക്ഷണമായി മാറ്റുന്നത്. 

മേല്‍പ്പറഞ്ഞ വിഭവങ്ങളെല്ലാം കഴിക്കുന്നത് തീര്‍ച്ചയായും ക്യാൻസറിലേക്ക് നയിക്കും എന്നല്ല, മറിച്ച ഇവയെല്ലാം ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കും എന്നതാണ് മനസിലാക്കേണ്ടത്.

Also Read:- അറിയാം രാത്രിയില്‍ കാണുന്ന ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