
നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. അവയിൽ ഏറ്റവും പ്രധാനമാണ് നമ്മുടെ കണ്ണുകൾ. നീണ്ട ജോലി സമയം, സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാം. ഇതുമൂലം നമ്മുടെ കണ്ണുകൾക്ക് പലപ്പോഴും ക്ഷീണം അനുഭവപ്പെടുന്നു.
ചില പോഷകങ്ങൾ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ പറയുന്നു. കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ആരോഗ്യകരമായ ഭക്ഷണങ്ങളെ കുറിച്ച് നമാമി അഗർവാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട പോഷകങ്ങളാണ് ലുട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക് എന്നിവ. ഇത് മാക്യുലർ ഡീജനറേഷനും തിമിരവും ഉൾപ്പെടെയുള്ള ചില നേത്രരോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നുവെന്നും അവർ പറയുന്നു. കണ്ണിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട മൂന്ന് തരം ഹെൽത്തി സാലഡുകൾ പരിയപ്പെടാം...
ഒന്ന്...
ആപ്പിൾ സിഡെർ വിനെഗർ, ഒലിവ് ഓയിൽ, വെളുത്തുള്ളി എന്നിവ ചേർത്ത് മിക്സിയിലൊന്ന് അടിച്ചെടുക്കുക. ശേഷം മല്ലിയില, ഉപ്പ്, കുരുമുളക് പൊടിച്ചത് എന്നിവ ചേർത്ത് 8-10 സെക്കൻഡ് ഇളക്കുക. ഇത് ഗ്രിൽ ചെയ്ത പച്ചക്കറികൾക്കൊപ്പം ഉപയോഗിക്കാവുന്നതാണ്.
രണ്ട്...
പയർ പ്രോട്ടീൻ സമ്പുഷ്ടമാണെന്ന് നമാമി അഗർവാൾ പറയുന്നു. അവ വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളാണ്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. വിറ്റാമിൻ സി തിമിരം വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും മാക്യുലർ ഡീജനറേഷനെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും. ഒരു ചെറിയ ബൗളിൽ ഉള്ളി, കുരുമുളക് പൊടിച്ചത്, വെളുത്തുള്ളി എന്നിവ യോജിപ്പിച്ച് ഒരു പാനിൽ ചൂടാക്കി എടുക്കുക. ശേഷം വേവിച്ച പയർ ഇതിന്റെ കൂടെ ചേർക്കുക. ശേഷം നാരങ്ങ നീര്, മല്ലിയില എന്നിവ ചേർക്കുക. ഇവ നല്ല പോലെ യോജിപ്പിക്കുക. ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം.
മൂന്ന്...
വിറ്റാമിൻ ഇ, സിങ്ക്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വാൾനട്ട്. തിമിരം വരാനുള്ള സാധ്യത കുറയ്ക്കാൻ ഈ പോഷകങ്ങൾ സഹായിക്കുന്നു. വാൾനട്ട്, പനീർ, പാൽ, തൈര്, ഉപ്പ് എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതത്തിലേക്ക് ബാക്കിയുള്ള വാൽനട്ട് ചേർക്കുക. തണുപ്പിച്ച് കഴിക്കുക.