വാക്‌സിന്‍ ഗവേഷണത്തിന്റെ വിവരങ്ങള്‍ റഷ്യ ചോര്‍ത്തുന്നു; ആരോപണവുമായി യുകെ

By Web TeamFirst Published Jul 16, 2020, 9:27 PM IST
Highlights

റഷ്യക്കും മുമ്പേ വാര്‍ത്തകളില്‍ ഇടം നേടിയതാണ് യുകെയില്‍ 'ഓക്‌സ്ഫര്‍ഡ് സര്‍വകലാശാല' വികസിപ്പിച്ചെടുത്ത വാക്‌സിന്‍. ഈ വാക്‌സിന്റെ, മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കെയാണ് അവകാശവാദവുമായി റഷ്യയെത്തിയത്. സമാന്തരമായി യുഎസിലും വാക്‌സിന്റെ 'ക്ലിനിക്കല്‍ ട്രയലു'കള്‍ നടന്നുവരുന്നു

ലോകമൊന്നാകെയും കൊവിഡ് 19 എന്ന മാഹാവ്യാധിക്കെതിരായുള്ള പോരാട്ടത്തില്‍ രാവും പകലും മുഴുകുമ്പോള്‍ വാക്‌സിന്‍ എന്ന ആശ്വാസത്തുള്ളികള്‍ക്കായുള്ള കാത്തിരിപ്പും നീളുകയാണ്. ഓരോ രാജ്യവും തങ്ങളാല്‍ സാധിക്കും വിധത്തില്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ സജീവമാണ്. 

ഇതിനിടെ തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യരിലും വിജയകരമായി പരീക്ഷിച്ചുവെന്ന വാദത്തോടെ റഷ്യ രംഗത്തെത്തി. എന്നാല്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ നിര്‍ണായകമായ ഒരു ഘട്ടം കൂടി ബാക്കിനില്‍ക്കേയാണ് റഷ്യ ഈ വാദവുമായി എത്തിയതെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. 

റഷ്യക്കും മുമ്പേ വാര്‍ത്തകളില്‍ ഇടം നേടിയതാണ് യുകെയില്‍ 'ഓക്‌സ്ഫര്‍ഡ് സര്‍വകലാശാല' വികസിപ്പിച്ചെടുത്ത വാക്‌സിന്‍. ഈ വാക്‌സിന്റെ, മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കെയാണ് അവകാശവാദവുമായി റഷ്യയെത്തിയത്. സമാന്തരമായി യുഎസിലും വാക്‌സിന്റെ 'ക്ലിനിക്കല്‍ ട്രയലു'കള്‍ നടന്നുവരുന്നു. 

എന്നാല്‍ ഈ തിരക്കുകള്‍ക്കിടെ ഇപ്പോഴിതാ പുതിയ ആരോപണവുമായി എത്തിയിരിക്കുകയാണ് യു.കെ. തങ്ങളുടെ വാക്‌സിന്‍ ഗവേഷണ വിവരങ്ങള്‍ റഷ്യയുടെ അംഗീകൃത ഇന്റലിജന്‍സ് ഏജന്‍സിയുടെ നേതൃത്വത്തില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നുവെന്നാണ് ആരോപണം. തങ്ങള്‍ക്കൊപ്പം യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ ഗവേഷണ വിവരങ്ങള്‍ കൂടി ചോര്‍ത്താനാണ് റഷ്യയുടെ നീക്കമെന്നും യുകെ ആരോപിക്കുന്നു. 

'ഇതൊരിക്കലും അംഗീകരിക്കാവുന്ന ഒന്നല്ല. യുകെയും മറ്റ് സഖ്യ രാജ്യങ്ങളും കഠിനാദ്ധ്വാനം ചെയ്താണ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. അതേസമയം റഷ്യയുടേത് സ്വാര്‍ത്ഥമായ നടപടിയാണ്. ഞങ്ങളിതിനെ ശക്തമായി എതിര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യുകെ മാത്രമല്ല- ഇതിനോട് സഹകരിക്കുന്ന മറ്റ് രാജ്യങ്ങളേയും ഞങ്ങള്‍ ചേര്‍ത്തുനിര്‍ത്തും...'- യുകെയുടെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു. 

Also Read:- കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനായി യുകെയില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയ ഇന്ത്യക്കാരന്‍...

click me!