Lassa Fever Symptoms: ഒരു ദശാബ്ദത്തിന് ശേഷം വീണ്ടും ലാസാ ഫീവര്‍; അറിയാം ലക്ഷണങ്ങള്‍...

Published : Feb 15, 2022, 03:06 PM ISTUpdated : Feb 15, 2022, 03:44 PM IST
Lassa Fever Symptoms: ഒരു ദശാബ്ദത്തിന് ശേഷം വീണ്ടും ലാസാ ഫീവര്‍; അറിയാം ലക്ഷണങ്ങള്‍...

Synopsis

80 ശതമാനം കേസുകളിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല എന്നാണ് യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒരു ദശാബ്ദത്തിന് ശേഷം യുകെയില്‍ വീണ്ടും ലാസാ ഫീവര്‍ (Lassa fever) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പശ്ചിമ ആഫ്രിക്കയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേരിലാണ് ലാസാ ഫീവര്‍ സ്ഥിരീകരിച്ചത്. 80 ശതമാനം കേസുകളിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല എന്നാണ് യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിന്‍റെ (European Centre for Disease Prevention and Control) റിപ്പോര്‍ട്ടില്‍ പറയുന്നത്.

എബോളയ്ക്ക് സമാനമായ ഈ രോഗം വൈറസ് അടങ്ങിയ ഭക്ഷണത്തിലൂടെയും മറ്റ് പദാര്‍ഥങ്ങളിലൂടെയുമാണ് പകരുന്നത്. വൈറസ് ബാധിതരായ എലികളുടെ മലമൂത്ര വിസര്‍ജ്ജനത്തിലൂടെയാണ് വൈറസ് ഭക്ഷണപദാര്‍ഥങ്ങളിലേക്ക് എത്തുക. ശരീരത്തിലെ സ്രവങ്ങളിലൂടെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കും ലാസാ ഫീവര്‍ പകരാം.

ലക്ഷണങ്ങള്‍...

  • പനി
  • ക്ഷീണം
  • തലവേദന
  • തൊണ്ടവേദന
  • പേശീവേദന
  • ഛര്‍ദ്ദി
  • അതിസാരം

എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 

മഹാമാരിയായി തീരാന്‍ സാധ്യതയുള്ള ലാസാ ഫീവര്‍ എബോള, ഡെങ്കു വൈറസുകളെ പോലെ മുന്‍ഗണന നല്‍കേണ്ടവയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാല്‍ യുകെയില്‍ ഇത് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത ആരോഗ്യ അധികൃതര്‍ തള്ളി കളയുന്നു. യുകെയില്‍ ലാസാ ഫീവര്‍ കേസുകള്‍ അപൂര്‍വമാണെന്നും ജനങ്ങള്‍ക്കിടയില്‍ അത്ര എളുപ്പം പടരില്ലെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് മെഡിക്കല്‍ ഓഫീസര്‍ സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു.

Also Read: എബോളയെ പ്രതിരോധിക്കാൻ വാക്സിൻ; ആദ്യ ഘട്ട പരീക്ഷണം ആരംഭിച്ച് ഓക്സ്ഫഡ് സര്‍വകലാശാല

 

കൊറോണയ്ക്ക് പിന്നാലെ 'ചപാരെ വൈറസ്'; എബോളയ്ക്ക് തുല്യമെന്ന് വിദഗ്ധര്‍

 

