മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരോട് പറയരുതാത്ത ചിലത്...

By Web TeamFirst Published Jun 29, 2021, 5:41 PM IST
Highlights

മാനസികവിഷമതകള്‍ പങ്കുവയ്ക്കുന്നവരെ കേള്‍ക്കുക എന്നതാണ് പ്രധാനം. കേള്‍ക്കുമ്പോഴും അവരുടെ പ്രശ്‌നങ്ങള്‍ നിസാരവത്കരിക്കുന്ന തരത്തിലുള്ള സംസാരങ്ങള്‍ ഒഴിവാക്കുക. അവരെ സഹായിക്കാനുള്ള സാഹചര്യങ്ങളുണ്ടെങ്കില്‍ അത് അവരെ അറിയിക്കുക. ഏത് തരം സഹായമാണ് വേണ്ടതെങ്കിലും അക്കാര്യം മടി കൂടാതെ ചോദിക്കണമെന്ന് അവരെ ധരിപ്പിക്കുക

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് കാര്യമായ അവബോധമില്ല എന്നത് വലിയ സങ്കീര്‍ണതകളാണ് നമുക്കിടയില്‍ സൃഷ്ടിക്കുന്നത്. വിഷാദരോഗം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങി ബൈപോളാര്‍ പോലുള്ള രോഗങ്ങള്‍ നേരിടുന്നവരോട് കൂടെയുള്ളവര്‍ പറയരുതാത്ത ചിലതുണ്ട്. 

ഒരുപക്ഷേ പ്രിയപ്പെട്ടവരുടെ അവഗണനയോ, പ്രശ്‌നങ്ങളെ നിസാരവത്കരിക്കുന്ന കാഴ്ചപ്പാടോ അവരെ കൂടുതല്‍ തീവ്രമായ അവസ്ഥയിലേക്ക് എത്തിച്ചേക്കാം. ഇക്കാരണം കൊണ്ടാണ് അവരുമായുള്ള സമ്പര്‍ക്കത്തില്‍ ചിലത് ശ്രദ്ധിക്കാനുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. മെഡിറ്റേഷന്‍ വിദഗ്ധയും വെല്‍നസ് കോച്ചുമായ എക്താ സിബല്‍ പറയുന്നത് ശ്രദ്ധിക്കൂ. മാനസികവിഷമതകള്‍ നേരിടുന്നവരോട് നിങ്ങള്‍ പറയരുതാത്ത ചിലത്...

'എല്ലാം നിനക്ക് തോന്നുന്നതാണ്...' 

താന്‍ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകള്‍ വിശദീകരിക്കുന്ന ഒരു വ്യക്തിയോട് ഒരിക്കലും പറയരുതാത്ത വാക്യമാണിത്. മാനസികപ്രശ്‌നങ്ങള്‍ ശാരീരികപ്രശ്‌നങ്ങള്‍ പോലെ തന്നെ 'റിയല്‍' (യാഥാര്‍ത്ഥ്യം) ആണ്. ഹൃദയാഘാതം പോലെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ശാരീരികമായ അസുഖം പോലെയോ തന്നെ പ്രധാനമാണ് ഇതും. അതിനാല്‍ അവരോട് അതവരുടെ തോന്നലാണെന്ന് പറയാതിരിക്കുക.

'പരിശ്രമിക്കൂ...'

മാനസികവിഷമതകളെ കുറിച്ച് പങ്കുവയ്ക്കുന്നവരോട് 'ഇനിയും പരിശ്രമിക്കൂ' എന്ന് ഉപദേശിക്കാതിരിക്കുക. 

 

 

അവര്‍ പരിശ്രിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് അവരുടെ പ്രശ്‌നങ്ങള്‍ അവര്‍ നിങ്ങളോട് പങ്കുവയ്ക്കുന്നത്. ആ ശ്രമങ്ങളെയെല്ലാം റദ്ദ് ചെയ്യുന്നതിന് തുല്യമാണ് ഇനിയും പരിശ്രമിക്കൂ എന്ന ഉപദേശം. ഒരുപക്ഷേ ഈ ഉപദേശം അവഗണിക്കാന്‍ അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ പിന്നീട് പങ്കുവച്ചില്ലെന്നും വരാം. 

