നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ആരോ​ഗ്യം തകരാറിലാകാതെ നോക്കാൻ ചെയ്യേണ്ടത്...

By Web TeamFirst Published Aug 15, 2019, 11:32 AM IST
Highlights

രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് അമിതവണ്ണം, പക്ഷാഘാതം, പ്രമേഹം പോലുള്ള അസുഖങ്ങൾ പിടിപെടാമെന്ന് ​അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

രാത്രി ജോലിക്കാർ നേരിടേണ്ടി വരുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്ക് ഹൃദ്രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് അമിതവണ്ണം, പക്ഷാഘാതം, പ്രമേഹം പോലുള്ള അസുഖങ്ങളും പിടിപെടാമെന്ന് ​ഗവേഷകർ പറയുന്നു. വിട്ടുമാറാത്ത വൃക്കരോ​ഗവും പിടിപെടാമെന്നും പഠനത്തിൽ പറയുന്നു. രാത്രി ഡ്യൂട്ടി ചെയ്യുന്നവർ പകൽ ഉറങ്ങാറുണ്ട്. നെെറ്റ് ഡ്യൂട്ടി എടുക്കുമ്പോഴും പകൽ ഉറങ്ങുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോ​ഗ്യം തകരാറിലാകാതെ നോക്കാം...

ഒന്ന്...

ചുമരിൽ തൂങ്ങുന്ന ക്ലോക്കുപോലെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ 24 മണിക്കൂർ ചട്ടക്കൂട്ടിൽ ക്രമപ്പെടുത്തിയിരിക്കുന്നത് തലച്ചോറിലെ ഹെെപ്പോത്തലാമസ് ആണ്. ശരീരത്തിന്റെ താളക്രമം നിയന്ത്രിക്കുന്ന ജെെവഘടികാരമാണ് ഹെെപ്പോത്തലാമസ്. ഉറക്ക ഹോർമോണായ മെലറ്റോനിന്റെ ഉൽപാദനം നിയന്ത്രിക്കുന്നതും മാറ്റാരുമല്ല.രാത്രി വെെകുന്തോറും മെലറ്റോനിന്റെ ഉൽപാദനം വർധിക്കുന്നു.

എന്നാൽ രാത്രി കാലങ്ങളിൽ ഉണർന്നിരുന്ന് പണി ചെയ്യുന്നവരുടെ ബയോളജിക്കൽ ക്ലോക്കിന്റെ താളക്രമം തകരാറിലാകാൻ ഇടയുണ്ട്. പ്രത്യേകിച്ചും ഷിഫ്റ്റിന്റെ സമയക്രമം അടിക്കടി മാറുകയാണെങ്കിൽ. ഉറക്കമില്ലായ്മ, അമിതമായ ക്ഷീണം, ഹെെപ്പർ ടെൻഷൻ, പ്രമേഹം, ആർത്തവ തകരാറുകൾ, പൊണ്ണത്തടി, തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

രണ്ട്...

ജോലി ചെയ്യുന്ന മുറിയിൽ നല്ല വെളിച്ചമുണ്ടാകണം. വെളിച്ചം സ്ലീപ് ഹോർമോണായ മെലറ്റോനിന്റെ ഉൽപാദനം കുറച്ച് ഉറക്കത്തെ അകറ്റി നിർത്താൻ സഹായിക്കും. പണിയെടുക്കുമ്പോൾ ശക്തമായി ഉറക്കം വന്നാൽ പണി നിർത്തിവച്ച് അൽപനേരം നടക്കുകയോ ലഘു വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്യാം. 

മൂന്ന്...

കടുപ്പത്തിലൊരു കാപ്പി കുടിച്ച് പണിക്ക് കയറിയാൽ താൽക്കാലികമായി ഉണർവ്വും ഉന്മേഷവുമൊക്കെ തോന്നും.എന്നാൽ ഉറക്കത്തെ ദീർഘനേരം അകറ്റി നിർത്തനൊന്നും കാപ്പിയ്ക്ക് കഴിയില്ല.തന്നെയുമല്ല ബിപി കൂടാനും ജോലിക്ക് ശേഷമുള്ള പകലുറക്കം കുറയ്ക്കാനും കാപ്പി കാരണമാകും. അത് കൊണ്ട് നെെറ്റ് ഷിഫ്റ്റ് ജോലിക്കാർ കാപ്പി, ചായ ഉപയോ​ഗം കുറയ്ക്കണം.പകരം ധാരാളം വെള്ളം കുടിക്കാം. ജ്യൂസും പഴങ്ങളുമൊക്കെ ധാരാളം കുടിക്കാം. എണ്ണ പലഹാരങ്ങൾ ദഹനക്കേട് ഉണ്ടാക്കാം. രാത്രിയിൽ ഹെവി ഫുഡ് ഒഴിവാക്കുന്നതാണ് നല്ലത്. 

നാല്...

രാത്രി ഡ്യൂട്ടി കഴിഞ്ഞവർ പകൽ സമയത്ത് ശാന്തമായ അന്തരീക്ഷത്തിൽ ആറോ എട്ടോ മണിക്കൂർ ഉറങ്ങണം.മൊബെെൽ ഫോൺ ഓഫ് ചെയ്ത് ഉറങ്ങുക. കിടക്കുന്നതിന് മുമ്പ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. ലഘു ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ നല്ലത്.

click me!