'കൊറോണയ്‌ക്കൊപ്പം ജീവിക്കാന്‍ നമ്മള്‍ പഠിക്കേണ്ടതുണ്ട്...'

By Web TeamFirst Published May 8, 2020, 9:48 PM IST
Highlights

നേരത്തേ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനെ കുറിച്ചും പുതിയ പ്രതിരോധ മാര്‍ഗങ്ങള്‍ പരിശീലിക്കുന്നതിനെ കുറിച്ചും പലരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഒരുപക്ഷേ വാക്‌സിന്‍ കണ്ടെത്താന്‍ വളരെ വൈകുകയോ, കഴിയാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധിയോട് പോരാടാന്‍ നമ്മള്‍ പ്രാപ്തരാകേണ്ടതുണ്ട് എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്

ലോകരാജ്യങ്ങളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് കൊറോണ വൈറസ് വ്യാപനം തുടരുന്നത്. ഇന്ത്യയിലും സമീപദിവസങ്ങളില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ആശ്വാസകരമല്ല. കഴിഞ്ഞ ഒറ്റ ദിവസത്തില്‍ മാത്രം 3,390 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ 103 മരണവും. 

ഈ സാഹചര്യത്തില്‍ നിലവില്‍ നമ്മള്‍ പാലിക്കുന്ന പ്രതിരോധ മാര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മറ്റുചില മുന്നൊരുക്കങ്ങള്‍ കൂടി കൈക്കൊള്ളാനുള്ള സൂചനകളാണ് ആരോഗ്യവിദഗ്ധരും സര്‍ക്കാരുമെല്ലാം നല്‍കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വക്താവായ ലാവ് അഗര്‍വാള്‍ ഇന്ന് നടത്തിയ വിശദീകരണത്തിലെ ചില ശകലങ്ങളും ഇതേ സൂചനകളാണ് പങ്കുവയ്ക്കുന്നത്. 

കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ കഴിവ് നേടണമെന്നായിരുന്നു ലാവ് അഗര്‍വാള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പതിവ് വിശദീകരണത്തിനിടെ പറഞ്ഞത്. ഇതുവരെ ലോക്ഡൗണ്‍ കൃത്യമായി പാലിച്ചും സാമൂഹികാകലം സൂക്ഷിച്ചുമെല്ലാം നമ്മള്‍ അകറ്റിനിര്‍ത്തിയിരുന്ന കൊവിഡ് 19 എന്ന രോഗകാരിയോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ പ്രാപ്തരാകണമെന്ന സന്ദേശമാകാം ഈ വാക്കുകളിലുള്ളത്.

'നമ്മളിപ്പോഴും നിയന്ത്രണങ്ങളെക്കുറിച്ചും അതിലെ ഇളവുകളെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്. കൊറോണ എന്ന വൈറസിനൊപ്പം ജീവിക്കാനുള്ള കഴിവും നമ്മളിനി നേടേണ്ടതുണ്ട്. അതിനായി എന്തെല്ലാം പ്രതിരോധമാര്‍ഗങ്ങളാണ് കൈക്കൊള്ളേണ്ടതെങ്കില്‍ അവയെല്ലാം തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗവും ആയി മാറേണ്ടതുണ്ട്...'- ലാവ് അഗര്‍വാളിന്റെ വാക്കുകള്‍. 

എന്നാല്‍ എത്തരത്തിലാണ് വരുംദിവസങ്ങളില്‍, അതായത് ഈ ലോക്ഡൗണ്‍ കാലം കഴിയുമ്പോള്‍ നമ്മള്‍ കൊറോണയ്‌ക്കെതിരെ പോരാടാന്‍ തയ്യാറാകേണ്ടത് എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. ഒരുപക്ഷേ വളരെ വൈകാതെ തന്നെ അതിനുകൂടി ജനങ്ങളെ സജ്ജരാക്കാനുള്ള വിദഗ്ധ നിര്‍ദേശങ്ങള്‍ വന്നേക്കാമെന്നും ഈ ഘട്ടത്തില്‍ അനുമാനിക്കേണ്ടതുണ്ട്. 

നേരത്തേ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനെ കുറിച്ചും പുതിയ പ്രതിരോധ മാര്‍ഗങ്ങള്‍ പരിശീലിക്കുന്നതിനെ കുറിച്ചും പലരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഒരുപക്ഷേ വാക്‌സിന്‍ കണ്ടെത്താന്‍ വളരെ വൈകുകയോ, കഴിയാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധിയോട് പോരാടാന്‍ നമ്മള്‍ പ്രാപ്തരാകേണ്ടതുണ്ട് എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. 

Also Read:- 'കൊവിഡിനെതിരെ വാക്‌സിന്‍ വന്നേക്കില്ല'; നിര്‍ണ്ണായക വിവരങ്ങള്‍ പങ്കിട്ട് ലോകാരോഗ്യ സംഘടന പ്രതിനിധി...

കൂടുതല്‍ യുവാക്കളില്‍ രോഗമെത്താന്‍ സാഹചര്യമൊരുക്കുന്നതിലൂടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാമെന്ന തരത്തിലുള്ള നിര്‍ദേശങ്ങളും വന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ തീരുമാനങ്ങള്‍ വന്നിട്ടില്ല. മൂന്നാം ഘട്ട ലോക്ഡൗണ്‍ തീരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, കൊറോണയെ ഇനിയെങ്ങനെ നേരിടണം എന്നത് വലിയ ചോദ്യം തന്നെയായിരിക്കും.

click me!