യുഎസില്‍ കൊവിഡ് മരണം അഞ്ച് ലക്ഷത്തിനടുത്തെത്തുന്നു; ഭയാനകമായ അവസ്ഥയെന്ന് സർക്കാർ

By Web TeamFirst Published Feb 22, 2021, 3:06 PM IST
Highlights

2020 ഫെബ്രുവരിയിലാണ് യുഎസില്‍ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ ഒരു ലക്ഷം മരണം സംഭവിച്ചു. പിന്നീടങ്ങോട്ട് കുറഞ്ഞ സമയത്തിനുള്ളില്‍ കേസുകള്‍ കുത്തനെ വര്‍ധിക്കുകയും അതിനനുസരിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു

കൊവിഡ് 19 എന്ന മഹാമാരി ലോകത്ത് തന്നെ ഏറ്റവുമധികം തിരിച്ചടികള്‍ സമ്മാനിച്ചത് യുഎസിനായിരുന്നു. മഹാമാരിയുടെ തുടക്കം മുതല്‍ തന്നെ യുഎസ് നേരിട്ട പ്രതിസന്ധികള്‍ നിരവധിയാണ്. അനിയന്ത്രിതമാം വിധത്തില്‍ കൊവിഡ് കേസുകള്‍, മരണങ്ങള്‍, ആശുപത്രികളില്‍ ഇടമില്ലായ്മക എന്നിങ്ങനെ കടുത്ത അനിശ്ചിതാവസ്ഥകളിലൂടെ കടന്നുപോയ ശേഷം സാഹചര്യങ്ങള്‍ക്ക് അല്‍പമൊരു അയവ് സംഭവിക്കുകയാണെന്ന സൂചനകളായിരുന്നു യുഎസില്‍ നിന്ന് ഏറ്റവുമൊടുവില്‍ വന്നുകൊണ്ടിരുന്ന റിപ്പോര്‍ട്ടുകളിലെ സൂചന. 

വാക്‌സിന്‍ വിതരണം തുടങ്ങിയതും മഞ്ഞുകാലത്ത് കേസുകള്‍ കുറഞ്ഞതുമെല്ലാം യുഎസിന് ആശ്വാസമായിരുന്നു. എന്നാലിപ്പോഴിതാ ആശങ്ക ജനിപ്പിച്ചുകൊണ്ട് കൊവിഡ് മരണനിരക്ക് അഞ്ച് ലക്ഷത്തിനടുത്ത് എത്തിനില്‍ക്കുന്നതായാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. 

4,98,000 പേര്‍ കൊവിഡ് മൂലം ഇതിനോടകം മരിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊവിഡിന് മുമ്പ് ഇത്തരമൊരു സാഹചര്യത്തിലൂടെ യുഎസ് കടന്നുപോയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിക്കുന്നത്.

'ഭയാനകമാണ് ഇവിടത്തെ സാഹചര്യം. ചരിത്രം എന്ന് വേണമെങ്കില്‍ പറയാം. ഇത്തരമൊരു സാഹചര്യം കഴിഞ്ഞ നൂറ് വര്‍ഷത്തിനുള്ളില്‍ അമേരിക്ക അഭിമുഖീകരിച്ചിട്ടില്ല. കൊവിഡ് മരണങ്ങളുടെ കണക്കെടുത്ത് നോക്കിയാല്‍ അവിശ്വസനീയമായി തോന്നുന്ന തരത്തിലാണ് അതുള്ളത്. പക്ഷേ യാഥാര്‍ത്ഥ്യം അതുതന്നെയാണ്...'- യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ മെഡിക്കല്‍ ഉപദേശകന്‍ ആന്റണി ഫൗച്ചി പറയുന്നു. 

2020 ഫെബ്രുവരിയിലാണ് യുഎസില്‍ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ ഒരു ലക്ഷം മരണം സംഭവിച്ചു. പിന്നീടങ്ങോട്ട് കുറഞ്ഞ സമയത്തിനുള്ളില്‍ കേസുകള്‍ കുത്തനെ വര്‍ധിക്കുകയും അതിനനുസരിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. 

രണ്ടരക്കോടിയിലധികം ആളുകളെയാണ് ഇതുവരെ യുഎസില്‍ കൊവിഡ് പിടികൂടിയത്. ജനുവരി മുതല്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരിക തന്നെയാണെന്നും എങ്കില്‍പ്പോലും സാധാരണജീവിതത്തിലേക്ക് തിരികെയെത്താന്‍ യുഎസിന് ഇനിയുമേറെ കാത്തിരിക്കേണ്ടി വരുമെന്നും ആന്റണി ഫൗച്ചി വ്യക്തമാക്കുന്നു. 

വിവിധ മേഖലകളിലായി കൊവിഡ് സൃഷ്ടിച്ച നഷ്ടങ്ങളും യുഎസിന്റെ ഭാവിക്ക് മുകളില്‍ വെല്ലുവിളിയായി തുടരുകയാണ്. വാക്‌സിനേഷന്‍ ഫലപ്രദമായി നടത്തുകയെന്നത് തന്നെയാണ് രാജ്യം ഇപ്പോഴും മഹാമാരിയെ ചെറുക്കാനുള്ള മാര്‍ഗമായി കാണുന്നത്.

Also Read:- കൊവിഡ് 19 ചിലരില്‍ കണ്ണിന് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് പഠനം...

click me!