'കാണുമ്പോള്‍ ഡിപ്രസ്ഡ് ആയി തോന്നുന്നില്ലല്ലോ...!'

പ്രമേഹമുള്ള ഒരാളെ കാണുമ്പോള്‍ നമുക്ക് അത് പ്രമേഹമുള്ളയാളാണെന്ന് മനസിലാകാറുണ്ടോ? ഇല്ല. അതുപോലെ തന്നെയാണ് മാനസികപ്രശ്‌നമുള്ളവരുടെ കാര്യവും. അതിനാല്‍ തന്നെ അവരോട് 'കാണുമ്പോള്‍ ഡിപ്രസ്ഡ് ആയി തോന്നുന്നില്ലല്ലോ...', എന്നത് പോലുള്ള പ്രചോദനപരമായ വാക്യങ്ങള്‍ പറയാതിരിക്കുക. അതവര്‍ക്ക് പ്രചോദനമല്ല, മറിച്ച് അവരെ നിങ്ങള്‍ അറിയുന്നില്ല എന്ന തോന്നലിലേക്കാണ് എത്തിക്കുക. 

'വളരെ ദുര്‍ബലരായവര്‍ക്കേ തെറാപ്പിയുടെ ആവശ്യമുള്ളൂ...'

മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ചിലപ്പോഴെങ്കിലും സ്വയം അത് മനസിലാക്കി ചികിത്സ തേടാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ രണ്ടാമതൊരു അഭിപ്രായത്തിനായി അവര്‍ നിങ്ങളെ സമീപിച്ചാല്‍ 'തെറാപ്പി ആവശ്യമുള്ളത് ദുര്ഡബലരായവര്‍ക്കാണ്...' എന്നത് പോലുള്ള പിന്തിരിപ്പിക്കലുകള്‍ നടത്താതിരിക്കുക. 

 

 

താന്‍ അത്രമാത്രം ദുര്‍ബലന്‍/ദുര്‍ബല ആയോ എന്ന് ആ വ്യക്തി സ്വയം ചിന്തിച്ചേക്കാം. അതും അവരില്‍ കൂടുതല്‍ ഭാരം സൃഷ്ടിക്കും. 

മാനസികപ്രശ്‌നങ്ങള്‍ പറയുന്നവരോട് എന്ത് പറയാം? 

മാനസികവിഷമതകള്‍ പങ്കുവയ്ക്കുന്നവരെ കേള്‍ക്കുക എന്നതാണ് പ്രധാനം. കേള്‍ക്കുമ്പോഴും അവരുടെ പ്രശ്‌നങ്ങള്‍ നിസാരവത്കരിക്കുന്ന തരത്തിലുള്ള സംസാരങ്ങള്‍ ഒഴിവാക്കുക. അവരെ സഹായിക്കാനുള്ള സാഹചര്യങ്ങളുണ്ടെങ്കില്‍ അത് അവരെ അറിയിക്കുക. ഏത് തരം സഹായമാണ് വേണ്ടതെങ്കിലും അക്കാര്യം മടി കൂടാതെ ചോദിക്കണമെന്ന് അവരെ ധരിപ്പിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടേണ്ടുന്ന സാഹചര്യമാണെങ്കില്‍ അതിന് വ്യക്തിയെ പ്രേരിപ്പിക്കുക. ഇത്തരത്തില്‍ മെഡിക്കല്‍ എക്‌സ്‌പെര്‍ട്ടുകളെ കണ്‍സള്‍ട്ട് ചെയ്യുന്നത് മോശമായ കാര്യമല്ല, മറിച്ച് ശാരീരികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് തുല്യം ആണെന്ന് തന്നെ അവരെ ബോധ്യപ്പെടുത്തുക. 

Also Read:- എന്തിനും ഏതിനും ആധിയാണോ!; എങ്കില്‍ ഈ ലക്ഷണങ്ങള്‍ പരിശോധിക്കാം...

click me!