കൊവിഡ് 19; എന്തുകൊണ്ട് കൂടുതലും പുരുഷന്മാര്‍ ഇരകളാകുന്നു?

Web Desk   | others
Published : Mar 25, 2020, 05:44 PM IST
കൊവിഡ് 19; എന്തുകൊണ്ട് കൂടുതലും പുരുഷന്മാര്‍ ഇരകളാകുന്നു?

Synopsis

രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം എന്നിങ്ങനെ പല പ്രശ്‌നങ്ങളും ഉള്ളവരാണ് ലോകത്താകെയും കൊവിഡ് 19 മൂലം മരിച്ച പ്രായമായവരില്‍ മഹാഭൂരിപക്ഷം പേരും. ഇന്ത്യയിലെ അവസ്ഥയും ഏറെക്കുറെ അങ്ങനെ തന്നെ. എന്നാല്‍ എന്തുകൊണ്ടാണ് പുരുഷന്മാര്‍ കൊവിഡ് 19 ന് കൂടുതല്‍ ഇരകളാകുന്നത്? അതിന് പിന്നിലെ കാരണങ്ങളെന്താകാം?

കൊറോണ വൈറസ് ഭീതി വ്യാപകമാകുമ്പോള്‍ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് പുരുഷന്മാരും പ്രായമായവരുമാണ്. മറ്റൊന്നുമല്ല, കൊറോണ, വലിയ തോതില്‍ നാശം വിതച്ച ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെയെല്ലാം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ നിന്ന് മനസിലാക്കാനാകുന്നത് പുരുഷന്മാരും പ്രായമായവരും തന്നെയാണ് കൊവിഡ് 19ന്റെ ഏറ്റവും വലിയ ഇരകളെന്നാണ്. 

പ്രായമായവരുടെ കാര്യത്തില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും രോഗപ്രതിരോധശേഷിയുടെ കുറവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളിലുള്ള മന്ദതയുമെല്ലാമാണ് അപകടസാധ്യതകള്‍ തുറന്നിടുന്നതെന്ന് വ്യക്തമായിട്ടുണ്ട്. രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം എന്നിങ്ങനെ പല പ്രശ്‌നങ്ങളും ഉള്ളവരാണ് ലോകത്താകെയും കൊവിഡ് 19 മൂലം മരിച്ച പ്രായമായവരില്‍ മഹാഭൂരിപക്ഷം പേരും. 

ഇന്ത്യയിലെ അവസ്ഥയും ഏറെക്കുറെ അങ്ങനെ തന്നെ. എന്നാല്‍ എന്തുകൊണ്ടാണ് പുരുഷന്മാര്‍ കൊവിഡ് 19 ന് കൂടുതല്‍ ഇരകളാകുന്നത്? അതിന് പിന്നിലെ കാരണങ്ങളെന്താകാം?

 

 

നമ്മുടെ രാജ്യത്തെ മരണനിരക്ക് എടുത്തുനോക്കൂ. ഇതുവരെ 9 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ഇതില്‍ ഒരേയൊരു സ്ത്രീ മാത്രം. ഇനി കൊവിഡ് 19 ഏറ്റവുമധികം നാശം വിതച്ച ഇറ്റലിയിലെ കണക്ക് നോക്കൂ, രോഗം ബാധിച്ചവരില്‍ 60 ശതമാനവും പുരുഷന്മാരായിരുന്നു. ഇവരില്‍ തന്നെ 70 ശതമാനം പേരും മരണത്തിന് കീഴടങ്ങുകയും ചെയ്തു. ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇറാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ അവസ്ഥയും വ്യത്യസ്തമല്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 


സ്ത്രീ- പുരുഷ വ്യത്യാസം പ്രത്യക്ഷമായി നിരീക്ഷണത്തില്‍ വന്നത് കൊണ്ട് തന്നെ വൈറസ് ബാധിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നെല്ലാം ഇതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകള്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇനിയും നമുക്ക് ചെയ്യാവുന്ന മുന്നൊരുക്കങ്ങള്‍ക്കും പ്രതിരോധമാര്‍ഗങ്ങള്‍ക്കും ഇത് സഹായകമാകുമെന്ന കണക്കുകൂട്ടലിലാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു ചുവടുവയ്പ് നടത്തിയത്. എന്നാല്‍ ആദ്യം സൂചിപ്പിച്ച ചില രാജ്യങ്ങളുള്‍പ്പെടെ ആകെ ആറ് രാജ്യങ്ങള്‍ മാത്രമാണ് ഈ കണക്ക് സമര്‍പ്പിച്ചത്. അമേരിക്കയും ഇംഗ്ലണ്ടും ഉള്‍പ്പെടെ പല രാജ്യങ്ങളും ഇക്കാര്യത്തെ കുറിച്ച് പ്രതികരണങ്ങള്‍ പോലും നടത്താന്‍ തയ്യാറാകുന്നില്ലെന്നതാണ് ശ്രദ്ധേയമായ വസ്തുത.

