കൊവിഡിനിടെ ക്ഷയരോഗം മൂലമുള്ള മരണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

Web Desk   | others
Published : Oct 14, 2021, 10:18 PM IST
കൊവിഡിനിടെ ക്ഷയരോഗം മൂലമുള്ള മരണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

Synopsis

ഓരോ രാജ്യത്തും ആരോഗ്യമേഖല കഴിഞ്ഞ രണ്ടര വര്‍ഷത്തിലധികമായി കൊവിഡിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റ് രോഗങ്ങള്‍, രോഗികള്‍, ഇവയുടെ അനുബന്ധപ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായിരിക്കുകയാണ്

കൊവിഡ് 19 മഹാമാരിയുമായുള്ള ( Covid 19 )  പോരാട്ടത്തില്‍ തന്നെയാണ് ലോകമിപ്പോഴും. പല രാജ്യങ്ങളിലും തൊഴില്‍ മേഖലയും വിദ്യാഭ്യാസ മേഖലയും അടക്കം സജീവമാകാന്‍ തുടങ്ങിയെങ്കില്‍ പോലും കൊവിഡ് സൃഷ്ടിച്ച ആഘാതങ്ങളിലൂടെ തന്നെയാണ് മിക്കവരും കടന്നുപോകുന്നത്. പ്രത്യേകിച്ച് ആരോഗ്യരംഗമാണ് ( Health Sector ) ഇത്തരം പ്രതിസന്ധികള്‍ കൂടുതലായി നേരിടുന്നത്. 

ഓരോ രാജ്യത്തും ആരോഗ്യമേഖല കഴിഞ്ഞ രണ്ടര വര്‍ഷത്തിലധികമായി കൊവിഡിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റ് രോഗങ്ങള്‍, രോഗികള്‍, ഇവയുടെ അനുബന്ധപ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായിരിക്കുകയാണ്. 

തുടര്‍ഫലമായി ആഗോളതലത്തില്‍ ക്ഷയരോഗം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ലോകമെമ്പാടുമുള്ള ക്ഷയരോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വര്‍ധനവുണ്ടായിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിക്കുന്നു. 

ഫലപ്രദമായ ചെറുത്തുനില്‍പിലൂടെയും ചികിത്സയിലൂടെയും വലിയൊരു പരിധി വരെ ക്ഷയരോഗത്തെ പിടിച്ചുകെട്ടാന്‍ നമുക്ക് സാധിച്ചിരുന്നുവെന്നും എന്നാല്‍ കൊവിഡിന്റെ വരവോടുകൂടി ആരോഗ്യമേഖലയ്ക്ക് ഇതില്‍ ശ്രദ്ധയര്‍പ്പിക്കാന്‍ സാധിക്കാതെ വന്നുവെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസിസ് പറയുന്നു. 

'ഇനി വീണ്ടും ക്ഷയരോഗത്തിനെതിരായ പോരാട്ടം നാം തുടങ്ങേണ്ടിയിരിക്കുന്നു. ദശലക്ഷക്കണക്കിന് രോഗികളുടെ വര്‍ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. രോഗം ഇതുവരെ പരിശോധനയിലൂടെ ഉറപ്പുവരുത്താത്തവരുടെ എണ്ണവും ഇതിനോട് ആനുപാതികമായി വന്‍തോതില്‍ വര്‍ധിച്ചുകാണണം. രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമെല്ലാമായി സാമ്പത്തികാവസ്ഥയും സമയവും സൗകര്യവും കണ്ടെത്താന്‍ ആരോഗ്യമേഖലകള്‍ക്ക് കഴിയേണ്ടിയിരിക്കുന്നു...'- ടെഡ്രോസ് അഥാനേം ഗബ്രിയേസിസ് പറയുന്നു.

Also Read:- ഡെങ്കിപ്പനിയും കൊവിഡ് പനിയും തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കുമോ?

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