
രാജ്യത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനിടെ കൊവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന സ്വാബ് ടെസ്റ്റ് സ്റ്റിക്കുകള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്നതിന്റെ വീഡിയോ പുറത്ത്. മഹാരാഷ്ട്രയിലാണ് സംഭവം. താനെ ജില്ലയിലെ ഉല്ലാസ് നഗറില്‍ വീടുകള്‍ക്കകത്തിരുന്ന് സ്ത്രീകളും കുട്ടികളും ചേര്‍ന്ന് സ്റ്റിക്ക് തയ്യാറാക്കുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ തയ്യാറാക്കുന്നതും അത്യന്തം ശുചിയായ ഇടങ്ങളില്‍ വച്ചായിരിക്കണം. അല്ലാത്ത പക്ഷം അവ തന്നെ പിന്നീട് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്താം. എന്നിട്ടും ഇത്ര അലക്ഷ്യമായി കൊവിഡ് ടെസ്റ്റിനുള്ള സ്റ്റിക്കുകള്‍ തയ്യാറാക്കുന്നത് അധികൃതരുടെ അശ്രദ്ധയാണെന്ന തരത്തില്‍ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.
സംഭവം വിവാദമായതോടെ കൊവിഡ് ടെസ്റ്റിനുള്ള സ്റ്റിക്കുകള്‍ വിതരണം ചെയ്യുന്ന സപ്ലയര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) സ്ഥലത്തെത്തി പ്രദേശത്തെ വീടുകളില്‍ നിന്ന് തയ്യാറാക്കിയ സ്റ്റിക്കുകളും, അത് തയ്യാറാക്കാന്‍ വേണ്ടുന്ന സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.
ലോക്ഡൗണ്‍ കാലത്ത് ജോലി ഇല്ലാതായതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ ഇത്തരമൊരു അവസരം ലഭിച്ചപ്പോള്‍ അത് സ്വീകരിച്ചത്. ഇതില്‍ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനമെങ്കിലും ഒരാശ്വാസം ആകുമെന്ന നിലയ്ക്കാണ് തങ്ങള്‍ ഇത് ചെയ്തതെന്നാണ് അവരുടെ പ്രതികരണം. എന്നാല്‍ ഈ നിലയില്‍ സുരക്ഷാപ്രശ്‌നങ്ങളുണ്ടായിരുന്നതായി തങ്ങള്‍ മനസിലാക്കിയിരുന്നില്ലെന്നും അവര്‍ പറയുന്നു.
ഗ്ലൗസോ മാസ്‌കോ കൂടാതെ തറയിലിരുന്ന് കൊണ്ട് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം സ്റ്റിക്കുകള്‍ തയ്യാറാക്കുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam