റെക്കോര്‍ഡ് സൃഷ്ടിച്ച കൊവിഡ് രോഗി; ഒടുവില്‍ ജീവിതത്തിലേക്ക്...

By Web TeamFirst Published Aug 2, 2020, 11:27 PM IST
Highlights

ആകെ 141 ദിവസങ്ങളാണ് ഫാത്തിമ ആശുപത്രിയില്‍ ചിലവിട്ടത്. യുകെയില്‍ ഇത്രയധികം ദിവസങ്ങള്‍ രോഗമുക്തിക്കായി എടുത്ത മറ്റൊരു കൊവിഡ് രോഗിയില്ല. അതിനാല്‍ തന്നെ അവിടെ വലിയ മാധ്യമശ്രദ്ധയാണ് ഫാത്തിമയ്ക്ക് ലഭിക്കുന്നത്. ഹെല്‍ത്ത് സെക്രട്ടറി അടക്കമുള്ളവര്‍ ഫാത്തിമയുടെ രോഗമുക്തിയില്‍ ആഹ്ലാദമറിയിച്ചിട്ടുണ്ട്

ജീവിതത്തിനും മരണത്തിനുമിടയില്‍ 141 ദിവസങ്ങള്‍. യുകെയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച കൊവിഡ് രോഗി ഫാത്തിമ ബ്രിഡില്‍ എന്ന മൊറോക്കന്‍ സ്വദേശി ഒടുവില്‍ മരണത്തെ തോല്‍പിച്ച് ഇതാ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.

നാലര മാസങ്ങള്‍ക്ക് മുമ്പാണ് മൊറോക്കോയില്‍ പോയി തിരിച്ചെത്തിയ ശേഷം മുപ്പത്തിയഞ്ചുകാരി ഫാത്തിമയ്ക്ക് കൊവിഡാണെന്ന് സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ ഭര്‍ത്താവ് ട്രാസിക്കും രോഗം സ്ഥിരീകരിച്ചു. 

എന്നാല്‍ ഫാത്തിമയുടെ നില ചുരുങ്ങിയ സമയം കൊണ്ട് തന്നെ വഷളായി. ദിവസങ്ങളോളം കോമയില്‍ കിടന്നു. പിന്നീട് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായതോടെ വെന്റിലേറ്ററിലേക്കും മാറ്റി. നൂറിനടുത്ത് ദിവസങ്ങള്‍ ഫാത്തിമ വെന്റിലേറ്ററില്‍ തന്നെയായിരുന്നുവത്രേ. ആ കിടപ്പില്‍ നിന്ന് തിരിച്ച് ജീവിതത്തിലേക്ക് വരുമെന്ന് അവരെ ചികിത്സിച്ച സതാംപ്ടണ്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. 

'എല്ലാ നന്ദിയും ഇവിടത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമാണ്. അവരുടെ സേവനത്തെ എത്ര സ്തുതിച്ചാലും മതി വരില്ല. പൂര്‍ണ്ണമായി ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് കടുത്ത വേദനയില്‍ കിടക്കുമ്പോള്‍ മരിച്ചുപോയെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ പേടി കൊണ്ട് വിറങ്ങലിച്ചുപോയിട്ടുണ്ട്. ഭയാനകമായിരുന്നു ആ അവസ്ഥ...'- രോഗത്തില്‍ നിന്ന് മുക്തി നേടിയ ശേഷം ഫാത്തിമ പറയുന്നു. 

ആകെ 141 ദിവസങ്ങളാണ് ഫാത്തിമ ആശുപത്രിയില്‍ ചിലവിട്ടത്. യുകെയില്‍ ഇത്രയധികം ദിവസങ്ങള്‍ രോഗമുക്തിക്കായി എടുത്ത മറ്റൊരു കൊവിഡ് രോഗിയില്ല. അതിനാല്‍ തന്നെ അവിടെ വലിയ മാധ്യമശ്രദ്ധയാണ് ഫാത്തിമയ്ക്ക് ലഭിക്കുന്നത്. ഹെല്‍ത്ത് സെക്രട്ടറി അടക്കമുള്ളവര്‍ ഫാത്തിമയുടെ രോഗമുക്തിയില്‍ ആഹ്ലാദമറിയിച്ചിട്ടുണ്ട്. 

'മെഡിക്കല്‍ മിറാക്കിള്‍' എന്ന് മാത്രമേ ഫാത്തിമയുടെ തിരിച്ചുവരവിനെ ഭര്‍ത്താവ് ട്രാസി വിശേഷിപ്പിക്കുന്നുള്ളൂ. ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ് ഫാത്തിമ. ഭര്‍ത്താവിന്റെ രോഗവും ഭേദമായിട്ടുണ്ട്. ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ഫാത്തിമയ്ക്ക് ഇനി ആഗ്രഹം, രോഗത്തിന്റെ അവശതകള്‍ മുഴുവനായി മാറിയാല്‍ വീണ്ടും ആരോഗ്യമേഖലയില്‍ സജീവമാകണമെന്നതാണ്. കൊവിഡ് നല്‍കിയ പാഠവും കരുത്തുമെല്ലാം ഇങ്ങനെ ചിന്തിക്കാനാണ് ഫാത്തിമയെ ഇപ്പോള്‍ പ്രേരിപ്പിക്കുന്നത്. 

Also Read:- മാസ്‌ക് ധരിക്കാന്‍ മടി കാണിക്കുന്നവരൊക്കെ കാണണം, ഫാത്തിമയുടെ ജീവിതം...

click me!