എന്തായാലും ലഭ്യമായ വിവരങ്ങള്‍ വച്ച് കഴിയുന്നത് പോലെ പഠനങ്ങളും പരിശോദധനകളും നിരീക്ഷണങ്ങളും നടത്തിവരികയാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍. 

പൊതുവില്‍ സ്ത്രീകളെ അപേക്ഷിച്ച് മോശം ജീവിതശൈലിയുള്ളത് പുരുഷനാണെന്നും അതാകാം ഏറ്റവുമധികം പുരുഷനെ തന്നെ ഇത് ബാധിക്കാന്‍ കാരണമാകുന്നതെന്നും പ്രമുഖര്‍ വ്യക്തമാക്കുന്നു. 

'കൊവിഡ് 19നെ ലിംഗാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ നമുക്ക് മനസിലാകുന്നത് ഒരു പൊസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്, അത് പുരുഷനിലാണെങ്കില്‍ അയാളുടെ ജീവന്‍ അപകടപ്പെട്ടേക്കാവുന്ന സാധ്യതയുണ്ടല്ലോ അത് 10 മുതല്‍ 90 ശതമാനം സ്ത്രീകളില്‍ നിന്ന് കൂടുതലാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അന്വേഷിക്കുമ്പോള്‍ മനസിലാകുന്നത് പുരുഷന്റെ ആരോഗ്യത്തിലുള്ള വ്യത്യസ്തത തന്നെയാണ്. ശ്വാസകോശത്തെ ബാധിക്കുന്ന അസുഖമാണിതെന്ന് എല്ലാവര്‍ക്കും അറിയാം. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത് പുരുഷന്മാര്‍ക്കാണ്. അതേ അവസ്ഥയാണ് ഇതിലും തുടരുന്നത്...'- 'യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനി'ല്‍ ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് പ്രൊഫസരായ സാറാ ഹോക്‌സ് പറയുന്നു.

 

ഏത് രാജ്യമെടുത്ത് നോക്കിയാലും അവിടെയെല്ലാം സ്ത്രീകളെ അപേക്ഷിച്ച് പുകവലിയും മദ്യപാനവും ഇരട്ടിയിലധികം ചെയ്യുന്നത് പുരുഷന്മാരാണ്. ഇത് ഒരു സുപ്രധാന കാരണമായാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കണക്കിലെടുക്കുന്നത്. ലോകത്തില്‍ വച്ചേറ്റവുമധികം പുകവലിക്കാരുള്ളത് ചൈനയിലാണ്. 

31 കോടി 60 ലക്ഷം പുകവലിക്കാരാണ് ചൈനയിലുള്ളത്. ആകെയുള്ള പുരുഷന്മാരില്‍ 50 ശതമാനവും ചൈനയില്‍ പുകവലിക്കുമ്പോല്‍ അവിടെ 3 ശതമാനം സ്ത്രീകള്‍ മാത്രമേ പുകവലിക്കുന്നുള്ളൂ. ഇത്ര തന്നെ വരില്ലെങ്കിലും മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍ നമ്മെ ധരിപ്പിക്കുന്നത് സമാനമായ സാഹചര്യങ്ങള്‍ തന്നെയാണ് അവിടെയും നിലനില്‍ക്കുന്നതെന്നാണ്.

അതുപോലെ തന്നെ നേരത്തേ സൂചിപ്പിച്ച ആറ് രാജ്യങ്ങളിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, രക്തസമ്മര്‍ദ്ദം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ കൂടുതലും കാണപ്പെടുന്നത് പുരുഷന്മാരിലാണ്. കൊവിഡ് 19 കനത്ത പ്രഹരമേല്‍പിച്ച ഇറ്റലിയില്‍ രക്തസമ്മര്‍ദ്ദവും, അത് മുഖേനയുള്ള ടൈപ്പ് 2 പ്രമേഹവും സ്ത്രീകളെക്കാള്‍ കാണുന്നത് പുരുഷന്മാരിലാണെന്ന് പഠനങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ലഭ്യമായ ഇത്തരം കണക്കുകളെമെല്ലാം പറയാതെ പറയുന്നത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ ഇരട്ടി വെല്ലുവിളി നേരിടുന്നുവെന്നാണ്. അതിനാല്‍ തന്നെ പ്രതിരോധമാര്‍ഗങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി മനസില്‍ കരുതുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