ഇടയ്ക്കിടെ കണ്ണിന് വരുന്ന അസ്വസ്ഥത; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...

By Web TeamFirst Published Aug 18, 2020, 7:37 PM IST
Highlights

കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകളെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ സങ്കീര്‍ണതകളിലേക്കാണ് നമ്മെ നയിക്കുകയെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. റെറ്റിനയ്ക്ക് തകരാര്‍ സംഭവിക്കുക, കാഴ്ച അവതാളത്തിലാവുക, ഉറക്കം നഷ്ടപ്പെടുക, തിമിരം എന്നുതുടങ്ങി ഒരുപിടി പ്രശ്‌നങ്ങളാണ് കണ്ണിലെ അസ്വസ്ഥതകള്‍ വച്ചുകൊണ്ടിരുന്നാല്‍ സംഭവിക്കുക. അതിനാല്‍ തന്നെ ഈ അസ്വസ്ഥതകളെ അകറ്റിനിര്‍ത്താന്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും നമ്മള്‍ ചെയ്യേണ്ടതുണ്ട്

ഈ ഡിജിറ്റല്‍ യുഗത്തില്‍ നമ്മുടെ ശരീരം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങളാണെന്ന് നിസംശയം പറയാം. മൊബൈല്‍ ഫോണും, ലാപ്‌ടോപ്പും, ടാബും, ഡെസ്‌ക്ടോപ്പുമൊക്കെയായി സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കുന്ന സമയം തന്നെയില്ലെന്ന് പറയാം. 

ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്ക് സ്‌ക്രീനിന് മുമ്പില്‍ മണിക്കൂറുകളോളം ഇരിക്കുന്നവരാണ് പുതുതലമുറയില്‍ അധികം പേരും. ഈ പതിവ് മാത്രം മതി കണ്ണുകളുടെ ആരോഗ്യത്തെ തകര്‍ക്കാന്‍. എന്നാല്‍ ഇതിന് പുറമെ വീണ്ടും മൊബൈല്‍ ഫോണിലേക്ക് നോക്കി മണിക്കൂറുകള്‍ ചിലവിടുന്നതോടെ പാവം കണ്ണുകളുടെ അവസ്ഥ പരിതാപകരമാവുകയാണ്. 

കണ്ണുകളില്‍ നീറ്റല്‍ പോലെയോ വിങ്ങല്‍ പോലെയോ അനുഭവപ്പെടുക, ചൊറിച്ചില്‍, കണ്ണില്‍ ചൂട് അനുഭവപ്പെടുക, തലവേദന, ഇടയ്ക്കിടെ കാഴ്ച മങ്ങുക, കണ്ണ് വരണ്ടിരിക്കുന്നതായി അനുഭവപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്താത്തത് മൂലമാകാം എന്നാണ് നേത്രരോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

 

 

കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകളെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ സങ്കീര്‍ണതകളിലേക്കാണ് നമ്മെ നയിക്കുകയെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. റെറ്റിനയ്ക്ക് തകരാര്‍ സംഭവിക്കുക, കാഴ്ച അവതാളത്തിലാവുക, ഉറക്കം നഷ്ടപ്പെടുക, തിമിരം എന്നുതുടങ്ങി ഒരുപിടി പ്രശ്‌നങ്ങളാണ് കണ്ണിലെ അസ്വസ്ഥതകള്‍ വച്ചുകൊണ്ടിരുന്നാല്‍ സംഭവിക്കുക. അതിനാല്‍ തന്നെ ഈ അസ്വസ്ഥതകളെ അകറ്റിനിര്‍ത്താന്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും നമ്മള്‍ ചെയ്യേണ്ടതുണ്ട്. അത്തരത്തിലുള്ള അഞ്ച് ടിപ്‌സ് ആണ് ഇനി വിശദീകരിക്കുന്നത്. 

ഒന്ന്...

തുടര്‍ച്ചയായി ദീര്‍ഘനേരം സ്‌ക്രീനിലേക്ക് നോക്കിയിരിക്കരുത്. ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കാണെങ്കില്‍ പോലും ഇടയ്ക്കിടെ ചെറിയ ബ്രേക്കുകള്‍ എടുത്ത് കണ്ണിന് വിശ്രമം നല്‍കുക. 20 മിനുറ്റ് നേരം സ്‌ക്രീനിലേക്ക് നോക്കിയാല്‍ 20 സെക്കന്‍ഡ് നേരത്തേക്ക് കണ്ണിന് വിശ്രമം നല്‍കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബ്രേക്ക് എടുക്കുന്ന സമയം ഒരു തരത്തിലുള്ള സ്‌ക്രീന്‍ ഉപയോഗവും വേണ്ട.

രണ്ട്...

കണ്ണില്‍ നിന്ന് നിശ്ചിത അകലത്തിലായിരിക്കണം എപ്പോഴും സ്‌ക്രീന്‍ വയ്‌ക്കേണ്ടത്. കണ്ണിനും സ്‌ക്രീനിനും ഇടയ്ക്ക് 20 ഇഞ്ച് അകലമെങ്കിലും വേണം. 

മൂന്ന്...

സ്‌ക്രീന്‍ കണ്ണിന്റെ നേര്‍ദിശയിലോ അല്ലെങ്കില്‍ അല്‍പം താഴ്ത്തിയോ വയ്ക്കുക. ഒരുപാട് മുകളിലോ ഒരുപാട് താഴെയോ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക. 

 

 

അതുപോലെ മുഖത്തിന് അല്‍പം വലതുഭാഗത്തേക്കായി നീക്കിയാണ് സ്‌ക്രീന്‍ വയ്‌ക്കേണ്ടത്. 

നാല്...

ഒരുപാട് സമയം സ്‌ക്രീനിന് മുമ്പില്‍ ചിലവിടുന്നവര്‍ക്ക്, കണ്ണിന് അസ്വസ്ഥതകള്‍ തോന്നുകയാണെങ്കില്‍ ഇതിനായി കണ്ണട വയ്ക്കാവുന്നതാണ്. ഡോക്ടറെ കണ്ട ശേഷം, വിദഗ്ധ നിര്‍ദേശപ്രകാരം മാത്രമേ കണ്ണട വയ്ക്കാവൂ. 

അഞ്ച്...

ഇടവിട്ട് കണ്ണിന് അസ്വസ്ഥകള്‍ തോന്നുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ ഐ ഡ്രോപ്‌സ് നിര്‍ദേശിക്കാറുണ്ട്. ഇത് കൃത്യമായി ഉപയോഗിക്കണം. താല്‍ക്കാലിക ആശ്വാസം തോന്നിയാല്‍ ഉടനെ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിനെ തള്ളിക്കളയുന്ന ശീലം വേണ്ട.

Also Read:- ഗ്ലോക്കോമയെ എങ്ങനെ തടയാം? പുതിയ പഠനം പറയുന്നത്....

click me!