എബോളയ്ക്ക് തുല്യമാണെന്ന് കരുതപ്പെടുന്ന 'ചപാരെ' വൈറസിന്റെ സാന്നിധ്യം ബൊളീവിയയില്‍ കണ്ടെത്തിയിരിക്കുന്നു എന്ന് യുഎസിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' (സിഡിസി). 2003ല്‍ ബൊളീവിയയില്‍ തന്നെയുള്ള 'ചപാരെ' പ്രവിശ്യയിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തപ്പെട്ടത്. അതിനാലാണ് വൈറസിനെ ഇത്തരത്തില്‍ നാമകരണം ചെയ്തിരിക്കുന്നത്. അന്ന് വൈറസ് ബാധയില്‍ ഒരാള്‍ മരിച്ചിരുന്നു. എന്നാല്‍ പിന്നീട് 2019 വരെ ഈ വൈറസിന്റെ സാന്നിധ്യം എങ്ങും കണ്ടെത്തപ്പെട്ടില്ല. 2019ല്‍ വീണ്ടും ബൊളീവിയയിലെ കരാനാവി പ്രവിശ്യയില്‍ 'ചപാരെ'വൈറസ് അഞ്ച് പേരെ പിടികൂടി. ഇതില്‍ മൂന്ന് പേരും മരണത്തിന് കീഴടങ്ങി. 

എബോളയെ പോലെ തന്നെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വളരെ എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്ന വൈറസാണത്രേ ഇതും. പ്രധാനമായും ശരീരദ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്. എബോളയിലേത് പോലെ മസ്തിഷ്‌ക ജ്വരത്തിനാണ് 'ചപാരെ' വൈറസും കാരണമാകുന്നത്. പ്രത്യേക ചികിത്സകളൊന്നും ഇല്ലാത്തതിനാല്‍ രോഗി അനുഭവിക്കുന്ന വിഷമതകള്‍ക്കുള്ള മരുന്നുകള്‍ നല്‍കുക എന്നത് മാത്രമാണ് പരിഹാരം. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെത്തപ്പെട്ട വൈറസാണെങ്കിലും മരണനിരക്ക് വളരെ കുറവായിരുന്നതിനാല്‍ തന്നെ ഇതെക്കുറിച്ച് കൂടുകല്‍ പഠനങ്ങളൊന്നും നടന്നില്ല. അതുകൊണ്ട് വൈറസ് പിടികൂടിയാല്‍ രോഗിയില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ മുതല്‍ ചികിത്സ വരെയുള്ള വിഷയങ്ങളെ കുറിച്ച് പരിമിതമായ വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 

തലവേദന, പനി, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശീവേദന, ജോയിന്റ് പെയിന്‍, വയറുവേദന, എബോളയ്ക്ക് സമമായി ചര്‍മ്മത്തിലുണ്ടാകുന്ന പാടുകള്‍- കുമിളകള്‍, അസ്വസ്ഥത, മോണയില്‍ നിന്ന് ബ്ലീഡിംഗ്, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് 'ചപാരെ' വൈറസ് ഉണ്ടാക്കുന്ന 'ചപാരെ ഹെമറേജിക് ഫീവര്‍' ലക്ഷണങ്ങളെന്നാണ് സിഡിസി അറിയിക്കുന്നത്. വൈറസ് ബാധയേറ്റ് നാല് മുതല്‍ 21 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകുമെന്നും സിഡിസി വിശദമാക്കുന്നു. 

എലികളില്‍ നിന്നാണ് ആദ്യമായി ഈ വൈറസ് പുറത്തെത്തിയതെന്നാണ് ഗവേഷകരുടെ അനുമാനം. എലികളില്‍ നിന്ന് ഏതെങ്കിലും മാര്‍ഗത്തിലൂടെ മനുഷ്യരിലെത്തും, തുടര്‍ന്ന് മനുഷ്യരിലൂടെ രോഗം പരസ്പരം കൈമാറ്റം ചെയ്യപ്പെടും. എലികളുമായുള്ള സമ്പര്‍ക്കം പരിപൂര്‍ണ്ണമായി ഒഴിവാക്കുക, വീടും പരിസപരവും ശുചിയായി കാത്തുസൂക്ഷിക്കുക എന്നതാണ് 'ചപാരെ' വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമായി ബൊളീവിയയിലെ രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. രോഗം മനുഷ്യരിലേക്ക് വ്യാപകമായി കടന്നെത്തിയാല്‍ എബോള സൃഷ്ടിച്ചതിന് സമാനമായ ഭീകരാന്തരീക്ഷമായിരിക്കും 'ചപാരെ'യും സൃഷ്ടിക്കുക എന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?