ലോക്ക്ഡൗൺ കാലത്തെ ദന്തസംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Web TeamFirst Published Mar 25, 2020, 10:15 PM IST
Highlights

 ദന്താശുപത്രികളിൽ അടിയന്തരസേവനങ്ങൾ മാത്രം ലഭ്യമാകുന്ന ഇക്കാലത്ത് അനാവശ്യസന്ദർശനം ഒഴിവാക്കാൻ പത്തു നിർദ്ദേശങ്ങൾ. ..     

1. ദിവസവും മൂന്നു മിനിറ്റ് വീതം രാവിലെയും രാത്രിയും ബ്രഷ് ചെയ്യുക.  ♉ചെയ്യേണ്ട രീതി - ബ്രഷ് മോണയ്ക്ക് 45° ചരിവിൽ ഒരു സമയം മൂന്നു പല്ലുകൾ വീതം കീഴ്ത്താടിയിൽ താഴെ നിന്ന് മേലോട്ടും മേൽത്താടിയിൽ മുകളിൽ നിന്ന് കീഴ്പ്പോട്ടും ചെയ്യുക. ഉപയോഗിക്കേണ്ടത്- മൃദു അല്ലെങ്കിൽ ഇടത്തരം നാരുകളുള്ള ടൂത്ത് ബ്രഷും ക്രീം രൂപത്തിലുള്ള പേസ്റ്റും. ജെൽ രൂപത്തിലുള്ളവ ഒഴിവാക്കുക.
2. പല്ലിൻ്റെ ഇടയിലെ ഭക്ഷണ പദാർത്ഥങ്ങൾ നഖം കൊണ്ടോ പല്ലുകുത്തി, സേഫ്റ്റി പിൻ തുടങ്ങിയവയോ ഉപയോഗിച്ച് നീക്കാതെ അതിനായുള്ള ഫ്ളോസ് എന്ന പ്രത്യേകതരം നൂലുകളോ പല്ലിട ശുചീകരണ ബ്രഷുകളോ ഉപയോഗിക്കാം.                             
3. നാവിൻ്റെ വൃത്തിയും വളരെ പ്രാധാന്യമുള്ളതാണ്. ബ്രഷിൻ്റെ നാരുകളോ   ചിലവയിൽ പുറംഭാഗമോ ഉപയോഗിച്ച് വൃത്തിയാക്കാൻ കഴിയും. രസമുകുളങ്ങൾക്ക് കേടുപാടുണ്ടാക്കുന്ന ടങ്ങ്  ക്ലീനറുകൾ ഒഴിവാക്കുന്നതാണ് അഭികാമ്യം                                                  
4. അനാവശ്യമായി നേർപ്പിക്കാതെ വായ് ശുചീകരണ ലായനികൾ ഉപയോഗിക്കരുത്. ഇത് വളരെ മൃദുവായ ശ്ലേഷ്മ സ്തരത്തിൽ പൊള്ളലേൽപ്പിക്കും.മോണ വീക്കം ഉണ്ടെങ്കിൽ മാത്രം ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക           
5. ചെറിയ പല്ല് വേദന വരുമ്പോഴേ അനാവശ്യമായി ആൻ്റിബയോട്ടിക് മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കുക.                  

6. ബ്രഷ് ടോയ്ലറ്റിൽ നിന്നും കുറഞ്ഞത് ആറടിയെങ്കിലും മാറ്റി വയ്ക്കുക.ഈർപ്പം കളഞ്ഞിട്ട് ഉണക്കി വേണം വയ്ക്കാൻ. പാറ്റ, പല്ലി തുടങ്ങിയവയ്ക്ക് എത്താൻ കഴിയാത്ത രീതിയിൽ ഒരു അടപ്പുള്ള ഷെൽഫിനുള്ളിൽ ഒരു സ്റ്റാൻ്റിനുള്ളിൽ നിർത്തി വയ്ക്കുന്നതാവും നല്ലത്.                7. എല്ലാ ദിവസവും പല്ല് തേയ്ക്കുന്നതിന് മുൻപ് ഇളം ചൂടു വെള്ളത്തിൽ ടൂത്ത് ബ്രഷ് വൃത്തിയാക്കിയതിന് ശേഷം ഉപയോഗിക്കുക.
8. മോണയിൽ നിന്നും അനിയന്ത്രിതമായി രക്തസ്രാവം, അസഹ്യമായ പല്ല് വേദന, താടിയെല്ലുകളിൽ വേദന, നീര് തുടങ്ങിയവയുണ്ടെങ്കിൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ നിങ്ങളുടെ ദന്തഡോക്ടറോട് വിവരം പറയുക.                         
9. വായിൽ ധരിക്കുന്ന ഊരി മാറ്റാവുന്ന ദന്ത ക്രമീകരണ ഉപകരണങ്ങൾ, കൃത്രിമ ദന്തങ്ങൾ (വയ്പ് പല്ലുകൾ) എന്നിവ വൃത്തിയായി സൂക്ഷിക്കുകയും അണുവിമുക്തമാക്കാനുള്ള ഗുളികകളോ ലായനിയോ ഉപയോഗിച്ച് ദിവസവും അണുവിമുക്തമാക്കുകയും വേണം.      
10. ഏതെങ്കിലും പല്ലിന് വേദനയുണ്ടെങ്കിൽ വൃത്തിയാക്കാത്ത കൈകളോടെ അനാവശ്യമായി പല്ലിലോ മോണയിലോ മുഖത്തോ  തൊടാതിരിക്കുക.     ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ ലോക് ഡൗൺ കാലത്ത് വലിയ ബുദ്ധിമുട്ടില്ലാതെ ദന്തസംരക്ഷണം നിർവഹിക്കാൻ കഴിയും....

കടപ്പാട്:
ഡോ.മണികണ്ഠൻ.ജി.ആർ

click me!