
നമ്മുടെ ശരീരത്തിന്‍റെ, ഓരോ അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിന് പല ഘടകങ്ങളും സമയാസമയങ്ങളില്‍ ആവശ്യമായി വരാം. വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഇങ്ങനെ അവശ്യം വേണ്ടുന്ന ഘടകങ്ങളാണ്. ഇതില്‍ വൈറ്റമിനുകളെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്.
വൈറ്റമിനുകള്‍ എത്രമാത്രം പ്രധാനമാണ് എന്നത് ഇപ്പോഴും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളുടെയും ആരോഗ്യത്തിനും, അസുഖങ്ങളെ ചെറുക്കുന്നതിനുമെല്ലാം വൈറ്റമിനുകള്‍ അത്യാവശ്യമാണ്.
വൈറ്റമിൻ സി ഇല്ലെങ്കില്‍ നമ്മുടെ ചര്‍മ്മത്തിന്‍റെയും രോഗപ്രതിരോധ ശേഷിയുടെയും കാര്യം പോക്കാണ്, വൈറ്റമിൻ ഡി ഇല്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ മനുഷ്യന്‍റെ പഠനം- ജോലി- ബന്ധങ്ങള്‍ എല്ലാത്തിനെയും പ്രതികൂലമായി ബാധിക്കാം, വൈറ്റമിൻ എ ആണെങ്കില്‍ കണ്ണിനും ചര്‍മ്മത്തിനും അത്യാവശ്യം ആണ്, ബി വൈറ്റമിനുകളുടെ കുറവും നമ്മുടെ ആകെ ആരോഗ്യത്തെ അവതാളത്തിലാക്കും.
ഇങ്ങനെ ഇവയ്ക്കെല്ലാം നമ്മുടെ ശരീരത്തില്‍ കാര്യമായ റോളുണ്ട്. അതിനാല്‍ തന്നെ ഇവയിലേതെങ്കിലും കുറഞ്ഞാലും അത് നമ്മളെ ബാധിക്കും. എന്നാലോ മിക്കവരും ഇങ്ങനെയുള്ള വൈറ്റമിൻ കുറവുകളെ കുറിച്ച് അറിയാറേ ഇല്ലെന്നതാണ് സത്യം. പലരും ജീവിതത്തില്‍ ഒരിക്കല്‍ പോലും വൈറ്റമിൻ ടെസ്റ്റ് ചെയ്യാത്തവരായിരിക്കും.
ഇന്ത്യ പോലൊരു രാജ്യത്ത് വൈറ്റമിൻ ടെസ്റ്റുകള്‍ പതിവായി ചെയ്യുന്നത് ഉയര്‍ന്ന സാമ്പത്തികനില ഉള്ളവര്‍ മാത്രമാണെന്ന് പറയേണ്ടിവരും. പക്ഷേ വൈറ്റമിൻ ടെസ്റ്റുകള്‍ നമ്മള്‍ കൃത്യമായ ഇടവേളകളില്‍ ചെയ്യുന്നതാണ് ഉത്തമം. കാരണം ഏതെങ്കിലും വൈറ്റമിനുകളില്‍ കുറവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഭക്ഷണത്തിലൂടെയോ സപ്ലിമെന്‍റിലൂടെയോ നികത്തണമല്ലോ.
വൈറ്റമിനുകള്‍ അല്‍പം കുറഞ്ഞാലും ജീവിച്ചുപോകാം എന്ന് ചിന്തിക്കുകയേ അരുത്. സ്കിൻ പ്രശ്നങ്ങള്‍, ദഹനപ്രശ്നങ്ങള്‍, ക്ഷീണം, വിഷാദം, മുടി കൊഴിച്ചില്‍, എല്ല് ദുര്‍ബലമാകല്‍, ശരീരവേദന, മാനസികമായ അസ്വസ്ഥത, ഓര്‍മ്മക്കുറവ്, കാഴ്ച മങ്ങല്‍ എന്നിങ്ങനെ നമ്മുടെ നിത്യജീവിതത്തെ നരകമാക്കുന്ന എത്രയോ പ്രശ്നങ്ങളാണ് വൈറ്റമിൻ കുറവ് നമ്മളിലുണ്ടാക്കുക.
ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങളുമായി കഷ്ടപ്പെട്ട് നാം ജീവിച്ചുപോകുന്നതിലും എത്രയോ നല്ലതാണ് പരിശോധനയിലൂടെ എന്താണ് നമ്മളില്‍ കുറവുള്ളത് എന്ന് കണ്ടെത്തി അത് പരിഹരിക്കുന്നത്. മാത്രമല്ല വൈറ്റമിൻ കുറവുകള്‍ വച്ചുകൊണ്ടിരിക്കുന്നത് ഭാവിയില്‍ കൂടുതല്‍ നഷ്ടങ്ങളുണ്ടാക്കുകയും ചെയ്യാം.
ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ വൈറ്റമിൻ ടെസ്റ്റുകള്‍ ചെയ്യാൻ കഴിയുന്നിടത്തോളം ചെയ്യണം. അത് എല്ലാ വര്‍ഷവും ഒരിക്കലെങ്കിലും കുറഞ്ഞപക്ഷം ചെയ്യണം. കുറവുള്ളതിനെ ഭക്ഷണത്തിലൂടെയും സപ്ലിമെന്‍റിലൂടെയുമെല്ലാം നികത്തിയെടുക്കണം. ഇത് ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ കണ്ടറിയണം.
Also Read:- ശ്വാസകോശ രോഗങ്ങള്‍ അകറ്റാൻ ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-