
നിങ്ങളെ മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. പോഷകസമൃദ്ധമായ ഭക്ഷണക്രമം പിന്തുടരുന്നത് മുടിയുടെ ആരോഗ്യത്തിന് സഹായകമാണ്. ഗർഭകാലത്തെ ഹോർമോൺ വ്യതിയാനങ്ങൾ, പിസിഒഎസ്, ഹൈപ്പോതൈറോയിഡിസം തുടങ്ങിയ ഹോർമോൺ അസന്തുലിതാവസ്ഥ, സമ്മർദ്ദം, പോഷകങ്ങളുടെ അപര്യാപ്തത എന്നിവയെല്ലാം മുടികൊഴിച്ചിലുണ്ടാക്കാം.
മുടിയുടെ ആരോഗ്യത്തിന് പോഷകഗുണമുള്ള ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ ചില പ്രധാന പോഷകങ്ങൾ ഏതൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധയായ പൂജ മൽഹോത്ര പറയുന്നു.
പ്രോട്ടീൻ...
ശക്തമായ മുടിക്ക് പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്, പയർ, ബീൻസ്, മുട്ട, പാലുൽപ്പന്നങ്ങൾ, ചിക്കൻ, മാംസം, സീഫുഡ് എന്നിവയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. മുടി വേഗത്തിലും കരുത്തുള്ളതുമായി വളരാൻ സഹായിക്കുന്നതിനൊപ്പം, പ്രോട്ടീനുകൾ മുടിയുടെ അറ്റം പൊട്ടുന്നതും ഇല്ലാതാക്കുന്നു.
ഇരുമ്പ്...
ഇരുമ്പ് മുടിയുടെ വളർച്ചയ്ക്ക് ആവശ്യമാണ്. കാരണം ഇരുമ്പ് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും അതുവഴി മുടി വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, വിത്തുകൾ, പരിപ്പ്, ചിക്കൻ, മാംസം എന്നിവ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ്.
വിറ്റാമിൻ ഡി...
വിറ്റാമിൻ ഡിയുടെ കുറവ് മുടികൊഴിച്ചിൽ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്, ഇത് മുടികൊഴിച്ചിൽ തടയാൻ സഹായിച്ചേക്കാം.
വിറ്റാമിൻ സി...
വിറ്റാമിൻ സി മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മുടി കൊഴിച്ചിൽ കുറയ്ക്കുന്നു. വിറ്റാമിൻ സിയുടെ കുറവ് മുടി വരണ്ടുപോകുന്നതിനും അറ്റം പിളരുന്നതിനും കാരണമാകും. സിട്രസ് പഴങ്ങൾ, നെല്ലിക്ക, പേരയ്ക്ക, സ്ട്രോബെറി, കുരുമുളക്, തക്കാളി, കിവി, ബ്രോക്കോളി എന്നിവയിൽ നിന്ന് വിറ്റാമിൻ സി ധാരാളം ലഭിക്കും.
സിങ്ക്...
മുടിയെ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും സിങ്ക് ആരോഗ്യകരമായ വളർച്ചയ്ക്ക് വഴിയൊരുക്കുന്നു. മുട്ട, ചിക്കൻ, ഡാർക്ക് ചോക്ലേറ്റ്, മത്തങ്ങ വിത്തുകൾ, തണ്ണിമത്തൻ വിത്തുകൾ, എള്ള്, നിലക്കടല, സോയ എന്നിവയിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ഇ...
ആരോഗ്യമുള്ള തലയോട്ടിക്കും ആരോഗ്യമുള്ള മുടിക്കും വിറ്റാമിൻ ഇ ഒരു പ്രധാന ഘടകമാണ്. മുടികൊഴിച്ചിൽ കൈകാര്യം ചെയ്യുന്നവരുടെ തലയോട്ടിയിൽ ആന്റിഓക്‌സിഡന്റുകളുടെ അളവ് കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സൂര്യകാന്തി വിത്തുകൾ, മുട്ട, അവോക്കാഡോ എന്നിവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.
രുചിയും മണവും ഗുണവും നല്‍കാൻ 'ഒറിഗാനോ ഇലകൾ' ; കൂടുതലറിയാം