'യൂറോപ്പില്‍ ഓരോ 17 സെക്കന്‍ഡിലും ഒരു കൊവിഡ് മരണം എന്നായിരുന്നു കണക്ക്'

By Web TeamFirst Published Nov 20, 2020, 11:55 AM IST
Highlights

രണ്ടാം തരംഗത്തില്‍ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ചതോടെ അമേരിക്കയുള്‍പ്പെടെ പല രാജ്യങ്ങളും വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി ഇനിയും വര്‍ധിക്കുമെന്നതിനാലായിരുന്നു ആ കടുത്ത തീരുമാനത്തിലേക്ക് അവര്‍ കടക്കാതിരുന്നത്

യൂറോപ്പില്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗമാണ് ഇപ്പോള്‍. പോയ ആഴ്ചയില്‍ ഓരോ പതിനേഴ് സെക്കന്‍ഡിലും ഒരു കൊവിഡ് മരണം എന്ന നിലയ്ക്കായിരുന്നു യൂറോപ്പിലെ കണക്കെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് പറയുന്നു. 

എന്നാല്‍ നിലവില്‍ യൂറോപ്പിലെ അവസ്ഥകളില്‍ നേരിയ മാറ്റം കാണിക്കുന്നുണ്ടെന്നും ഇത് ശുഭസൂചനകളാണ് നല്‍കുന്നതെന്നും ഹാന്‍സ് ക്ലൂഗ് അറിയിച്ചു. 

'നല്ല വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ അത്രമാത്രം കടന്ന് പറയാനും കഴിയില്ല. ചെറിയ സൂചനകള്‍ എന്ന് പറയാം. അതിന് അതിന്റേതായ പ്രാധാന്യവുമുണ്ട്. എങ്കിലും പല രാജ്യങ്ങളിലും ആരോഗ്യ മേഖലയിലെ പ്രതിസന്ധി തുടരുന്നുണ്ട്. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്ന അവസ്ഥയുണ്ട്. ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ വിഷമിക്കുന്നുണ്ട്...'- ക്ലൂഗ് പറയുന്നു. 

പോയ വാരത്തില്‍ ആകെ 2 മില്യണ്‍ കൊവിഡ് കേസുകളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഈ വാരമായപ്പോഴേക്ക് അത് 1.8 മില്യണ്‍ എന്ന കണക്കിലേക്ക് താഴ്ന്നിരിക്കുന്നു. യൂറോപ്പില്‍ വരും ദിവസങ്ങളിലും കൊവിഡ് കേസുകളും മരണനിരക്കും കുറയുമെന്ന് തന്നെയാണ് നിരീക്ഷകരുടെ വാദം. അതിലേക്കുള്ള തുടക്കത്തിലാണ് ഇപ്പോള്‍ യൂറോപ്പ് നില്‍ക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

രണ്ടാം തരംഗത്തില്‍ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ചതോടെ അമേരിക്കയുള്‍പ്പെടെ പല രാജ്യങ്ങൡും വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി ഇനിയും വര്‍ധിക്കുമെന്നതിനാലായിരുന്നു ആ കടുത്ത തീരുമാനത്തിലേക്ക് അവര്‍ കടക്കാതിരുന്നത്. 

കൊവിഡ് 19 പ്രതിരോധത്തിനായി ലോകവ്യാപകമായി അവലംബിച്ചിരിക്കുന്ന മാര്‍ഗമാണ് മാസ്‌ക് ധരിക്കല്‍. എന്നാല്‍ യൂറോപ്പില്‍ ഇപ്പോഴും മാസ്‌ക് ധരിക്കുന്നവരുടെ കണക്കെടുത്ത് നോക്കിയാല്‍ അത് 60 ശതമാനത്തിന് താഴെ മാത്രമാണെന്നും ഇതും സ്ഥിതിഗതികള്‍ മോശമാക്കുന്നതിന് കാരണമാകുന്നുണ്ടെന്നും ക്ലൂഗ് കൂട്ടിച്ചേര്‍ക്കുന്നു. 

Also Read:- അമേരിക്കയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 10 ലക്ഷത്തിലധികം കുട്ടികൾക്കെന്ന് ശിശുരോഗ വിദഗ്‌ദ്ധർ...

click me!